സന്നിധാനത്ത് കര്‍ശന നിയന്ത്രണമില്ല; പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പൊലീസ്

0
13

തിരുവനന്തപുരം: സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദവുമായി പൊലീസ് രംഗത്ത്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള എല്ലാ ഭക്തര്‍ക്കും അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്തിട്ടുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് ആവശ്യമായത്ര സമയം സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത് എല്ലാ ദിവസവും രാവിലെ 3.15 മുതല്‍ പകല്‍ 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട് എന്നാണ്. അപ്പം, അരവണ എന്നിവയും ആവശ്യക്കാര്‍ക്ക് യഥേഷ്ടം ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്ന ശബരിമലയില്‍ എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കുന്നതിനായി പൊലീസ് സഹായം നല്‍കിവരുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം ലഭിക്കണമെങ്കില്‍ ആരേയും കൂടുതല്‍ നേരം സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കാന്‍ കഴിയില്ല. ക്രമിനല്‍ നടപടിചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് യഥാര്‍ത്ഥ ഭക്തര്‍ക്ക് ശബരിമലയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആള്‍ക്കാരോ അനുസരിക്കേണ്ടതായ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കാനാണ് ക്രിമിനല്‍ നടപടിചട്ടം 144 പ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളും നിലവിലെ അവസ്ഥയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പരിഗണിച്ച് ശബരിമലയിലും പരിസരങ്ങളിലും ജാഥ, പ്രകടനങ്ങള്‍, ധര്‍ണ എന്നിവ നടത്തുകയോ തീര്‍ത്ഥാടകരെ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സുരക്ഷാഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതിനോ ഭക്തര്‍ ആരാധന നടത്തുന്നത് തടയുന്നതിനോ വേണ്ടിയല്ലെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here