അശാന്തം കണ്ണൂര്‍; തലശേരിയില്‍ എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചു

0
35

കണ്ണൂര്‍: ഇനിയും ശാന്തമായിട്ടില്ലാത്ത കണ്ണൂരില്‍ പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കി. തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചു. ഇതുവരെ 21 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പ്രാദേശിക നേതാക്കളുടേയും എംഎല്‍എ, എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും വീടുകള്‍ക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എം.പി.സുമേശ് തുടങ്ങി ബിജെപി,സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.

വെള്ളിയാഴ്ച്ച രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ രാവിലെ വരെ തലശ്ശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സിപിഎം ഏരിയാ കമ്മറ്റി അംഗം വാഴയില്‍ ശശിയുടെ വീടിന് നേരെ വെള്ളിയാഴ്ച്ച വൈകീട്ട് ഉണ്ടായ അക്രമത്തെ തുടര്‍ന്ന് വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥ രാത്രി വൈകി കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തലശേരിയില്‍ സമാധാന യോഗം നടക്കുന്നതിനിടയിലാണ് എംഎല്‍എയുടെ വീടിനു നേരെ ബോംബേറുണ്ടായത്. 5.30 ന് നടന്ന അക്രമ പരമ്പര അവസാനിക്കുമ്പോള്‍ രാത്രി 12 പിന്നിട്ടിരുന്നു. ഇതിനിടയില്‍ എംഎല്‍എ യും എംപിയുമുള്‍പ്പെടെ അഞ്ച് പ്രമുഖ നേതാക്കളുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here