വില്ലുവണ്ടിയില്‍ വന്നിറങ്ങിയ വിപ്ലവം; മഹാത്മ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയ്ക്ക് 125 വയസ്

0
431
ജോസ് ചന്ദനപ്പള്ളി
ബ്രിട്ടീഷ് നിയന്ത്രിത തിരുവിതാംകൂറില്‍ 1865-ല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൊതു നിരത്തില്‍ ചക്രം പിടുപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു.  പിന്നീട് 1870-ല്‍ എല്ലാ വഴികളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിരുപാധികം ഉപയോഗിക്കാന്‍ അനുമതി നല്‍കി.  എന്നാല്‍ രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഈ അവകാശം നിയമപരമായി സ്ഥാപിച്ചു കിട്ടുന്നതിനായിരുന്നു അയ്യങ്കാളിയുടെ  വില്ലുവണ്ടി യാത്ര.   1888-ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് സമൂഹത്തിനുണ്ടായ പുതിയ അവബോധമാണ് അയ്യങ്കാളി എന്ന ചെറുപ്പക്കാരനെ പോരാട്ടത്തിന്റെ പാതയിലേക്ക് നയിച്ചത്.  സര്‍ക്കാര്‍ കണക്കനുസരിച്ച് അക്കാലത്ത് തിരുവിതാംകൂറില്‍ 1.67 ലക്ഷം അടിമകളുണ്ടായിരുന്നു.  ഇവരെ അയ്യങ്കാളി സാധുജനങ്ങള്‍ എന്നു വിളിച്ചു.   ഇവരില്‍ ഭൂരിപക്ഷവും പുലയ സമുദായങ്ങളായിരുന്നു.  നാട്ടിലെ നിയമം സാധുജനങ്ങള്‍ക്ക് പ്രാപ്യമാക്കാന്‍ വേണ്ടിയാണ് അയ്യങ്കാളി രംഗത്തിറങ്ങിയത്.
അധ്വാന വര്‍ഗ്ഗത്തിന്റെ പടനായകനായ അയ്യങ്കാളി കേരളത്തില്‍ കീഴ്ജാതിക്കാര്‍ക്കു വേണ്ടി സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ലക്ഷ്യവുമായി 1893-ല്‍ സുപ്രസിദ്ധമായ വില്ലുവണ്ടി സമരവുമായി രംഗത്തു വന്നു.  അടിസ്ഥാനവര്‍ഗത്തെ വരിഞ്ഞുമുറുക്കിയ അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അയ്യങ്കാളി ദൃഢപ്രതിജ്ഞയെടുത്തു.  കരുത്തരായ ഏതാനും യുവാക്കളെ സംഘടിപ്പിച്ചു.  വിദഗ്ധനായ ഒരു കായികാഭ്യാസിയില്‍ നിന്നും അടിതടകള്‍ പരിശീലിച്ചു. അധികാരവര്‍ഗ്ഗത്തിനെതിരെ ഒരേറ്റുമുട്ടലിന് സ്വയം സജ്ജരായി.  കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ വിശേഷ വസ്ത്രങ്ങളണിഞ്ഞാണു അക്കാലത്ത് പ്രമാണിമാരുടെ സഞ്ചാരം.  കീഴാളരായി ചവിട്ടിത്താഴ്ത്തിയവര്‍ വഴിമാറി യാത്ര ചെയ്യണം.  ഈ കീഴ്‌വഴക്കം ലംഘിക്കാന്‍ അയ്യങ്കാളി  തീരുമാനിച്ചു.  ”വഴി ആരുടെയും സ്വന്തമല്ല. വഴിപോലെ വണ്ടിയും ആരുടെയും സ്വന്തമല്ല”.  അദ്ദേഹം ചിന്തിച്ചു.  അയ്യങ്കാളി നാഗര്‍കോവിലില്‍ നിന്ന് ഒരു വണ്ടിയും കൊഴുത്ത രണ്ടു വെളുത്ത കാളകളെയും വാങ്ങി അതില്‍ ബന്ധിച്ചു.  അവയുടെ കഴുത്തിലും കൊമ്പിലും ഓട്ടുമണികള്‍ കെട്ടി.  ഉയര്‍ന്നതരം മല്‍മല്‍ മുണ്ട് നീട്ടിയുടുത്ത് മേല്‍മുണ്ടും തലപ്പാവും ധരിച്ച് അയ്യങ്കാളി രാജകീയ പ്രൗഢിയോടെ സാഹസിക യാത്ര ആരംഭിച്ചു. വെങ്ങാനൂരില്‍ നിന്ന് ആറാലുംമൂട് ചന്തയിലേക്കും തിരിച്ച് വെങ്ങാനൂരിലേക്കും യാത്രചെയ്തു.  (ഇതിന്റെ തുടര്‍ച്ചയായി വണ്ടി ഉപേക്ഷിച്ച് രാജപാതയിലൂടെ വെങ്ങാനൂരില്‍ നിന്ന് ആറാലുംമൂട് ചന്തയിലേക്ക് പദയാത്ര നടത്തി.  ഈ പദയാത്ര ചാലിയത്തെരുവില്‍ ആക്രമിക്കപ്പെട്ടു.)  മണികിലുക്കി, കുളമ്പടിച്ച് തലകുലുക്കി കാളക്കൂട്ടന്മാര്‍ ഓടി.  കടകടശബ്ദത്തോടെ വണ്ടി ഉരുണ്ടു.  കണ്ടവര്‍ ഞെട്ടിപ്പോയി.  എന്തൊരു ധിക്കാരമാണിത്!  ”അവനെ പിടിച്ചുകെട്ടണം”.  പ്രമാണിമാര്‍ ഗര്‍ജ്ജിച്ചു.  ”ആ ധിക്കാരിയുടെ വേഷം കണ്ടോ?  എന്താണിത്?”
”എടുക്കടാ മേല്‍മുണ്ട്” പ്രമാണിമാരില്‍ ഒരാള്‍ ഗര്‍ജിച്ചു.  അയ്യങ്കാളി അതു കേട്ടതായി ഭാവിച്ചില്ല.  ഇടതു കൈകൊണ്ട് മീശ തടവി വലതു കൈ മടിക്കുത്തില്‍ താഴ്ത്തി.  അതുയര്‍ന്നതു തിളങ്ങുന്ന ഒരു കഠാരയുമായിട്ടായിരുന്നു. ”കൈയില്‍ കഠാരയും കൊക്കില്‍ ജീവനും ഉള്ളിടത്തോളം കാലം ഒരുത്തനും എന്നെ തൊടില്ല.”
”നിന്നെ പഠിപ്പിക്കുന്നുണ്ടെടാ.  ചെവിയില്‍ നുള്ളിക്കോടാ” ചട്ടമ്പികള്‍ മുന്നറിയിപ്പ് നല്കി.  ”ഓ, പഠിപ്പിക്കുന്നവര്‍ പഠിക്കുകയും ചെയ്യും” അയ്യങ്കാളി തിരിച്ചടിച്ചു.  അയ്യങ്കാളിയെ എല്ലാവര്‍ക്കും ഭയമായി.  അവര്‍ണര്‍ക്കിടയില്‍ മതിപ്പും.
അങ്കക്കലി ബാധിച്ച മാടമ്പിക്കൂട്ടം അയ്യങ്കാളിയെയും കൂട്ടരെയും എതിരിടാനും വഴിയില്‍ എറിഞ്ഞു വീഴ്ത്താനും വേണ്ടി വന്നാല്‍ കൊലപ്പെടുത്താനും കോപ്പുകൂട്ടി.  ഏറ്റുമുട്ടലുകള്‍ സാധാരണമായി.  ജന്മിത്വത്തിനെതിരെയും സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുമായി അയ്യങ്കാളി നടത്തിയ പ്രതീകാത്മക സമരമാണ് വില്ലുവണ്ടി സമരം.  അക്കാലത്ത് സവര്‍ണ്ണര്‍ക്കു മാത്രമെ വില്ലുവണ്ടിയില്‍ സഞ്ചരിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളു.  സവര്‍ണ മാടമ്പിമാരുടെ ഗര്‍വിനേറ്റ കനത്ത പ്രഹരമായിരുന്നു വില്ലുവണ്ടിയാത്ര.  ജാതിയുടെ കോട്ടകള്‍ നടുങ്ങി വിറച്ചു.  വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ കെട്ടിയ വലിയ മണികള്‍ ജാതിക്കെതിരെയുള്ള വെല്ലുവിളിപോലെ മുഴങ്ങിക്കൊണ്ടിരുന്നു.  ബാലരാമപുരത്തെ ചാലിയത്തെരുവില്‍ കറുത്ത മനുഷ്യരുടെ രക്തം തളംകെട്ടിയ വര്‍ഷമായിരുന്നു 1898.  1898 – 99 കാലയളവില്‍ കണിയാപുരം, കഴക്കൂട്ടം ബാലരാമപുരം തുടങ്ങിയ പ്രദേശങ്ങളില്ലൊം സംഘര്‍ഷങ്ങള്‍ സംഭവിച്ചു.  തെരുവുകളില്‍ അധ:സ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യങ്കാളി ആരാധ്യ പുരുഷനായയി.    സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യങ്കാളി നടത്തിയ ആ ഒറ്റയാള്‍ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്.  ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്കു കൊണ്ടുവരികയായിരുന്നു മഹാത്മ അയ്യങ്കാളി.
(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)
             ഫോണ്‍. 9496196751

LEAVE A REPLY

Please enter your comment!
Please enter your name here