കുപ്രസിദ്ധ കൊള്ളസംഘാംഗം പുട്ടാലു ഷമീര്‍ അറസ്റ്റില്‍; പിടിയിലായത് പതിറ്റാണ്ടു നീണ്ട ഒളിവുജീവിതത്തിനിടയില്‍

0
23

ചാലക്കുടി: ഒരു കാലത്ത് നാഷണല്‍ ഹൈവേയിലെ യാത്രക്കാരുടെ പേടിസ്വപ്‌നമായിരുന്ന ഏഴര കമ്പനി എന്ന കൊള്ളസംഘത്തിലെ അംഗമായ കാട്ടൂര്‍ തേക്കുംമൂല കടുങ്ങാപറമ്പില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ ഷെമീര്‍ എന്ന പുട്ടാലു ഷമീര്‍ (39) പിടിയിലായി. തൃശൂര്‍ റൂറല്‍ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്‌കരന്‍ ഐപിഎസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഷമീറിനെ പിടിച്ചത്.

പത്തു വര്‍ഷം മുന്‍പ് കൊരട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടമുറി എന്ന സ്ഥലത്തെ നാഷണല്‍ ഹൈവേയോരത്ത് വച്ച് പാതിരാത്രി ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന വഴിച്ചാല്‍ സ്വദേശിയേയും സുഹൃത്തിനേയും വാഹനം തടഞ്ഞ് നിര്‍ത്തി നമ്പര്‍ പ്ലേറ്റ് മറച്ച ഓട്ടോറിക്ഷയില്‍ വന്ന പൊന്നാമ്പി അഭിലാഷ്, കുറുവ പ്രദീപ്, വീരപ്പന്‍ ബിജു, മാഫിയ തോമന്‍, പുട്ടാലു ഷമീര്‍, കാര രതീഷ്, മുയല്‍ ബിജു, തുള്ളി പ്രദീപ്, കൊളത്തൂര്‍ രഞ്ജി മുതലായ ക്രിമിനലുകളുടെ ഏഴര കമ്പനിയെന്ന കൊള്ളസംഘം കണ്ണില്‍ മുളക് പൊടിയെറിഞ്ഞ ശേഷം വടിവാള്‍ ഇരുമ്പ് പൈപ്പ് മുതലായവ കൊണ്ടാക്രമിച്ച് യാത്രക്കാരുടെ സ്വര്‍ണമാലയും ഇരുപത്തയ്യായിരത്തി അഞ്ഞൂറു രൂപയും കൊള്ളയടിച്ച സംഭവത്തില്‍ കൊരട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇതേ സംഘം അങ്കമാലി ഭാഗത്തു നിന്നും വരുന്ന ഹോട്ടലുടമയെ കൊള്ളയടിക്കണമെന്ന ഉദ്ദേശത്തോടെ ചിറങ്ങരയില്‍ ഒരു മാരുതി കാറുമായി കാത്തു കിടക്കവേ പുലര്‍ച്ചെ ഒന്നര മണിയോടെ അതുവഴി വന്ന പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപെടുകയും പൊലിസ് മാരുതി കാര്‍ പരിശോധിച്ചപ്പോള്‍ വടിവാള്‍ ഇരുമ്പ് പൈപ്പ് മുതലായ മാരകായുധങ്ങളും മുളക് പൊടിയും മറ്റും കണ്ടെടുക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ കാറിനെ പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് കൊള്ളസംഘാംഗങ്ങളെ പറ്റി വിവരം ലഭിച്ചതും മിക്കവരും പിടിയിലായതും. ഒളിവില്‍ പോയിരുന്ന ഷമീര്‍ കേരളത്തിനത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.ഇതിനിടയില്‍ കേരളത്തിനു വെളിയിലെ എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടന്നെങ്കിലും പാസ്‌പോര്‍ട്ടിലെ കൃത്രിമത്വം കാരണം പിടിക്കപ്പെടുകയും തിരികെ ഇന്ത്യയിലേയ്ക്ക് കയറ്റി വിടുകയുമായിരുന്നു. തുടര്‍ന്ന് കര്‍ണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരവേ പ്രത്യേകാന്വേഷണ സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു.

ഷമീറിനെപ്പറ്റിയുള്ള അന്വേഷണത്തിലും അറസ്റ്റ് ചെയ്ത സംഘത്തിലും കൊരട്ടി എസഐ പി.ടി വര്‍ഗ്ഗീസ്, ്രൈകം സ്‌ക്വാഡ് എസ്‌ഐ വി.എസ് വത്സകുമാര്‍, എ എസ് ഐ ജിനു മോന്‍ തച്ചേത്ത്, സീനിയര്‍ സിപി ഒ മാരായ സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, സി പി ഒ മാരായ വി.യു സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്. പിടിയിലായ ഷമീറിനെ ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ജഡ്ജ് മുമ്പാകെ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here