ആയുധ പൂജയും പ്രതീകാത്മക നായാട്ടും; കുറിച്യ തറവാടുകളില്‍ തുലാപ്പത്ത് ആഘോഷിച്ചു

0
43

മാനന്തവാടി: ജില്ലയിലെ കുറിച്യ തറവാടുകളില്‍ തുലാപ്പത്ത് ആഘോഷിച്ചു.സ്ത്രീ പുരുഷ ഭേദമില്ലാതെ തറവാടുകളില്‍ എല്ലാ കുടുംബാംഗങ്ങളും ആഘോഷത്തിനായി ഒത്തുചേര്‍ന്നു. ആയുധപൂജയാണ് തുലാപ്പത്ത് ആഘോഷത്തിന്റെ പ്രധാന ചടങ്ങായി നടന്നത്. ജില്ലയിലെ എല്ലാ കുറിചൃ തറവാടുകളിലും വീടുകളിലും ആഘോഷമുണ്ടായി.വാളാട് എടത്തന കുറിചൃ തറവാട്ടില്‍ വിപുലമായ പരിപാടികളോടെയാണ് തുലാപ്പത്ത് ആഘോഷം നടന്നത്.രാവിലെ ഒമ്പത് മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ 10.30 വരെ നീണ്ടു.

പുരുഷന്‍മാര്‍ തറവാട്ടിലെത്തിച്ച അമ്പുംവില്ലും അണ്ണന്‍,ചന്തു എന്നിവര്‍ ചേര്‍ന്ന് പൂജിച്ചു നല്‍കി. മറ്റ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിതോടെ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം എല്ലാവരും ചേര്‍ന്ന് പ്രതീകാത്മകമായി നായാട്ടും നടത്തി.ആയുധ പൂജയ്ക്ക് ശേഷം നായാട്ട് നടത്തി മൃഗത്തെ പിടിക്കുന്നതാണ് പതിറ്റാണ്ടുകളായി തുടരുന്ന ആചാരം. എന്നാല്‍ വനം വകുപ്പ് മൃഗവേട്ട നിരോധിച്ചതിനാലാണ് ഈ ചടങ്ങ് പ്രതീകാത്മകമായി മാത്രം നടത്തേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു.കുട്ടികളുള്‍പ്പെടെ നൂറിലേറെ പേരാണ് എടത്തനയില്‍ നടന്ന തുലാപ്പത്ത് ആഘോഷത്തില്‍ പങ്കെടുത്തത്.പ്രളയക്കെടുതികള്‍ എടത്തന പ്രദേശത്തെ കാര്യമായി ബാധിച്ചിരുന്നെങ്കിലും തുലാപ്പത്ത് ആഘോഷത്തിന് മാറ്റുകുറഞ്ഞിരുന്നില്ല.പരമ്പരാഗത നെല്‍കൃഷിയുടെ കേന്ദ്രം കൂടീയാണ് എടത്തന.പതിനഞ്ച് ഏക്കറിലാണ് ഇവിടെ ഇത്തവണ തറവാടിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്.നെല്‍കൃഷി ഉപജീവനത്തിനുമപ്പുറം ഇവരുടെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ്.മാറിയ ജീവിത സാഹചര്യത്തിലും കുറിച്യരുടെ ആചാരങ്ങള്‍ക്ക് കാര്യമായ മാറ്റം വന്നിട്ടില്ലെന്നത് തുലാപ്പത്ത് ആഘോഷം സൂചീപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here