ശബരിമല എല്ലാവരുടെയും; ഇരുമുടിക്കെട്ടില്ലാതെയും മലകയറാം; അവിശ്വാസികളെ തടയണമെന്ന ഹര്‍ജി തള്ളി

0
10

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെയും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവരെയും പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇരുമുടിക്കെട്ടില്ലാതെയും മലകയറാമെന്നും കോടതി വ്യക്തമാക്കി. ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി കേരളത്തിന്റെ മതേതരത്വ സ്വഭാവം തകര്‍ക്കുന്നതാണെന്നും കോടതി വിമര്‍ശിച്ചു.

പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ്‌വഴക്കം നിലനിന്നു പോരുന്നതാണ്. സ്ത്രീയായാലും പുരുഷനായാലും ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവ് മറയാക്കി വിഗ്രഹാരാധന എതിര്‍ക്കുന്നവരും ഇരുമുടിക്കെട്ടില്ലാത്തവരും സ്ത്രീകളും പോലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് ഭക്തര്‍ക്ക് വേദനയുണ്ടാക്കി എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്ന് എഴുതിവാങ്ങിയ ശേഷമേ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സോമനാഥ്, തിരുപ്പതി ക്ഷേത്രങ്ങളില്‍ ഈ രീതിയാണ്. ഹിന്ദു പൊതു ആരാധനാലയ പ്രവേശന നിയമത്തിലെ വ്യവസ്ഥ പാലിക്കപ്പെടണം. അഹിന്ദുക്കളെയും അവിശ്വാസികളെയും പ്രവേശിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here