അപകടങ്ങള്‍ തുടര്‍ക്കഥകളാവുന്നു ; നവീകരണമില്ലാതെ അരുവിക്കര റോഡ്

0
58

സുനില്‍നായര്‍
നെടുമങ്ങാട്: നെടുമങ്ങാട്- അരുവിക്കര റോഡ് അപകടങ്ങളുടെ മേഖലയായി മാറുന്നു. ഇടുങ്ങിയ റോഡുകളും കൊടുംവളവുകളും ഇവിടെ അപകടങ്ങളേറെയുണ്ടാക്കുന്നു. നെടുമങ്ങാടു നിന്നു തുടങ്ങുന്ന റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷനിലേക്കെത്തുമ്പോഴേയ്ക്കും വലിയ കുഴികള്‍ താണ്ടണം. റോഡരികിലെ വാഹനപാര്‍ക്കിങ് കൂടിയാകുന്നതോടെ പ്രശ്നം സങ്കീര്‍ണമാകും. മഞ്ചയ്ക്കു സമീപമുള്ള അളവുതൂക്ക വിഭാഗത്തിന്റെ ഓഫീസിനുമുന്നില്‍ കൊടുംവളവാണ്. നിത്യവും രണ്ട് വാഹനാപകടങ്ങള്‍ ഇവിടെ പതിവാണ്. രണ്ട് ബസുകള്‍ ഒരുമിച്ചുവന്നാല്‍ പിന്നെ ഗതാഗതക്കുരുക്കാണ്. ഞെങ്ങി ഞെരുങ്ങി പോകുന്നതിനിടെ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ മിക്കപ്പോഴും സംഘര്‍ഷത്തിലാണ് കലാശിക്കാറ്.മഞ്ച ജങ്ഷന്‍മുതല്‍ കളത്തറ വരെ റോഡില്‍ കുഴികളേറെയാണ്. അടുത്തകാലത്ത് കുഴികളടച്ചെങ്കിലും വീണ്ടും കുഴികളായി. ജെ.ടി.എസ്. ജങ്ഷന്‍, വെള്ളൂര്‍കോണം എന്നിവിടങ്ങളിലും കുഴികളുണ്ട്. മുള്ളിലവിന്‍മൂടിനു സമീപമുള്ള കൊടുംവളവില്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാനായി പോലീസ് ദര്‍പ്പണം സ്ഥാപിച്ചിട്ടുണ്ട്. അരുവിക്കര പ്രധാന പാതയിലേക്കിറങ്ങേണ്ട റോഡില്‍ വന്‍കുഴികളാണ്. ബി.എഡ്. ട്രെയ്നിങ് കോളേജ്, വി.എച്ച്.എസ്.എസ്., ജെ.ടി.എസ്., പോളിടെക്നിക്, ഇ.എസ്.ഐ. ആശുപത്രി തുടങ്ങി ഇരുപതോളം സ്ഥാപനങ്ങളിലേക്കു നിത്യവും യാത്രചെയ്യുന്ന നൂറുകണക്കിനു പേരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.റോഡിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള പരാതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്.
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിനു മുമ്പും ലക്ഷങ്ങള്‍ ചെലവിട്ട് പുനരുദ്ധാരണം നടത്തി. കരാറുകാരന്‍ പോയതിന്റെ പിന്നാലെ ടാറും പോയി. ഇരുവശങ്ങളിലും ഓടകള്‍ നിര്‍മിച്ചിട്ടുമില്ല.ഈ റോഡിന്റെ നവീകരണത്തിന് 45 കോടി രൂപ കിഫ്ബിയിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here