തകര്‍ന്ന ആലത്തൂര്‍ -വാഴക്കോട് സംസ്ഥാനപാത നന്നാക്കാത്തതില്‍ വാഴ നട്ട് പ്രതിഷേധം

0
23
ആലത്തൂര്‍: മരം കടപുഴകിയതിനെ തുടര്‍ന്ന് തകര്‍ന്ന ആലത്തൂര്‍ -വാഴക്കോട് സംസ്ഥാനപാത നന്നാക്കാത്തതില്‍ റോഡില്‍ വാഴനട്ട്  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പ്രതിഷേധ പ്രകടനവും നടത്തി.മാസങ്ങളായി തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതിയുണ്ടായിരുന്നു. സംസ്ഥാന പാതയ്ക്കരികിലെ വാകമരം സെപ്തംബര്‍ ഏഴിനാണ് കടപുഴകിയത്.മരത്തിന്റെ വേര് റോഡിന് ഭീഷണിയാണെന്ന്  നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടും മരം മുറിച്ചുമാറ്റാത്തതു മൂലമാണ് മരം കടപുഴകി റോഡ് തകരാന്‍ കാരണമായത്.
ആലത്തൂര്‍ -വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പൂരപ്പറമ്പിനു സമീപമാണ് സംഭവം.റോഡരികിലെ പാടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വാകമരം വേരോടെ കടപുഴകി പാടത്തേക്ക് വീണതോടെയാണ്   വേരുള്ള റോഡിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നത്.മരം മുറിച്ചു മാറ്റിയെങ്കിലും വേര് എടുത്തു മാറ്റിയിട്ടില്ല.രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് പോവുമ്പോള്‍ ഇവിടെ റോഡിന്റെ വീതി കുറവ്  അപകടത്തിന് കാരണമാകുന്നുണ്ട്.
തകര്‍ന്ന റോഡ് അറിയാന്‍ വേണ്ടി വെച്ച ടാര്‍ വീപ്പകള്‍ രാത്രി കാലങ്ങളില്‍ കാണാത്തതാണ് അപകടത്തിന് കാരണമാകുന്നത്.കഴിഞ്ഞ ദിവസം രണ്ട് ബൈക്കുകള്‍ ഇവിടെ അപകടത്തില്‍ പെട്ട് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിന് കാരണമായി.പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെയും അടിയന്തിരമായി തകര്‍ന്ന ഭാഗത്തെ വേര് എടുത്തു മാറ്റി റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ടാണ് കാവശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയത്.തുടര്‍ന്ന് നടന്ന യോഗത്തില്‍ എം.സി.പ്രജിത്ത്, അജയവാസ്, ഉദയകുമാര്‍, ആഷാദ്, ബാബു, ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍, ധനേഷ്, ഉബൈദ്, എസ്.പ്രജിത്ത്, സുജിത്ത് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here