സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മകരവിളക്ക് ഇന്ന്

0
0

സന്നിധാനം: മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ദേവസ്വം അധികൃതര്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.

തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക് തെളിയിക്കും. 7.52നാണ് മകര സംക്രമ പൂജ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹില്‍ടോപ്പില്‍ നിയന്ത്രണം ഉള്ളതിനാല്‍ പമ്പയിലെ വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ കണക്ക്.

തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ചെറിയാനവട്ടത്ത് ഇന്നലെ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇതുവഴി കടന്നുപോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here