സര്‍ക്കാരിനെ വലിച്ചുതാഴെയിടാനുള്ള ശേഷി അമിത്ഷായ്ക്കില്ല; ഭീഷണി കേരളത്തില്‍ ചെലവാകില്ല: പിണറായി

0
3

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിനെ വലിച്ച് താഴെയിട്ടുകളയാനുള്ള ശേഷിയൊന്നും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കില്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്‍. അത് ഗുജറാത്തില്‍ പോയി പറഞ്ഞാല്‍മതിയെന്നും പാലക്കാട്ട് പികെഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് കോട്ടമൈതാനിയില്‍
നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ‘നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവണ്‍മെന്റ്. ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?’ മുഖ്യമന്ത്രി ചോദിച്ചു. ‘അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചു കളയാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വളരെ മോശമായിപ്പോകും. ഈ നാടിനെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സാധാരണ അല്‍പന്‍മാരോട് മറുപടി പറയേണ്ടതില്ല. എന്നാല്‍ ഇതിന് പിന്നില്‍ അണി നിരന്ന ചിലരുണ്ട്. അവര്‍ കൂടി അറിയാനാണ് ഇത് പറയുന്നത്. എത്ര കാലമായി ബിജെപി ഈ മണ്ണില്‍ രക്ഷപ്പെടാന്‍ നോക്കുന്നു? വല്ലതും നടന്നോ? നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ലെന്ന് ഓര്‍ക്കണം.’ മുഖ്യമന്ത്രി പറഞ്ഞു.

‘ഒറ്റക്കാര്യം മാത്രമേ സര്‍ക്കാരിന് വാശിയുള്ളൂ. സംസ്ഥാനം ഭരിയ്ക്കുന്ന സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയേ പറ്റൂ. അത് സര്‍ക്കാര്‍ ധിക്കരിക്കണോ? അങ്ങനെ വേണമെങ്കില്‍ ബിജെപി പറയട്ടെ. ഇനി നാളെ സുപ്രീംകോടതി നിലപാട് മാറ്റിയാലോ? അപ്പോള്‍ സര്‍ക്കാര്‍ അത് നോക്കും. അതില്‍ തര്‍ക്കമില്ല. എന്നാല്‍ സിപിഎമ്മിന് ഇക്കാര്യത്തിലൊരു നിലപാടുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഒരേ അവകാശമാണുള്ളത്. അത് ഞങ്ങളുടെ നിലപാട്.’ മുഖ്യമന്ത്രി വ്യക്തമാക്കി.

‘രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണോ? ശബരിമല വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. സിപിഎം വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമം നടത്തുന്ന ക്രിമിനല്‍ സംഘത്തെയാണ്.’ മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളെ സംഘപരിവാര്‍ റിക്രൂട്ട് ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘ശബരിമല റിപ്പോര്‍ട്ടിംഗിന് പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. പിറകില്‍ മൂര്‍ച്ചയുള്ള സാധനം കൊണ്ട് കുത്തിയിട്ട് ‘ഇതു പറയെടാ’ എന്നായിരുന്നു ഭീഷണി.നിങ്ങളിനിയും വന്നോളൂ, ശബരിമലയില്‍ അഴിഞ്ഞാടിക്കോളൂ എന്ന് പറയണോ? എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ നിര്‍ഭയം വരാന്‍ കഴിയണം.’ അവിടെ ഒരു അക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here