ആകാശ ഇരമ്പലിന് ഇനി 15 നാള്‍; പുനരധിവാസ പാക്കേജില്‍ ജോലിക്കു കയറാനിരിക്കുന്നവര്‍ ആശങ്കയില്‍

0
5

മട്ടന്നൂര്‍: വിമാനത്താവളത്തില്‍ സര്‍വ്വീസില്‍ കയറുവാനിരിക്കേ ഉദ്യോഗാര്‍ത്ഥികള്‍ പലരും ആശങ്കയില്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും മനഃസമ്മര്‍ദ്ദത്തിനുമൊടുവില്‍ പുനരധിവാസ തൊഴില്‍പാക്കേജ് പ്രകാരം കുടുംബത്തിലെ ഒരു അംഗം വീതം 26 മുതല്‍ സര്‍വ്വീസില്‍ കയറുവാനിരിക്കേയാണ് ഉദ്യോഗാര്‍ത്ഥികളെ കുഴക്കുന്ന പല കുരുക്കുkളും ഉണ്ടായത്. പലസര്‍ട്ടിഫിക്കറ്റുകളും സംഘടിപ്പിക്കുവാന്‍ പലര്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല.

17 നാണ് നിയമന അറിയിപ്പ് ലഭിച്ചത്. അന്ന് ഹര്‍ത്താലും പിറ്റേന്നു ഞായറാഴ്ചയും ചൊവ്വാഴ്ച നബിദിന അവധിയുമായിരുന്നു. ഇന്ന് 4-ാം ശനിയാഴ്ച ബാങ്ക് അവധിയും നാളെ ഞായറാഴ്ചയുമാണ്. ഇതുവരെ ലഭിച്ച ദിവസങ്ങള്‍ 19, 21, 22, 23 തീയ്യതികളാണ്. വിവിധസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാന്‍ ഒട്ടേറെ ദിവസങ്ങള്‍ ആവശ്യമായിരിക്കേ തിങ്കളാഴ്ച കാലത്ത് 10 മണിക്കുമുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ ഇവയൊക്കെ സംഘടിപ്പിക്കണം. അതുകൊണ്ടുതന്നെ പരിപൂര്‍ണ്ണ സമ്മര്‍ദ്ദത്തിലാണ് പലരും.

ജില്ലാ പൊലീസ് ഓഫീസില്‍ നിന്ന് എന്‍.ഒ.സി സംഘടിപ്പിക്കുന്നതിന് എസ്.പി ഓഫീസില്‍നിന്നു ലഭിക്കുന്ന ഫോറംപൂരിപ്പിച്ച് അവിടെ നിന്നു നിര്‍ദ്ദേശിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ കണ്ട് ഫോറം കൈമാറണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി ഫോറം ജില്ലാപൊലീസ് ഓഫീസില്‍ എത്തിച്ചാല്‍ അവിടെനിന്ന് ഉദ്യോഗാര്‍ത്ഥികള്‍ എന്‍.ഒ.സി കൈപ്പറ്റണം. തൊഴില്‍ പാക്കേജുപ്രകാരമുള്ള 156 പേര്‍, പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങി അഞ്ഞൂറോളം പേരാണ് ഉദ്യോഗാര്‍ത്ഥികളായുള്ളത്. ഇവരേക്കുറിച്ച് അന്വേഷിക്കുന്നതിന് മട്ടന്നൂരിനുപുറമേ ഇരിക്കൂര്‍, ഇരിട്ടി, മയ്യില്‍, മാലൂര്‍, മുഴക്കുന്ന് സ്റ്റേഷനുകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും ചുമതല ഭാഗിച്ചുനല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പലരും പലവഴിക്ക് അന്വേഷണത്തിലുള്ളതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാകട്ടെ നിശ്ചിത ഉദ്യോഗസ്ഥരെ കാണുവാനും പലപ്പോഴും സാധിച്ചില്ല. വിവിധ അന്വേഷണങ്ങളും നിശ്ചിത സമയത്തിനകം പൂര്‍ത്തികരിക്കേണ്ടതിനാലും വിവിധസ്ഥലങ്ങളില്‍ തുടര്‍ച്ചയായി സഞ്ചരിക്കേണ്ടതിനാലും സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പെടാപ്പാടാണുള്ളത്.

ഇത് കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ എച്ച്.ഡി.എഫ്.സി ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച് ചെക്കിന്റെ കോപ്പി നല്‍കണം. അക്കൗണ്ട് ആരംഭിക്കുവാന്‍ പാന്‍കാര്‍ഡ് ആവശ്യമാണ്. 17 നു നടന്ന തൊഴില്‍ മുഖാമുഖത്തിനു മുമ്പ് പാന്‍കാര്‍ഡിന് അപേക്ഷിച്ചെങ്കിലും പലര്‍ക്കും കിട്ടിയിട്ടില്ല. നമ്പര്‍ മാത്രം മെസ്സേജു വന്നു. ഈ നമ്പര്‍ പ്രകാരം അക്കൗണ്ട് ആരംഭിച്ചാലും പേര് അച്ചടിച്ച ചെക്ക് ലഭിക്കാന്‍്. കാലതാമസം ഉണ്ട്. ഈ വിഷമം മനസ്സിലാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിയന്തിരമായി ചെക്ക് നല്‍കുന്നതിന് വ്യാഴാഴ്ച രാത്രി വൈകിയും കിയാല്‍ ഇടപെട്ടിട്ടുണ്ട്. ഇവയൊക്കെ സംഘടിപ്പിച്ച് തിങ്കളാഴ്ച സര്‍വ്വീസില്‍ കയറാന്‍ കഴിയുമോ എന്ന് ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

ചെറിയ അക്ഷരത്തില്‍ അച്ചടിച്ച 14 പേജുള്ള അപേക്ഷാ ഫോം ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. മേല്‍വിലാസം എഴുതുന്നതിനും മറ്റും വളരെ ചെറിയ ഒരുവര മാത്രമാണുള്ളത്. അവ്യക്തമായ ഇത് പൂരിപ്പിക്കുവാനും ഉദ്യോഗാര്‍ത്ഥികള്‍ പാടുപെടുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ വിഷമം മനസ്സിലാക്കി ഫോറം പൂരിപ്പിക്കുവാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് മട്ടന്നൂര്‍ ജയകേരള സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉദ:്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

LEAVE A REPLY

Please enter your comment!
Please enter your name here