ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പാര്‍ട്ടിയാണ് സി.പി.എം. ഏതൊക്കെ ഉദ്യോഗസ്ഥരെ എപ്പോള്‍ എവിടെ നിയമിക്കണമെന്ന് സി.പി.എം ഭരണനേതൃത്വത്തിലുള്ളപ്പോള്‍ നേതാക്കള്‍ക്ക് അറിയാം. നിയമനവും സ്ഥലംമാറ്റവും രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കതീതമായിരിക്കണം എന്ന് നേതാക്കള്‍ മൈതാനപ്രസംഗം നടത്താറുണ്ട്. സ്ഥലംമാറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥ സംഘടനകളുടെ സമ്മര്‍ദ്ദഫലമായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട. നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഉïെങ്കിലും ഉന്നത തസ്തികകളില്‍ സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എപ്പോഴും സ്വാധീനം ചെലുത്തും. ഇക്കാര്യത്തില്‍ തികച്ചും നിഷ്പക്ഷമായ സര്‍വ്വസംഗ പരിത്യാഗമൊന്നും ഇതുവരെ കേരളത്തില്‍ ആരും പ്രകടിപ്പിച്ചുകണ്ടിട്ടില്ല.

സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം രണ്ടര വര്‍ഷം മുമ്പ് നിലവില്‍ വരുമ്പോള്‍ ടി. പി. സെന്‍കുമാറായിരുന്നു ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി. ഒന്നരവര്‍ഷക്കാലം കൂടി ഐ.പി.എസില്‍ സര്‍വ്വീസ് ഉണ്ടായിരുന്ന സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തു തുടരാന്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട പൊലീസ് മേധാവിയെ തല്‍സ്ഥാനത്ത് തുടരാന്‍ മാറിയ സര്‍ക്കാര്‍ ഇഷ്ടപ്പെട്ടില്ല. കീഴ് വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് സെന്‍കുമാറിനെ നീക്കം ചെയ്തതിനാല്‍ അദ്ദേഹം നിയമപരിരക്ഷ തേടി. ഹൈക്കോടതിയില്‍ തന്റെ വാദഗതികള്‍ യഥാവിധി സ്ഥാപിക്കാന്‍ കഴിയാതിരുന്നതിനാല്‍ അവിടെ അദ്ദേഹം കേസ് തോറ്റു. തെളിവുകളും രേഖകളുമായി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സെന്‍കുമാറിന് അനുകൂല വിധി ലഭിച്ചു. പൊലീസ് മേധാവി എന്ന നിലയില്‍ തിരികെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവായി. പിണറായി ഗവണ്‍മെന്റിന് ആ ഉത്തരവ് മാനിക്കാന്‍ വിഷമമുണ്ടായിരുന്നു. തടസ്സവാദങ്ങള്‍ നിരത്തി പുനര്‍നിയമനം നീട്ടിക്കൊണ്ടുപോയ സര്‍ക്കാരിന് കോടതി അലക്ഷ്യകേസ് നേരിടേണ്ടി വരുമെന്നായപ്പോഴാണ് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാര്‍ നിയമിച്ച ലോക്‌നാഥ് ബഹ്‌റയെ മാറ്റി സെന്‍കുമാര്‍ പൊലീസ് മേധാവിയായി തിരിച്ചെത്തി. കാലാവധി പൂര്‍ത്തിയാക്കി പിരിയുന്നതുവരെ ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്കോ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്കോ എതിരായി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ സെന്‍കുമാര്‍ ഒരു വീഴ്ചയും വരുത്തിതായി കേട്ടില്ല.

സര്‍വ്വീസില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനത്തിനുശേഷം പിരിയുന്നവര്‍ക്കും അര്‍ഹമായ പുനര്‍നിയമനങ്ങള്‍ ലഭിക്കുന്നത് സാധാരണയാണ്. നളിനി നെറ്റോ മുതല്‍ കെ. ജയകുമാര്‍ വരെ നിരവധി ഉദ്യോഗസ്ഥപ്രമുഖര്‍ക്ക് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം സര്‍ക്കാര്‍ പല ലാവണങ്ങളില്‍ ജോലി നല്‍കിയിട്ടുണ്ട്. മാറി മാറി വരുന്ന എല്ലാ സര്‍ക്കാരുകളും ഇത്തരത്തില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാരുടെ സേവനം ഉപയോഗിക്കാറുണ്ട്. അതിലൊന്നും ആരും വലിയ അഭംഗി ചുണ്ടിക്കാട്ടുന്നില്ല. പക്ഷേ, സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ഒരു ഓഫീസറെ വൈരനിര്യാതന ബുദ്ധിയോടെ പിന്‍തുടര്‍ന്ന് തുലയ്ക്കാന്‍ ശ്രമിക്കുന്നത് ഉന്നതമായ മൂല്യബോധം പുലര്‍ത്തേണ്ട ഒരു ഭരണകൂടത്തിനോ ഭരണാധിപനോ ചേര്‍ന്ന നടപടിയല്ല. ഉന്നതമായ എന്തോ പദവികള്‍ ലഭിക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ ഇല്ലാത്ത ആരോപണങ്ങളുമായി ഹൈക്കോടതിയിലെത്തി എന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അംഗമായി സെന്‍കുമാര്‍ വരുമെന്ന് നേരത്തെ സൂചന ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് അദ്ദേഹത്തിന് സര്‍ക്കാര്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. തുടര്‍വ്യവഹാരങ്ങള്‍ ഉണ്ടാക്കി തടയാന്‍ ശ്രമിച്ചു. കള്ളക്കേസാണെന്ന് കോടതികള്‍ കണ്ടെത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നിട്ടും സര്‍ക്കാരിന് വിരമിച്ച ഈ ഉദ്യോഗസ്ഥനോടുള്ള അരിശം തീരുന്നില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ഒരു ഉദ്യോഗസ്ഥപ്രമുഖനെ ഇങ്ങനെ വേട്ടയാടിയിട്ടില്ല. സെന്‍കുമാര്‍ സര്‍ക്കാരിനോട് ചെയ്ത ദ്രോഹമെന്തെന്ന് പൊതുസമൂഹം അറിയണം. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ നായനാര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സെന്‍കുമാര്‍ പുനരന്വേഷണത്തിന് തുനിഞ്ഞതാണ് ഇപ്പോള്‍ വലിയ അപരാധമായി പിണറായി ഗവണ്‍മെന്റ് കാണുന്നത്. അതുവഴി ചാരക്കേസില്‍ പൊലീസുകാര്‍ പീഡിപ്പിച്ചതിന്റെ പേരില്‍ സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ച നമ്പി നാരായണനെ സര്‍വ്വീസിലിരിക്കെ സെന്‍കുമാറും പീഡിപ്പിച്ചിരുന്നു എന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. നമ്പി നാരായണന്‍ എഴുതിയ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിലോ ഏതെങ്കിലും ഔദ്യോഗിക രേഖയിലോ ഇല്ലാത്ത കാര്യം കുത്തിപ്പൊക്കി വിരമിച്ച ഒരു ഉദ്യോഗസ്ഥനെ മനഃപൂര്‍വ്വം വേട്ടയാടുകയാണ് സര്‍ക്കാര്‍. ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഒരിക്കലും ഭൂഷണമല്ല ഇത്തരം വൈരനിര്യാതന ബുദ്ധി. സെന്‍കുമാറിനെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ കള്ളക്കഥ പോലും ചമച്ച് കോടതിയിലെത്തുന്ന സര്‍ക്കാര്‍ ഭാവി തലമുറയോട് ഉത്തരം പറയേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here