കെഎം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം; ആനുകൂല്യം പറ്റാനാകില്ലെന്നും സുപ്രീം കോടതി

0
16

കൊച്ചി: വര്‍ഗ്ഗീയ പ്രചരണം ആരോപിച്ച് ഹൈക്കോടതി അയോഗ്യനാക്കിയ അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതിന് സുപ്രീംകോടതി അനുവദിച്ചു. എന്നാല്‍ എംഎല്‍എയുടെ ആനുകൂല്യം പറ്റാനാകില്ല. അയോഗ്യനാക്കിയതിന് എതിരായി കെഎം ഷാജി നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കാതെ വാക്കാല്‍ ചില പരാമര്‍ശം മാത്രമാണ് പറഞ്ഞത്. തീര്‍പ്പാകും വരെ ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ല. കേസു സുപ്രീംകോടതിയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ തീര്‍പ്പാകും വരെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തനിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതിവിധി റദ്ദാക്കണമെന്നും കേസ് എത്രയും വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തി എന്നായിരുന്നു ആക്ഷേപം. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്.

ആറ് വര്‍ഷത്തേക്കാണ് കെഎം ഷാജിയെ അയോഗ്യനാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here