പൂമാലക്കാവ് ക്ഷേത്രത്തില്‍ തകില്‍ കൊട്ടാന്‍ ശാന്തമ്മ

0
86
മണിയറ പൂമാലക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശാന്തമ്മ തകില്‍ കൊട്ടുന്നു.

പയ്യന്നൂര്‍: മണിയറ പൂമാലക്കാവ് ഭഗവതി ക്ഷേത്ര ചടങ്ങുകളില്‍ വാദ്യത്തിന് പ്രാമാണികത്വം വഹിക്കുന്നത് ശാന്തമ്മ. ഇതര ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ ഈ പുതുമ മണിയറയിലെ പൂമാലക്കാവ് ഭഗവതിക്ഷേത്രത്തില്‍. ചടങ്ങുകള്‍ക്കെല്ലാം തകില്‍ കൊട്ടാന്‍ ശാന്തയെന്ന അന്‍പത്തിയെട്ടുകാരി. ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ക്ഷേത്ര വാദ്യത്തിന് ഒരു സ്ത്രീ പ്രാമാണികത്വം വഹിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. എം.പി ശാന്ത എന്ന അമ്മയാണ് മഹത്തായ പാരമ്പര്യം മുടക്കം കൂടാതെ അനുഷ്ഠിച്ച് പോരുന്ന ഇന്നത്തെ തലമുറയിലെ കണ്ണി.

മണിയറ ദേശത്തിന്റെ മണിവിളക്കായാണ് പൂമാലക്കാവ് ഭഗവതിക്ഷേത്രം നിലകൊള്ളുന്നത്. വലിയ മണ്‍തട്ടിന് പുറത്താണ് ക്ഷേത്രം. മണിയറ, ചെറുവിച്ചേരി,പേരൂല്‍, മുത്തത്തി എന്നീ നാല് ദേശങ്ങളുടെ നാഥയായിട്ടാണ് പൂമാല ഭഗവതി ഇവിടെ കുടികൊള്ളുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ആചാരാനുഷ്ഠാങ്ങളാല്‍ സമ്പന്നമാണ് ക്ഷേത്രം. ഇവിടെ ആചാരപരമായി തകില്‍ തലയിലേറ്റിയാണ് വായിക്കേണ്ടത്. ഏകദേശം 30 – 35 കിലോ ഭാരം വരുന്ന വാദ്യോപകരണം തലയില്‍ ഏറ്റി നടക്കുന്നത് അതിശയത്തോടെയാണ് ഭക്തജങ്ങള്‍ നോക്കി കാണുന്നത്. അന്‍പത് വര്‍ഷത്തോളമായി ശാന്തമ്മ തന്റെ സാധന തുടങ്ങിയിട്ട്. ക്ഷേത്രത്തില്‍ നടക്കുന്ന മിക്കവാറും എല്ലാ ചടങ്ങുകളിലും മുഖ്യ സ്ഥാനം വഹിക്കുന്നത് തകിലാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് കളത്തിലരി മഹോത്സവത്തിന്റെ ഭാഗമായുള്ള പെരുങ്കൊട്ട്. വളരെ ക്ലേശകരമായ വാദന ശൈലിയാണ് പെരുംകോട്ടിനുപയോഗിക്കുന്നത്. ഇതിന് മുഖ്യ സ്ഥാനം വഹിക്കുന്നത് ഇന്ന് ശാന്തമ്മയാണ്. പൂമാല ഭഗവതി മണിയറ നാട്ടിലേക്കെഴുന്നള്ളിയതിന്റെ തപിക്കുന്ന ഓര്‍മ്മയിലാണ് പെരുങ്കൊട്ട് നടക്കുന്നത്.

2010 ല്‍ ക്ഷേത്ര വാദ്യകലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് ശാന്തമ്മയെ കേരള സര്‍ക്കാര്‍ ഗുരുപൂജ പുരസ്‌ക്കാരം നല്‍കി ആദരിക്കുകയുണ്ടായി. പരേതനായ പ്രശസ്ത തെയ്യം കലാകാരന്‍ എം.പി കേളു പണിക്കരുടെ ഭാര്യയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here