ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില; പുറത്തേക്കെന്നു സൂചന

0
8

കൊച്ചി: ഇനിയുള്ള എട്ടു കളികളും ജയിച്ചാല്‍…, മറ്റു ടീമുകള്‍ തോറ്റാല്‍… ഇങ്ങനെ താത്വികമായ അവലോകനമാണെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും സാധ്യതയുണ്ട്. എന്നാല്‍ യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിച്ചാല്‍ 2018 ഐ.എസ്.എല്‍ ലീഗില്‍നിന്ന് ജംഷഡ്പൂരിനെതിരായ ചൊവ്വാഴ്ചത്തെ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏറെക്കുറേ പുറത്തായിക്കഴിഞ്ഞു. പത്തു കളികളില്‍നിന്ന് ഒരു വിജയവും ആറു സമനിലകളും മൂന്നു തോല്‍വിയും അടക്കം വെറും ഒമ്പതു പോയിന്റ്ാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.
എട്ടു കളികളില്‍നിന്ന് 22 പോയിന്റുള്ള ബംഗളൂരു എഫ്.സിയാണ് പോയിന്റ് നിലയില്‍ മുന്നില്‍. നോര്‍ത്ത് ഈസ്റ്റ്-18, ഗോവ-17, മുംബൈ -17, ജംഷഡ്പൂര്‍- 16, അത്‌ലറ്റിക്കോ കൊല്‍ക്കത്ത-15 എന്നിവരാണ് കേരളത്തിനു മുന്നിലുള്ളത്. ആറാമതുള്ള കൊല്‍ക്കത്തയും ഏഴാമതുള്ള കേരളവും തമ്മിലുള്ളത് ആറു പോയിന്റിന്റെ വലിയ വ്യത്യാസം. അതുകൊണ്ടുതന്നെ, ബംഗളൂരു മുതല്‍ കൊല്‍ക്കത്ത വരെയുള്ളവരില്‍നിന്ന് നാലു ടീമുകളാവും സെമിയിലേക്ക് ഇടം നേടുക.

മഴയുടെ അകമ്പടിയോടെയാണ് ചൊവ്വാഴ്ച വൈകിട്ട് കേരളവും ജംഷഡ്പൂരും തമ്മിലുള്ള കളി നടന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം സമനിലയാണിത്. പാഴാക്കിയ അവസരങ്ങളോര്‍ത്ത് നെടുവീര്‍പ്പിട്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരിക്കല്‍ക്കൂടി കൊച്ചിയില്‍നിന്നു മടക്കം.

ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 67ാം മിനിറ്റില്‍ സ്പാനിഷ് താരം കാര്‍ലോസ് കാര്‍ലോയുടെ പെനല്‍റ്റി ഗോളില്‍ മുന്നില്‍ക്കയറിയ ജംഷഡ്പുരിനെ 77ാം മിനിറ്റില്‍ ലെന്‍ ഡുംഗല്‍ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ജംഷഡ്പുരിന്റെ മൈതാനത്ത് കണ്ടുമുട്ടിയപ്പോഴും ഫലം സമനിലയായിരുന്നു. അന്ന് രïു ഗോളിനു പിന്നില്‍നിന്ന ശേഷമാണ് തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനില സ്വന്തമാക്കിയത്.
അവസരങ്ങളേറെ പാഴാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചാണ് സന്ദര്‍ശകര്‍ ലീഡു നേടിയത്. പ്രതിരോധം പൊളിഞ്ഞുനില്‍ക്കെ സോളോ മുന്നേറ്റത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനകത്തേക്കു കടക്കാനൊരുങ്ങിയ ടിം കാഹിലിനെ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഫൗള്‍ ചെയ്തതാണ് പെനല്‍റ്റിയിലേക്കു നയിച്ചത്. കിക്കെടുത്ത
കാര്‍ലോ അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 10

ഒരെണ്ണം കിട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഉണര്‍ന്നു. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോള്‍നീക്കത്തിന്റെ തുടക്കം. ജംഷഡ്പുര്‍ പ്രതിരോധം ആദ്യം ക്ലിയര്‍ ചെയ്ത പന്ത് വീണ്ടും അവരുടെ ബോക്‌സിനുള്ളിലേക്ക്. ബോക്‌സിനുള്ളില്‍ വീണ പന്തിനായി ജയ്‌റുവും ഡുംഗലും തമ്മില്‍ ഉഗ്രന്‍ പോരാട്ടം. ഇതിനിടെ പന്തു കയ്യിലൊതുക്കാന്‍ കയറിയെത്തിയ സുബ്രതോ പോളിനു പിഴച്ചു. ഡുംഗലിന്റെ കാല്‍സ്പര്‍ശത്തോടെ പന്തു വലയില്‍. സ്‌കോര്‍ 11.
ടീമിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്യുന്ന പതിവു പിന്തുണ പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും പകരം ‘സപ്പോര്‍ട്ടേഴ്‌സ്, നോട്ട് കസ്റ്റമേഴ്‌സ്’ (പിന്തുണയ്ക്കുന്നവരാണ്, ഉപഭോക്താക്കളല്ല), ‘വി ഡിസേര്‍വ് ബെറ്റര്‍’ (ഞങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു) തുടങ്ങിയ പ്രതിഷേധ ബാനറുകളുമായാണ് മഞ്ഞപ്പട സ്റ്റാന്‍ഡില്‍ ആരാധകരെത്തിയത്. വന്നവര്‍ തന്നെ എണ്ണത്തില്‍ തീരെ കുറവും. ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മല്‍സരത്തിനും മണിക്കൂറുകള്‍ക്കു മുന്‍പ് ഗാലറിയില്‍ കണ്ടിരുന്ന മഞ്ഞപ്പട അപ്രത്യക്ഷമായിരുന്നു. സ്റ്റേഡിയത്തില്‍ ആകെയുണ്ടായിരുന്നത് അവിടിവിടെയായി ഏതാനും മഞ്ഞ ജഴ്‌സിയണിഞ്ഞ ആരാധകര്‍ മാത്രം.

ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരായ ‘മഞ്ഞപ്പട’ തമ്പടിക്കാറുള്ള സ്റ്റാന്‍ഡിലും ഇക്കുറി കൊടിതോരണങ്ങളൊന്നുമുണ്ടായില്ല. കൊട്ടും കുരവയും അവിടെനിന്ന് അകന്നു. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനില വഴങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് പരിശീലകന്‍ ഡേവിഡ് ജയിംസ് ടീമിനെ അണിനിരത്തിയത്. പരുക്കേറ്റ നിക്കോള കിര്‍മാരെവിച് പുറത്തുപോയപ്പോള്‍ മുഹമ്മദ് റാക്കിപ്, മാതേയ് പോപ്ലാട്‌നിക് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്കു മാറി. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. ജിങ്കാനൊപ്പം ലെന്‍ ഡുംഗല്‍, സ്ലാവിസ സ്റ്റോയനോവിച്ച് എന്നിവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ധീരജ് സിങ്ങ് തന്നെ ഗോള്‍വല കാത്ത ടീമില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. ജംഷഡ്പുര്‍ നിരയില്‍ പരുക്കുമാറി സൂപ്പര്‍താരം ടിം കാഹില്‍ തിരിച്ചെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here