പരപ്പാന്തറ കുടിവെള്ളപദ്ധതി : പൈപ്പ് മാറിയെങ്കിലും കിട്ടുന്നത് തുരുമ്പുവെള്ളം

0
4

പൂഞ്ഞാര്‍: തെക്കേക്കര പഞ്ചായത്തിന് കീഴില്‍ പരപ്പാന്തറയിലുള്ള കുടിവെള്ളപദ്ധതിയുടെ പൈപ്പ് മാറിയിട്ടതോടെ കുടിവെള്ളം മുട്ടിയതിന്റെ ആഘാതത്തിലാണ് നൂറോളം കുടുംബങ്ങള്‍. അറ്റകുറ്റപ്പണികളുടെ ഭാഗമായി മാറിയിട്ട പൈപ്പ് തുരുമ്പെടുത്തതോടെ തുരുമ്പുകലര്‍ന്ന വെള്ളമാണ് ടാപ്പുകളില്‍ ലഭിക്കുന്നത്. വെള്ളം ഉപയോഗശൂന്യമാണെന്ന റിപ്പോര്‍ട്ട് കൂടിവന്നതോടെ ജലവിതരണം നിര്‍ത്തിവെച്ചു.പരപ്പാന്തറ ജനശ്രീ ജലനിധി കുടിവെള്ള വിതരണ പദ്ധതിക്കാണ് ഈ ഗതികേട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷം രൂപയും ഗുണഭോക്തൃവിഹിതമായ 20000 രൂപയും ചേര്‍ത്താണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. പുതിയ പൈപ്പിട്ട് ആഴ്ചകള്‍ക്കുള്ളില്‍ വെള്ളത്തിന്റെ നിറം മാറുകയും രുചിവ്യത്യാസം അനുഭവപ്പെടുകയും ചെയ്തു.
വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് പ്രദേശവാസികള്‍ വെള്ളം പരിശോധനയ്ക്കായി നല്‍കി. വെള്ളത്തില്‍ അമിതമായ അളവില്‍ ഇരുമ്പിന്റെ അംശമുണ്ടെന്നായിരുന്നു പരിശോധനാഫലം. വെള്ളം ഉപയോഗയോഗ്യമല്ലെന്ന റിപ്പോര്‍ട്ട്കൂടി ലഭിച്ചതോടെ രണ്ടാഴ്ചയായി ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഒന്ന്, രണ്ട് വാര്‍ഡുകളിലെ 97 കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍നിന്നു വെള്ളം വിതരണം ചെയ്തിരുന്നത്. 97-ാം നമ്പര്‍ അങ്കണവാടിയിലേക്കുള്ള ജലവിതരണവും നിലച്ചു. അങ്കണവാടിയിലേക്ക് സമീപത്തെ വീടുകളില്‍നിന്നു വെള്ളമെത്തിക്കുമ്പോള്‍, പൈപ്പ് കണക്ഷനുണ്ടായിരുന്നവര്‍ ഏറെദൂരം തലച്ചുമടായാണ് വീട്ടാവശ്യത്തിന് വെള്ളം ശേഖരിക്കുന്നത്.
കുടിവെള്ളപദ്ധതിയിലുണ്ടായ വീഴ്ച സംബന്ധിച്ച് ഗ്രാമസഭയില്‍ പരാതി ഉന്നയിക്കപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഗ്രാമപ്പഞ്ചായത്തില്‍ നല്‍കിയ പരാതിയും ഫലം കണ്ടില്ല. പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യം കരാറുകാരനോട് ഉന്നയിച്ചെങ്കിലും കരാറുകാരനും കൈമലര്‍ത്തി. ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് ഗുണഭോക്താക്കള്‍. അറ്റകുറ്റപ്പണികളില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here