ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വര്‍ പാലക്കാട്ട് അറസ്റ്റില്‍

0
34

പാലക്കാട്: ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് ഗവ.റസ്റ്റ് ഹൗസില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് റാന്നി കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ശബരിമല വിഷയത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുലിന് ആഴ്ചയില്‍ ഒരിക്കല്‍ പമ്പ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധി ലംഘിച്ചതിനാണ് രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരിക്കുന്നത്.

എന്നാല്‍ പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു. അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അറിയിച്ചത്.

നേരത്തെ കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. തുടര്‍ന്ന് നന്തന്‍കോട്ടെ ഫ്ളാറ്റിലെത്തിയാണ് കൊച്ചി പോലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ പരാതിയില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here