ശിവഗിരി തീര്‍ത്ഥാടനം: എന്ത്? എന്തിന്? ശ്രീനാരായണ ഗുരുദേവന്റെ വാക്കുകളിലൂടെ

0
1055

ഗായത്രി വാര്യര്‍
1928 ജനുവരി 19ന് ശ്രീനാരായണ ഗുരുദേവന്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തിനരികിലുള്ള മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ. കിട്ടന്‍ റൈട്ടര്‍ എന്നീ പ്രമുഖ വ്യക്തികള്‍ ഗുരുവിനെ സമീപിക്കുകയും ശിവഗിരിയിലേക്ക് തീര്‍ത്ഥാടനം നടത്തുവാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു.

ആ സംഭാഷണം താഴെ ചേര്‍ക്കുന്നു
വൈദ്യര്‍: റൈട്ടര്‍ക്ക് തൃപ്പാദസന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ച് അനുവാദകല്‍പ്പന വാങ്ങിപ്പാനുണ്ട്.
ഗുരു: എന്താണ്? പറയാമല്ലോ.
വൈദ്യര്‍: കാര്യങ്ങള്‍ ചോദ്യരൂപത്തില്‍ അക്കമിട്ട് എഴുതിവച്ചിരിയ്ക്കുകയാണ്. കല്‍പ്പിച്ചാല്‍ റൈട്ടര്‍ വായിച്ചുകൊള്ളും.
റൈട്ടര്‍: ശിവഗിരി തീര്‍ത്ഥാടനം എന്ന് വായിച്ചു.
ഗുരു:തീര്‍ത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം. നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിയ്ക്കാം. ശാരദാദേവിയെ വന്ദിയ്ക്കുകയും ചെയ്യാം. നല്ല കാര്യം. വായിയ്ക്കണം. കേള്‍ക്കട്ടെ.
റൈട്ടര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പ്പിച്ച് അനുവദിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.
ഗുരു: വര്‍ക്കല ജനാര്‍ദ്ധനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരി കൂടി പുണ്യസ്ഥലമാകുമോ?
റൈട്ടര്‍: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങള്‍ കല്‍പ്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്‍പ്പന ഉണ്ടായാല്‍ മതി.
ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിയ്ക്കുന്നു അല്ലേ?
വൈദ്യര്‍: ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിയ്ക്കുന്നു.
ഗുരു: അപ്പോള്‍ ഞാന്‍ പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിയ്ക്കുകയും ചെയ്താല്‍ ആകെ മൂന്നുപേരായി. മതിയാകുമോ?.
വൈദ്യര്‍: കല്‍പ്പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപത് ലക്ഷവും ഞങ്ങളെപ്പോലെയുള്ള മറ്റ് അധഃകൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യും.
ഗുരു: വിശ്വാസമുണ്ടല്ലോ. കൊള്ളാം. അനുവാദം തന്നിരിയ്ക്കുന്നു.
റൈട്ടര്‍: തീര്‍ത്ഥാടകര്‍ ആണ്ടിലൊരിയ്ക്കല്‍ ശിവഗിരിയില്‍ വരണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. അത് എപ്പോള്‍, ഏത് മാസം, തീയതി, ആഴ്ച, നക്ഷത്രം ആയിരിക്കേണമെന്ന് കല്‍പ്പന ഉണ്ടായിരിയ്ക്കണം.
ഗുരു: തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്ന് കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി. അത് നമ്മുടെ കണക്കിനു ധനു മാസം പതിനാറ് പതിനേഴ് തീയതികളിലായിരിയ്ക്കും. അത് കൊള്ളാം നല്ല സമയം.
റൈട്ടര്‍: തീര്‍ത്ഥാടകര്‍ വല്ല വ്രതവും ആചരിയ്ക്കണമോ? അതിന്റെ രീതികള്‍ക്ക് കല്‍പ്പന ഉണ്ടാകണം.
ഗുരു: നീണ്ട വ്രതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്ന് വരില്ല. പത്ത് ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോട് കൂടി ആചരിച്ചാല്‍ മതിയാകും. വൈദ്യര്‍ എന്ത് പറയുന്നു?
വൈദ്യര്‍: കല്‍പ്പിച്ചതു ധാരാളം മതിയാകും.
ഗുരു: കൊള്ളാം അത് മതി നന്നായിരിയ്ക്കും.
റൈട്ടര്‍: തീര്‍ത്ഥാടകരുടെ വസ്ത്രധാരണരീതിയില്‍ വല്ല പ്രത്യേകതയും ഉണ്ടായിരിയ്ക്കണമോ?
ഗുരു: വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടെത്. കാഷായം സംന്യാസിമാര്‍ക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്‍ക്ക്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. അത് കൊള്ളാം നന്നായിരിയ്ക്കും.

