കോഴിക്കുഞ്ഞ് വിതരണത്തിലെ തട്ടിപ്പ്: വെറ്റിനറി സര്‍ജനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

0
106

മാനന്തവാടി: കോഴിവളര്‍ത്തു കേന്ദ്രത്തില്‍ നിന്നും മോഷ്ടിച്ച കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാതെ വനിതാ സ്വയം സഹായ ഗ്രൂപ്പൂകള്‍ക്ക് വിതരണം നടത്തിയെന്ന പരാതിയില്‍ തൊണ്ടനാട് വെറ്റിനറി സര്‍ജന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു.

18 വര്‍ഷത്തോളമായി സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു വരുന്ന തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശിനിയും കേരള സര്‍ക്കാരിന്റെ കര്‍ഷകതിലകം അവാര്‍ഡ് ജേതാവുമായ പുളിയമ്പ്രം സൗദ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.വടകര കാരക്കണ്ടത്തില്‍ മുഹമ്മദ് ഫൈസല്‍(50),വയലോടി അബൂബക്കര്‍(50)വെറ്റിനറി സര്‍ജന്‍ ഡോ.ശിവദാസന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് കോറോത്ത് മീന്‍മുട്ടി റോഡിലെ റിസോര്‍ട്ട് കോമ്പൗണ്ടില്‍ കൂലി നിശ്ചയിച്ച് വളര്‍ത്താനായി 46,000 മുട്ടക്കോഴികുഞ്ഞുങ്ങളെ പരാതിക്കാരി നല്‍കിയിരുന്നു.എന്നാല്‍ നിശ്ചിത കാലാവധി കഴിഞ്ഞ് പല ദിവസങ്ങളിലായി തിരിച്ചെടുത്തപ്പോള്‍ 32,074 കുഞ്ഞുങ്ങളെ മാത്രമെ ലഭിച്ചുള്ളു. ബാക്കി 13,296 കോഴികളെ സംബന്ധിച്ച് പ്രതികള്‍ ഒളിച്ചുകളി നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തത് ഇവിടെ നിന്നും മോഷ്ടിച്ച കോഴികളാണെന്ന് കണ്ടെത്തിയത്.പൗള്‍ട്രി ഫാം ലൈസന്‍സ് മാത്രമുള്ള ഒന്നും രണ്ടും പ്രതികള്‍ പദ്ധതി നടത്തിപ്പു ചുമതലയുള്ള വെറ്റിനറി സര്‍ജനെ സ്വാധീനിച്ച് മാനദണ്ഡങ്ങള്‍ തെറ്റിച്ച് കോഴികളെ വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.എഗ്ഗര്‍ നഴ്സറി സര്‍ട്ടിഫിക്കറ്റും ടി ആര്‍ ബില്ലും വാക്സിനേഷന്‍ നല്‍കിയ വിവരവും ഇല്ലാതെയാണ് കുടംബശ്രീയംഗങ്ങള്‍ക്കുള്‍പ്പെടെ 4850 കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്.ഗൂണഭോക്താക്കളില്‍ നിന്നും കോഴിവിലയുടെ പകുതിയായ 50 രൂപാ ഈടാക്കിയാണ് കോഴികളെ നല്‍കിയത്.

ബില്‍ തുക മാറാനും ഇംപ്ലിമെന്റിംഗ് ഓഫീസര്‍ കൂടിയായ വെറ്റിനറി സര്‍ജന്‍ വഴിവിട്ട സഹായം നല്‍കിയതായും പരാതിയലുണ്ട്.പോലീസ് വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.വിതരണം ചെയ്ത കോഴി്ക്കുഞ്ഞുങ്ങള്‍ ഭൂരിഭാഗവും ചത്തൊടുങ്ങിയതായി നേരത്തെ പരാതിയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here