ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ആഭരണ നിര്‍മ്മാതാവ് അറസ്റ്റില്‍

0
7

നാദാപുരം:മേഖലയിലെ വിവിധ ബാങ്കുകളില്‍ മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വ്യാജ ആഭരണ നിര്‍മ്മാതാവ് അറസ്റ്റില്‍.മലപ്പുറം കോലാളമ്പ് സ്വദേശി മഠത്തില്‍ വളപ്പില്‍ രാജന്‍(45) നെയാണ് നാദാപുരം എസ് ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ഇടുക്കി സ്വദേശി ബിനുമോനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി നടത്തിയ പരിശോധനയിലാണ് വാടക വീട്ടില്‍ വെച്ച് രാജന്‍ പിടിയിലായത്.മലപ്പുറം സ്വദേശിയായ രാജന്‍ തൃശ്ശൂര്‍ മാടക്കത്തറയില്‍ വീട് വാടകയ്ക്കെടുത്ത് വ്യാജ ആഭരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആഭരണ നിര്‍മ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.വര്‍ഷങ്ങളായി തൃശ്ശൂരില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു രാജന്‍.രാജന്റെ ബന്ധുവും സ്വര്‍ണ്ണ തൊഴിലാളിയുമായ ഏറണാകുളം കോതമംഗലം സ്വദേശി ഗോപിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്.ഒരു പവന്‍ തൂക്കം വരുന്ന വ്യാജ ആഭരണത്തിന് എണ്ണായിരം രൂപയ്ക്കാണ് ബിനുമോന്‍ ഗോപിയില്‍ നിന്ന് വാങ്ങുന്നത്.ഗോപി ഓര്‍ഡര്‍ നല്‍കുന്നതിനനുസരിച്ച് രാജന്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.ഗോപിയുടെ കോതമംഗലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗോപിയെ കണ്ടെത്തനായെങ്കിലും അപകടത്തില്‍ രണ്ട് കാലുകളും തകര്‍ന്ന് കിടപ്പിലായതിനാല്‍ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.ഗോപിയോട് കേസിന്റെ വിചാരണ വേളയില്‍ നാദാപുരം കോടതിയില്‍ ഹാജരാവാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇടുക്കി,തൊടുപുഴ,ഏറണാകുളം മേഖലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ബിനുമോനും സംഘവും സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്.ഇവിടങ്ങളില്‍ ഇത്തരം കേസുകളില്‍ വിചാരണകള്‍ നടന്ന് വരികയാണെന്ന് പോലീസ് പറഞ്ഞു.ഈ കേസുകളില്‍ രാജനും,ഗോപിയും പ്രതികളാണ്.പോലീസ് കസ്റ്റഡിയിലുള്ള ബിനു മോനെയും,അറസ്റ്റിലായ രാജനെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ് ഐ പറഞ്ഞു.സി പി ഒ മാരായ മനോജ് വള്ളിക്കാട്,മധു പുറമേരി,മനോജ് വളയം എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here