അറിവിന്റെ ജനാധിപത്യവത്കരണം എന്ന തത്ത്വത്തിലൂന്നി 2007ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയ ഐ.ടി നയത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളോട് ഐക്യപ്പെട്ടും അവരെ കേരളത്തിന്റെ ഐ.ടി നയത്തിന്റെ ഭാഗമാക്കിയും വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വിവിധ പദ്ധതികള്‍, വിവര സാങ്കേതികവിദ്യ മേഖലയിലെ കുത്തകകള്‍ക്കെതിരായ രാഷ്ട്രീയ ബദലുകൂടിയായിരുന്നു.

ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കമ്പ്യൂട്ടിങ് ഫോര്‍ ഡെവലപ്‌മെന്റ് പോലുള്ള സംരംഭങ്ങള്‍ പ്രസ്തുത ഐ.ടി നയത്തിന്റെ ഭാഗമായി തുടങ്ങിയതാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് ഐ.ടി മേഖലയില്‍ പിടിമുറുക്കിയ കുത്തകകള്‍ക്കെതിരായ പോരാട്ടത്തിനുള്ള മികച്ചൊരു വേദി എന്ന നിലയില്‍ ഈ സംരംഭങ്ങള്‍ക്കൊക്കെ അന്നേ നല്ല സ്വീകാര്യത ലഭിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ കേരളത്തിലെ ഇ-ഗവേണന്‍സ്, വിദ്യാഭ്യാസ മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതൊക്കെ ഈ നയത്തിന്റെ ചുവടുപിടിച്ചാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലുള്ള ഐ.ടി ആക്ടിവിസ്റ്റ് കൂട്ടായ്മകളുടെ നിര്‍ലോഭമായ പിന്തുണയും ഈ പദ്ധതികള്‍ക്ക് ലഭിച്ചതോടെ, സംസ്ഥാനം വിപ്ലവകരമായൊരു മാറ്റത്തിലേക്കു ചുവടുവെച്ചു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളും ഐ.ടി @ സ്‌കൂള്‍ വഴി ;പൊതുവിദ്യാലയങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിജയകരമായ പരീക്ഷണത്തിന് വേദിയായത് അങ്ങനെയാണ്. സാക്ഷാല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍പോലും കേരളത്തിന്റെ ഈ ഐ.ടി വിപ്ലവത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.ഏതെങ്കിലും മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ മാത്രമേ കുത്തക സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കാവൂ എന്നാണ് സംസ്ഥാന ഐ.ടി നയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കുത്തക സോഫ്റ്റ്‌വെയറുകള്‍ വാങ്ങുമ്പോള്‍ പ്രത്യേക അനുമതിയും വാങ്ങണമെന്നാണ് ചട്ടം. ഇതൊക്കെ കാറ്റില്‍പറത്തി, ആവശ്യക്കാര്‍ക്കെല്ലാം പ്രത്യേക വില നിശ്ചയിച്ച് ‘വിന്‍ഡോസ് 10’ വാങ്ങാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍തന്നെ ഐ.ടി നയത്തില്‍നിന്നുള്ള തിരിച്ചുപോക്കും മറ്റൊരര്‍ഥത്തില്‍ അഴിമതിയുമാണ്.

ഈ സാഹചര്യത്തിലും ‘വിന്‍ഡോസു’കളോടുള്ള ഭ്രമമാണ് ഈ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കെങ്കില്‍, അത് കുത്തക സോഫ്റ്റ്‌വെയറുകള്‍ക്ക് പരവതാനി വിരിക്കലല്ലാതെ മറ്റെന്താണ്കുത്തകകളെ പൂര്‍ണമായും മാറ്റിനിര്‍ത്തി, തദ്ദേശീയവും താരതമ്യേന ചെലവുകുറഞ്ഞതുമായ മറ്റൊന്നിന്റെ ഉപയോഗം എന്നതല്ല യഥാര്‍ഥത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രസക്തമാക്കുന്നത്. മറിച്ച്, അവ മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്ട്രീയം കൂടിയാണ്. വിവര സാങ്കേതികവിദ്യലോകത്ത് ‘ഉടമസ്ഥത’ എന്ന സങ്കല്‍പം അതിസങ്കീര്‍ണമാണ്. ഓരോ വര്‍ഷവും പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ അതെല്ലാം വാങ്ങാനുള്ള സാമ്പത്തികശേഷി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്ടാവില്ലല്ലോ. അപ്പോള്‍ സോഫ്റ്റ്‌വെയര്‍ മോഷണം മാത്രമാകും പോംവഴി. ഇത്തരം അനധികൃത പതിപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് എത്രമാത്രം ആശാസ്യകരമാണ്. ഇവിടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പ്രസക്തമാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുതന്നെ അവരുടെ ആവശ്യാനുസരണം സ്വയം വികസിപ്പിക്കാന്‍ കഴിവുള്ള അല്ലെങ്കില്‍ അതിന് അനുവാദമുള്ള ഒരു സംവിധാനമാണിത്. ആ അറിവുകളെ നിയന്ത്രിക്കുകയല്ല; മറിച്ച് പങ്കുവെക്കുകയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. കുത്തക സോഫ്റ്റ്‌വെയറുകളാകട്ടെ, അറിവുകളെ പാടെ റദ്ദാക്കുകയും ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം ഇന്ത്യയടക്കം 150 രാജ്യങ്ങളില്‍ നടന്ന വാണക്രൈ സൈബര്‍ ആക്രമണം നാം മറന്നിട്ടില്ല. 2.3 ലക്ഷം വിന്‍ഡോസ് കമ്പ്യൂട്ടറുകളെ ലക്ഷ്യംവെച്ച് നടന്ന സൈബര്‍ ആക്രമണം ഇത്തരം ‘കുത്തക’കളുടെ സുരക്ഷയെ സംബന്ധിച്ച് പല ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട ഈ സൈബര്‍ ആക്രമണം, ഇത്തരം കുത്തകകളെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുള്ള വലിയ വെല്ലുവിളിയായിരുന്നു. മാത്രമല്ല, കുത്തക കമ്പനികളും വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള അവിഹിതബന്ധം ഇതിനകംതന്നെ വെളിപ്പെട്ടതുമാണ്. സാങ്കേതിക സമൂഹം അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഈ അര്‍ഥത്തിലെല്ലാം സുരക്ഷിതമാണ്. വസ്തുതകള്‍ ഇതായിരിക്കെ, പിന്നെയും ഉദ്യോഗസ്ഥര്‍ കുത്തകകള്‍ക്കു പിന്നാലെ പോകുന്നുവെങ്കില്‍ അത് നിയന്ത്രിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഐ.ടി മേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെങ്കില്‍ അത്തരമൊരു ഇടപെടല്‍കൂടിയേ തീരൂ.

LEAVE A REPLY

Please enter your comment!
Please enter your name here