സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ പങ്ക് സാമാന്യ ജനങ്ങള്‍ക്ക് ഒരിക്കലും തള്ളിക്കളയാനാവുന്നതല്ല. കുറഞ്ഞ ചെലവില്‍ സംസ്ഥാനം ഒട്ടുക്ക് യാത്ര ചെയ്യാന്‍ ജനങ്ങള്‍ മുമ്പ് മുഖ്യമായി ആശ്രയിച്ചിരുന്നത് പൊതുമേഖലയിലുള്ള ഈ ബസ് ഗതാഗത സൗകര്യമാണ്. ട്രെയിന്‍ സര്‍വീസ് പോലെ അവശ്യമായ ഒരു സേവനമേഖലയായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നു. കെടുകാര്യസ്ഥതയും അഴിമതിയും ആ സ്ഥാപനത്തെ ക്രമത്തില്‍ നാശത്തിന്റെ വക്കിലെത്തിച്ചു. ബസ് സര്‍വീസുകള്‍ സ്വകാര്യ മേഖലയില്‍ പുഷ്ടി പ്രാപിക്കുകയും കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാവുകയും ചെയ്തു. വര്‍ഷങ്ങളായി ജനങ്ങള്‍ക്കു മേല്‍ വമ്പിച്ച ബാധ്യതയാണ് ഈ സ്ഥാപനം. എങ്കിലും കെ.എസ്.ആര്‍.ടി.സിയെ പാടെ ഇല്ലാതാക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. പതിനായിരക്കണക്കിന് ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നം മാത്രമല്ല, കോര്‍പ്പറേഷന്റെ പൊതുസേവനവും വലുതാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ രാത്രിയില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പ്രവര്‍ത്തിക്കാറില്ല. കെ.എസ്.ആര്‍.ടി.സിയുടെ സേവനം ദിവസം മുഴുവന്‍ സമയവും ലഭ്യമാണ്. ദീര്‍ഘദൂര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിയോളം കാര്യക്ഷമമല്ല മറ്റൊന്നും. സാധാരണ ജനങ്ങള്‍ക്ക് വിശ്വാസപൂര്‍വ്വം ആശ്രയിക്കാവുന്ന ഈ സേവനമേഖലയെ തകരാതെ സംരക്ഷിക്കേണ്ടത് പൊതുബാധ്യതയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തെത്തുന്ന ഉദ്യോഗസ്ഥപ്രമുഖര്‍ ചുരുങ്ങിയ കാലംകൊണ്ട് അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എഴുത്തുകാരനായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഔദ്യോഗിക സേവനത്തിനിടയില്‍ കുറച്ചുകാലം കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയായിരുന്നു. അവിടത്തെ അനുഭവങ്ങളെ വിലയിരുത്തി അദ്ദേഹം പറഞ്ഞത് ‘വൈകുണ്ഠം പരമേശ്വരന്‍ വിചാരിച്ചാലും കോര്‍പ്പറേഷന്‍ നന്നാവില്ല’ എന്നാണ്. മലയാറ്റൂരിന്റെ വിലയിരുത്തലിനു ശേഷം നീണ്ട 40 വര്‍ഷങ്ങള്‍ പിന്നിട്ടു. നന്നായില്ലെങ്കിലും കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്നുണ്ട്. പരാധീനതകള്‍ ഉണ്ട്. പോരായ്മകള്‍ അനവധിയാണ്. എങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളത്തിന് ആവശ്യമുണ്ട്. കോര്‍പ്പറേഷനിലെ
ഏത് ചെറിയ സംഭവവും വാര്‍ത്തയാകുന്നുണ്ട്. പൊതുപ്രാധാന്യം ഉള്ളതുകൊണ്ടാണത്. സ്ഥിരമായി താല്‍ക്കാലിക ജീവനക്കാരെ കൊണ്ട് ഓടിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേഷന്‍ ദൈനംദിനം പൊതുഖജനാവിനുണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എങ്കിലും ജനങ്ങള്‍ അത് സഹിക്കാന്‍ സന്നദ്ധമാണ്. കോര്‍പ്പറേഷന്‍ ഒരു വെള്ളാനയായിത്തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ല. ജീവനക്കാരെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആണെങ്കിലും അവശ്യഘട്ടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ എടുത്ത് ബസ് സര്‍വീസുകള്‍ നടത്താറുണ്ട്. അത്തരത്തില്‍ ക്രമത്തില്‍ രൂപംകൊണ്ടതാണ് എം പാനല്‍ ജീവനക്കാര്‍. പത്ത് വര്‍ഷമായി എംപാനല്‍ ജീവനക്കാരായി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ജോലി ചെയ്യുന്നു. പി.എസ്.