കാലുകള്‍ക്കിടയില്‍ ബ്രഷുകള്‍ കൂട്ടിപ്പിടിച്ച് പ്രണവ് വരച്ചു; വിസ്മയത്തോടെ സദസ്

0
21
പാലക്കാട്: കാലുകള്‍ക്കിടയില്‍ ബ്രഷുകള്‍ കൂട്ടിപ്പിടിച്ച് ഒച്ച്, വള്ളങ്ങള്‍, തെങ്ങ്, സൂര്യന്‍ എന്നിവകൊണ്ട് പ്രണവ് കാന്‍വാസില്‍ മലയാളത്തെ വരച്ചുവെച്ചു. ജില്ലാ ഭരണകൂടവും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം-ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടന പരിപാടിയിലാണ് മുഖ്യാതിഥിയായി എത്തിയ ചിറ്റൂര്‍ കോളേജ് വിദ്യാര്‍ഥി എം.ബി. പ്രണവ് മലയാളനാടിനെയും മലയാളഭാഷയെയും കാന്‍വാസില്‍ തത്സമയം വരച്ചിട്ടത്.
കാലുകള്‍കൊണ്ട് ചിത്രം വരച്ച് വിറ്റുകിട്ടിയ തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെ തുടര്‍ന്ന് പ്രണവ് മന്ത്രി എ.കെ ബാലന്റേതടക്കം ഒട്ടെറെ പേരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍’ എന്ന വള്ളത്തോള്‍ കവിത ഉദ്ധരിച്ച് മലയാള ഭാഷയുടെ പ്രാധാന്യം വിവരിച്ച പ്രണവ് സദസിന്റെ കൈയ്യടി നേടി. അച്ഛനുമമ്മയും തന്നെയാണ് തന്റെ കൈകളെന്നും കൈകളില്ലാത്ത വ്യക്തിയായി ആരും തന്നെ കണക്കാക്കരുതെന്നും പ്രണവ് പറഞ്ഞു. പ്രണവ് വരച്ച ചിത്രം ജീവനക്കാരില്‍ നിരവധി പേര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എ.ഡി.എമ്മിനും സബ് കലക്ടര്‍ക്കുമൊപ്പം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറിനൊപ്പം (ഇന്‍-ചാര്‍ജ്ജ്) സെല്‍ഫിയുമെടുത്താണ് പ്രണവ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here