കാവശ്ശേരിയില്‍ പൂട്ടിയിട്ട വീടുകളില്‍ മോഷണം തുടരുന്നു; പോലീസ് ഇരുട്ടില്‍ തപ്പുന്നു

0
11

സുനു ചന്ദ്രന്‍ കാവശ്ശേരി

മോഷ്ടാക്കള്‍ തകര്‍ത്ത വാതില്‍.

ആലത്തൂര്‍: കാവശ്ശേരിയില്‍ പൂട്ടിയിട്ട വീടുകളില്‍ വീണ്ടും മോഷണ ശ്രമം. ബുധനാഴ്ച്ച കാവശ്ശേരി പൂരപ്പറമ്പിനു സമീപം മംഗലശ്ശേരി വീട്ടില്‍ പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ മേരിയുടെ (54) വീട്ടിലാണ് അവസാനം മോഷണം നടന്നത്.
ഇവിടെ നിന്ന് 40,000 രൂപ മൂല്യം വരുന്ന യുഎസ്, സിംഗപ്പൂര്‍ ഡോളറുകളാണ് മോഷ്ടിച്ചത്. ഇവര്‍ കോട്ടയത്ത് അമ്മയെ വിളിക്കാന്‍ പോയിരിക്കുകയായിരുന്നു. അടച്ചിട്ട വീടുകള്‍ നിരീക്ഷിച്ച് മോഷണം നടത്തുന്ന സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും വീണ്ടും മോഷണം തുടരുന്നത് പോലീസിനെ അങ്കലാപ്പിലാക്കുന്നുണ്ട്. കാവശ്ശേരി കഴനിചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ നിന്ന് ടെലിവിഷന്‍,അത്തിപ്പൊറ്റ വിചിത്രയില്‍ കുമരപ്പന്റെ വീട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ എന്നിവ മോഷ്ടിക്കപ്പെട്ടത് അടുത്തിയിടെയാണ്.
കാവശ്ശേരി വടക്കേനട ദേവീകൃപയില്‍ സുന്ദരേശന്റെ വീട്,സമീപത്തെ പെട്ടിക്കട,കാവശ്ശേരി നവനീതത്തില്‍ രാധാകൃഷ്ണന്റെ വീട്,പഞ്ചായത്ത് ഓഫീസിനു സമീപം മണി, സുധാകരന്‍ എന്നിവരുടെ കടകള്‍, പെട്രോള്‍ പമ്പിനു സമീപം കൃഷ്ണദാസിന്റെ വീട്,സുകുമാരന്റെ വീട് എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നു. ഈ സംഭവങ്ങളില്‍ ഏഴ് വര്‍ഷമായി കാവശ്ശേരി വാവുളള്യാപുരം മണലാടിക്കുഴിയില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (43),ഭാര്യ ശാന്തിമോള്‍ (27) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവര്‍ റിമാന്‍ഡിലാണ്.ഇവരുടെ അറസ്‌റ്റോടെ മോഷണ ശല്യത്തിന് അറുതിയായെന്ന് ആശ്വസിച്ചിരിക്കെയാണ് ശനിയാഴ്ച വാവുളള്യാപുരം ഗുരുകൃപയില്‍ കുഞ്ഞുലക്ഷ്മിയുടെ വീട്ടില്‍ നിന്ന് നാല് പവനും മുപ്പതിനായിരം രൂപയും കവര്‍ന്നത്.
പരക്കാട്ടുകാവിനു സമീപം വടക്കേനടയില്‍ രഞ്ജിത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച രാത്രി മോഷണം നടന്നതോടെ അറസ്റ്റിലായ ദമ്പതിമാരെ കൂടാതെ പ്രദേശം നിരീക്ഷിച്ച് മോഷണം നടത്തുന്ന സംഘം കാവശ്ശേരി കേന്ദ്രീകരിച്ചിരിക്കുന്നതായി വ്യക്തമായി. നേരത്തേ അറസ്റ്റിലായവരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here