തമിഴ്‌നാട്ടിലെ റേഷനരി കേരളത്തില്‍ ബ്രാന്‍ഡഡ് അരിയാക്കി വില്‍പന; ആധുനികയന്ത്രസംവിധാനങ്ങളിലൂടെ അരിക്ക് രൂപമാറ്റം

0
394

സുനില്‍ നായര്‍

നെടുമങ്ങാട് : തമിഴ്നാട്ടില്‍ തുച്ഛമായ വിലയ്ക്കു കിട്ടുന്ന റേഷനരി കേരളത്തില്‍ എത്തിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെ ലേബലില്‍ മുന്തിയ വിലയ്ക്ക് വില്ക്കുന്ന സംഘങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. വിവിധ ചെക്കുപോസ്റ്റുകളും കടന്നാണ് അരി ലോഡുകള്‍ കേരളത്തിലേക്ക് എത്തുന്നത്. ചില സ്വകാര്യ ഏജന്‍സികള്‍ വഴി ബ്രാന്റഡ് അരിയാക്കി രൂപമാറ്റം വരുത്തിയാണ് പൊതുവിപണിയിലെ പകല്‍ക്കൊള്ള.

ചണചാക്കുകളില്‍ വരുന്ന അരി സുരക്ഷിത താവളങ്ങളില്‍ എത്തിച്ച് പ്ളാസ്റ്റിക് ചാക്കുകളില്‍ നിറച്ചു ഭദ്രമാക്കിയാണ് അതിര്‍ത്തി കടത്തുന്നത്. അടുത്തിടെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന ഇരുനൂറു ചാക്ക് അരി പൊലീസ് പിടികൂടി സിവില്‍ സപ്ലൈസ് അധികൃതരെ ഏല്‍പിച്ചിരുന്നു. മതിയായ രേഖകളില്ലാത്ത ലോറികളില്‍ രാത്രികാലങ്ങളിലാണ് അരി കടത്ത് പുരോഗമിക്കുന്നത്. മുന്‍പ് ഭക്ഷ്യവകുപ്പ് തട്ടിപ്പ് തടയാന്‍ നടപടി ശക്തമാക്കിയപ്പോള്‍ കടത്തു സംഘങ്ങള്‍ നിശബ്ദമായിരുന്നു. എന്നാല്‍ നടപടികളില്‍ അയവ് വരുത്തിയതോടെ വീണ്ടും ഈ സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

പോലീസ് ഉള്‍പ്പടെ പിടിച്ചെടുക്കുന്ന ലോഡ്കണക്കിന് അരി പരിശോധ നടത്തി റേഷനരിയല്ലെന്ന് കാണിച്ച് തിരിച്ചുകൊടുക്കുന്നതായും ആക്ഷേപമുണ്ട്. അനധികൃത അരികടത്ത് സംഘങ്ങള്‍ക്ക് വിപുലമായ ശ്യംഖലയുടെ തണല്‍ ലഭിക്കുന്നുണ്ടെന്നതാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ അരികടത്ത് സംബന്ധിച്ച് നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ജില്ലാകളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുമ്പോഴാണ് പോലീസ് പിടികൂടിയ റേഷനരിക്ക് ജില്ലാ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് . പേരുകേട്ട നിര്‍മ്മാതക്കളുടെ ചാക്കില്‍ ഇവ നിറച്ച് വന്‍ വിലയ്ക്കാണ് വില്‍ക്കുന്നത്. റേഷനരിയെ മുന്തിയ ഇനം അരിയാക്കുന്ന ജാലവിദ്യയാണ് അരിവിപണിയില്‍ നടക്കുന്നത്. ഒരു രൂപയ്ക്കും രണ്ടുരൂപയ്ക്കും കിട്ടുന്ന റേഷനരിയെ ആധുനിക യന്ത്രത്തിന്റെ സഹായത്തോടെ പോളിഷ് ചെയ്ത് ഒറിജിനലിനെ വെല്ലുന്ന വ്യാജനാക്കി ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കുന്ന വന്‍സംഘം തന്നെയുണ്ട് കേരളത്തില്‍. രണ്ടുകോടി രൂപയാണ് ഈ യന്ത്രത്തിന്റെ വില.തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിക്കുന്ന ഒരു രൂപയുടേയും രണ്ടുരൂപയുടേയും അരി നേരെ ഇതിലേക്ക് ഇട്ടുകൊടുത്താല്‍ തിരിച്ചുകിട്ടുന്നത് ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജന്‍.

LEAVE A REPLY

Please enter your comment!
Please enter your name here