തീര്‍ത്ഥാടകര്‍ രുദ്രാക്ഷം ധരിയ്ക്കണമോ?
ഗുരു: വേണ്ട, രുദ്രാക്ഷം കുറേ ഉരച്ച് പച്ചവെള്ളത്തില്‍ കുടിയ്ക്കുന്നത് നന്നായിരിയ്ക്കും. ഗുണമുണ്ടാകാതെയിരിയ്ക്കില്ല.
ഗുരു: ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ?
റൈട്ടര്‍: ഇനി ഒന്നുമില്ല.
ഗുരു: ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധി അറിയാമോ വൈദ്യര്‍ക്ക്?
വൈദ്യര്‍: അറിയാം, ഗുരു: പറയണം കേള്‍ക്കട്ടെ.
വൈദ്യര്‍:ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക് ശുദ്ധി, കര്‍മ്മശുദ്ധി.
ഗുരു:ശരി, ഇതനുഷ്ഠിച്ചാല്‍ മതിയാകും.മഞ്ഞവസ്ത്രം എന്ന് പറഞ്ഞതിനു മഞ്ഞപ്പട്ട് വാങ്ങിയ്ക്കാന്‍ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിയ്ക്കുന്ന വെള്ളവസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചാല്‍ മതി.പിന്നീട് അലക്കിത്തെളിച്ച് എടുത്ത്‌കൊള്ളാമല്ലോ.യാത്ര ആര്‍ഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്‌തോത്രങ്ങള്‍ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. തീര്‍ത്ഥയാത്രയുടെ പേരില്‍ ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. കോട്ടയത്ത് നിന്ന് ഒരാള്‍ ശിവഗിരിയ്ക്ക് പോയി രണ്ട് ദിവസം താമസിച്ച് തിരികെ വരുന്നതിന് എന്ത് ചെലവു വരുമെന്ന് നോക്കാം. അല്‍പ്പനേരം കണക്കുകൂട്ടുന്നതിനായി ആലോചിച്ചിട്ട്, മൂന്നു രൂപായുണ്ടെങ്കില്‍ കുറച്ച് ചക്രം മിച്ചമുണ്ടായിരിയ്ക്കും.അത് ധാരാളം മതിയാകും. ഈഴവര്‍ പണമുണ്ടാക്കും. പക്ഷേ മുഴുവന്‍ ചെലവു ചെയ്ത് കളയും. ചിലര്‍ കടം കൂടി വരുത്തിവയ്ക്കും. അത് പാടില്ല. മിച്ചം വയ്ക്കാന്‍ പഠിയ്ക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കം. ഈ രീതി മാറണം. മാറ്റണം.
ഗുരു: ഈ തീര്‍ത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശമെന്ത്? ഒന്നുമില്ലെന്നുണ്ടോ?
റൈട്ടര്‍:ഉദ്ദേശങ്ങള്‍ മുന്‍പ് കല്‍പ്പിച്ചിട്ടുണ്ടല്ലോ.
ഗുരു: അത് അതിന്റെ രീതികളല്ലായോ? രീതികളാണോ ഉദ്ദേശം.വൈദ്യര്‍ എന്ത് പറയുന്നു? തീര്‍ത്ഥാടനത്തിന് ഉദ്ദേശം ഒന്നുമില്ലെന്നുണ്ടോ?അടുത്തുണ്ടായിരുന്ന സംന്യാസിമാരേയും ചുറ്റുപാടും നിന്നിരുന്ന ജനപ്രമാണികളേയും ഗുരുദേവന്‍ നോക്കി. എന്നിട്ട് അല്‍പ്പം ഗൗരവഭാവത്തില്‍ തുടര്‍ന്നു.: ആണ്ടിലൊരിയ്ക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവ്‌സ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയില്‍ ചെന്ന് ചുറ്റും നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി വീടുകളില്‍ ചെല്ലുന്നത്‌കൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടുകളും. അത് പാടില്ല. എന്ത് പ്രവൃത്തിയ്ക്കും ഒരു ഉദ്ദേശം വേണം.
ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശങ്ങള്‍ – സാധിയ്‌ക്കേണ്ട കാര്യങ്ങള്‍- അതിന്റെ ലക്ഷ്യം.
ഒന്ന് : വിദ്യാഭ്യാസം, രണ്ട്: ശുചിത്വം, മൂന്ന്: ഈശ്വരഭക്തി, നാല്: സംഘടന, അഞ്ച്: കൃഷി, ആറ്: കച്ചവടം, ഏഴ്: കൈത്തൊഴില്‍, എട്ട്: സാങ്കേതിക പരിശീലനങ്ങള്‍, മനസ്സിലായോ ഈ വിഷയങ്ങള്‍. ഓരോരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ച് വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിയ്ക്കണം. അതില്‍ വിജയം പ്രാപിയ്ക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും. ഈഴവര്‍ക്ക് മാത്രമല്ല ഈഴവരിലൂടെ എല്ലാ സമുദായക്കാര്‍ക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാകണം. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിയ്ക്കണം. മനസ്സിലായോ? ഗുരു പറഞ്ഞ് നിര്‍ത്തി.

തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശ്യം
തീര്‍ത്ഥാടനത്തിനു ആഡംബരങ്ങളും ആര്‍ഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.വിദ്യാഭ്യാസം,ശുചിത്വം,ഈശ്വരഭക്തി,സംഘടന,കൃഷി,കച്ചവടം,കൈത്തൊഴില്‍,സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രസംഗ പരമ്പര നടത്തണം.തീര്‍ത്ഥാടകര്‍ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിയ്ക്കണം. അതില്‍ വിജയം പ്രാപിയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here