കാര്‍ഷിക സംസ്‌കാരം തനിമചോരാതെ നാടന്‍ നെല്‍വിത്ത് ചീറ്റേനി നട്ട് വിദ്യാര്‍ത്ഥികള്‍

0
73
പുറച്ചേരി പടിഞ്ഞാറെ വയലില്‍ പയ്യന്നൂര്‍ റോട്ടറി ക്ലബ്ബിന്റെയും പയ്യന്നൂര്‍ കോളെജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കുന്നു.

പയ്യന്നൂര്‍: കാര്‍ഷിക സംസ്‌കാരം തനമ ചോരാതെ പഠിച്ചെടുക്കാന്‍ പയ്യന്നൂര്‍ കോളെജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ വയലിലിറങ്ങി. വര്‍ഷങ്ങളായി തരിശായി കിടന്ന പടിഞ്ഞാറെ പുറച്ചേരിയിലെ വയലിലാണ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്.പയ്യന്നൂര്‍ റോട്ടറി ക്ലബ്ബിന്റെയും പയ്യന്നൂര്‍ കോളജ് എന്‍.എസ്.എസ് യൂണിറ്റ് 11ന്റെയും നേതൃത്വത്തില്‍ ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വയലിലിറങ്ങിയത്.

കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും വയലിലിറങ്ങിയപ്പോള്‍ സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുടെ അനുവാദത്തോടെ കൃഷി പണി പഠിക്കാനും അറിയാനും വയലിലിറങ്ങി. ഒന്നരേക്കര്‍ തരിശ് നിലം കൃഷിക്കായി ഒരുക്കുകയും പതിനഞ്ച് കിലോ നാടന്‍ നെല്‍ വിത്തായ ചിറ്റേനിയാണ് കൃഷി ചെയ്യാനായി ഉപയോഗിച്ചത്. ചീറ്റേനി ഞാറിന്‍ തൈകള്‍ വിദ്യാര്‍ത്ഥികള്‍ നാട്ടുകാരായ കൃഷിക്കാരുടെയും അധ്യാപകരുടെയും നിര്‍ദ്ദേശ പ്രകാരം വയലില്‍ നട്ടു. ജനുവരി മാസത്തോടെ മുന്നൂറ്റി അന്‍പത് കിലോയോളം നെല്ല് വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കായി വയലൊരുക്കിയതും വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു.കേവലം പുസ്തക പഠനത്തിന് പുറമേ ജീവിത ഗന്ധിയായ കാര്‍ഷിക സംസ്‌കാരവും അതിലുപരി അരി വിപണിയിലെത്തുന്നതുവരെയുള്ള കൃഷി രീതികള്‍ കുട്ടികള്‍ പകര്‍ന്നേകുക എന്ന ഉദ്ദേശ്യമാണ് ജൈവ കൃഷി പദ്ധതിയിലൂടെ ലക്ഷ്യമെന്ന് എന്‍.എസ്.എസ് പ്രൊജക്ട് ഓഫീസര്‍ പ്രൊഫ. രതീഷ് നാരായണന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ജയചന്ദ്രന്‍ കീഴോത്ത്, പത്മനാഭന്‍ കാവുമ്പായി, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ.അരവിന്ദാക്ഷന്‍, മുന്‍ കൃഷി ഓഫീസര്‍ ഏ.വി നാരായണന്‍, സി.ടി.നാരായണന്‍ വി.ജി നായനാര്‍ ചിറ്റേനി നാട്ടി ഉത്സവത്തിന് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here