സി വഴി നിയമിക്കപ്പെടുന്നവര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ ഒന്നും ഇവര്‍ക്ക് ബാധകമല്ല. എങ്കിലും കോര്‍പ്പറേഷന്റെ നിലനില്‍പ്പ് പോലും താല്‍ക്കാലിക ജീവനക്കാരുടെ സേവനത്തിലായിരുന്നു. കോര്‍പ്പറേഷനിലെ ഒഴിവുകള്‍ യഥാകാലം പി.എസ്.സിയെ അറിയിച്ചതിനാല്‍ എഴുത്തുപരീക്ഷ നടത്തി ആവശ്യമായ ജീവനക്കാരുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കപ്പെട്ടിരുന്നു. താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നതിനാല്‍
പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ പെട്ടവര്‍ക്ക് ജോലി ലഭിക്കാതായ സാഹചര്യത്തില്‍ അവര്‍ ഹൈക്കോടതിയെ ആശ്രയിച്ചു. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവിലൂടെ പി.എസ്.സി. റാങ്കില്‍ പെട്ടവര്‍ക്ക് നിയമനം നല്‍കാന്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായി. കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ വൈമുഖ്യം ഉണ്ടായപ്പോള്‍ കോര്‍പ്പറേഷന്‍ മേധാവികള്‍ക്കെതിരെ കോടതിയില്‍ നിന്ന് രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നു. താക്കീതും അന്ത്യശാസനവും വന്നു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് റാങ്ക് ലിസ്റ്റില്‍ ഉള്ള നാലായിരത്തിലേറെ പേര്‍ക്ക് നിയമനം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതമായി.
കൂട്ടപ്പിരിച്ചുവിടലും കൂട്ടമായ നിയമനവും പരിശീലനവുമൊക്കെ കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ താറുമാറാക്കി എന്നാണ് മനസിലാക്കുന്നത്. കഴിഞ്ഞദിവസം 1763 ബസ് സര്‍വീസുകള്‍ മുടങ്ങി. ഇതു മൂലം സംസ്ഥാനത്തുടനീളം ബസ് യാത്രക്കാര്‍ക്കുണ്ടായ ക്ലേശം ചെറുതല്ല. ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകാതെ നോക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. കാര്യങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കൂട്ടത്തോടെ ബസ് സര്‍വീസ് റദ്ദാക്കുന്ന അവസ്ഥാവിശേഷം ഒഴിവാക്കാമായിരുന്നു. ഹൈക്കോടതിയും കോര്‍പ്പറേഷനും തമ്മില്‍ ഒരു ദ്വന്ദയുദ്ധം നടത്തുന്ന പ്രതീതിയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ജനങ്ങള്‍ക്ക് തോന്നിയത്. എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ മാനുഷികമായി കണ്ട കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ തൊഴില്‍ രഹിതരായി പുറത്തുനില്‍ക്കുന്ന യുവാക്കളുടെ അവസ്ഥയെ മാനുഷികമായി സമീപിച്ചില്ല. എത്രകാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഉദ്യോഗാര്‍ത്ഥി വല്ല വിധേനയും ഒരു പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ കടന്നുകൂടുക. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും അഡൈ്വസ് മെമ്മോ ലഭിക്കാതെ നിയമന ഉത്തരവ് ഉണ്ടാവില്ല. നിരവധി റാങ്ക്‌ലിസ്റ്റുകള്‍ ലാപ്‌സായി പോയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ റാങ്ക്‌ലിസ്റ്റില്‍ പെട്ടവര്‍ നീതി നേടി കോടതിയെ സമീപിച്ചത് തെറ്റല്ല. താല്‍ക്കാലിക ജീവനക്കാരെ തിരുകിക്കയറ്റി അവരുടെ അവസരം നഷ്ടപ്പെടുത്തുന്നത് അനീതിയാണ്. ഈ പ്രശ്‌നത്തെ നിയമപരമായി സമീപിക്കേണ്ട വ്യവസ്ഥാപിത സ്ഥാപനമാണ് കോര്‍പ്പറേഷന്‍. ഒരു യാഥാസ്ഥിതിക മുതലാളിമാരെപ്പോലെ കോര്‍പ്പറേഷന്‍ മേധാവികള്‍ പെരുമാറരുത്.

LEAVE A REPLY

Please enter your comment!
Please enter your name here