കണ്ണൂര്‍ വിമാനത്താവളത്തിലെ ചിത്രങ്ങളില്‍ പഴശിരാജയുടെ ചിത്രമില്ല; മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കേരളസിംഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തും

0
10
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിനു കേവലം 33 ദിനം മാത്രം അവശേഷിക്കേ വിമാനത്താവളത്തില്‍ പഴശ്ശിരാജയുടെ ചിത്രവും സ്ഥാനം പിടിക്കും. പഴശ്ശിരാജയുടെ ഛായാചിത്രംആലേഖനം ചെയ്യുവാനുള്ള നടപടി ആരം’ിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങള്‍ ആലേഖനം ചെയ്തപ്പോഴും വിമാനത്താവളം ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍നഗരസഭ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ഒരു ചരിത്രപുരുഷന്റേയും ചിത്രം ഇല്ലാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ സുസംഘടിതമായി പടവെട്ടിയ ആദ്യ വീരദേശാഭിമാനി കേരളസിംഹമായി ഗര്‍ജ്ജനം മുഴക്കിയ കേരളവര്‍മ്മ പഴശ്ശിരാജയുടെ ഛായാചിത്രം ആലേഖനം ചെയ്യുവാനുള്ള നടപടി ആരംഭിച്ചത്.
പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനകത്ത് ചിത്രങ്ങളില്‍ പഴശ്ശിരാജയുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നീരസം പ്രകടിപ്പിച്ചതായും സൂചനയുണ്ട്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉള്‍ക്കൊള്ളുന്ന പ്രദേശത്തിനടുത്ത് പഴശ്ശി ചരിത്രങ്ങള്‍ നിലനില്‍ക്കേ മലബാറിന്റെ ചരിത്രങ്ങള്‍ വരച്ച് കാട്ടുന്ന ചിത്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ ചിത്രം ഇല്ലാത്തതാണ് മുഖ്യമന്ത്രിക്ക് നീരസമുണ്ടാക്കിയതെന്നറിയുന്നു.
വലുപ്പം സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നു ചിത്രം ഇല്ലാത്തതിനുകാരണമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായും അറിയുന്നു. ഉദ്ഘാടനത്തിന് മുമ്പ് ചിത്രം സ്ഥാപിക്കുന്നതിന് മാനേജിംഗ് ഡയറക്ടര്‍ വി. തുളസിദാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂജ്യംകണ്ടെത്തിയതിലൂടെ ലോകഗണിതശാസ്ത്രത്തിന് അമൂല്യ സംഭാവന നല്‍കിയ കേരളീയ ഗണിതശാസ്ത്രജ്ഞന്‍ ആര്യഭടന്റെ ഛായാചിത്രവും ആലേഖനം ചെയ്യുവാന്‍ ഉദ്ദേശമുണ്ട്. സാജു തുരുത്തില്‍ തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട്  ഒരുക്കിയ ചുവര്‍ ചിത്രങ്ങള്‍ എന്നിവ ടെര്‍മിനലിനകത്തു സ്ഥാനം പിടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here