കവിതയില്‍ പ്രത്യാശയുടെ വിളക്ക്- സുഗതകുമാരിയുടെ ജന്മദിനവേളയില്‍ അവരുടെ കവിതകളിലൂടെ ഒരു സഞ്ചാരം

0
4733

ജോസ് ചന്ദനപ്പള്ളി

വിഫല മോഹങ്ങളും കാല്പനിക വിഷാദങ്ങളും സരള ശൈലിയില്‍ പകര്‍ന്നു തരുന്ന കവയിത്രിയാണ് സുഗതകുമാരി. അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തിനും വനനശീകരണത്തിനും അപമാനവികരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന സാമൂഹിക പ്രവര്‍ത്തക കൂടിയാണ് അവര്‍. പ്രഥമ കൃതിയായ മുത്തിചിപ്പി കൊണ്ടുതന്നെ സഹൃദയ ഹൃദയങ്ങളില്‍ ഇടം നേടാന്‍ അവര്‍ക്കു കഴിഞ്ഞു. ആധുനിക കാവ്യരംഗത്ത് ഇന്നും തിളങ്ങിക്കൊണ്ടിരുന്ന കവയിത്രികളില്‍ എന്തുകൊണ്ടും മുന്‍നിരയില്‍ നിലയുറപ്പിച്ച കവയിത്രിയാണ് സുഗതകുമാരി. കാല്പനികതയുടെയും ആധുനികതയുടെയും സാമഞ്ജസ്യമാണ് സുഗതകുമാരിയുടെ കവിത. പാരമ്പര്യമോ വിശ്വാസരാഹിത്യമോ പൂര്‍ണ്ണമായി കാണാനാവുകയില്ല അവരുടെ കവിതകളില്‍. വിഷാദാത്മകതയും ശിഥില വ്യാമോഹങ്ങളും അടിയൊഴുക്കായി അവരുടെ കൃതികളില്‍ കാണാം. അനന്തതയില്‍, അഗാധതയില്‍ ജീവിത യാഥാര്‍ഥ്യം അന്വേഷിച്ച് അലയുകയും ദു:ഖസത്യം കണ്ടെത്തുകയും ചെയ്യുന്ന മൗനാത്മാവിന്റെ കവിതയാണ് അത്. ഒരു നിത്യ സത്യാന്വേഷിയുടെ ഭീതികളും, ആശങ്കകളും, വ്യാമോഹങ്ങളും, വിസ്മൃതിയും വിരഹവുമാണവരുടേത്. ഭാവന, വാസന, നിരീക്ഷണ പാടവം, ചിന്താശീലം, ആവിഷ്‌കരണ സാമര്‍ത്ഥ്യം, മുതലായ പ്രത്യേകതകളാല്‍ ഈ കവയിത്രി മറ്റു കവികളയാകെ തന്റെ പിറകിലാക്കിക്കഴിഞ്ഞിരിക്കുന്നു.

പ്രസിദ്ധ കവി ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രൊഫസറായിരുന്ന വി.കെ. കാര്‍ത്ത്യായനിയമ്മയുടെയും പുത്രിയായി തിരുവനന്തപുരത്ത് 1934 ജനുവരി 22-ന് സുഗതകുമാരി ജനിച്ചു. ഫിലോസഫിയില്‍ എം.എ. ബിരുദം നേടിയ സുഗതകുമാരി അധ്യാപികയായും തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലും ആയിരുന്നു. തളിര് കുട്ടികളുടെ മാസിക പത്രാധിപരായും സേവനമനുഷ്ഠിച്ചിരുന്നു. പ്രകൃതി സംരക്ഷണ സമിതി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, നവഭാരത വേദി വൈസ് പ്രസിഡന്റ്, അഭയ ഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കു വേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികളക്കു വേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാമൂഹികമായ എല്ലാത്തരം അനീതികളെയും എതിര്‍ക്കുക എന്നത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന സുഗതകുമാരി ഇപ്പോഴും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. സൈലന്റ്‌വാലി വന നശീകരണത്തിനെതിരെയും പാലക്കാട്ടെ കോളക്കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെയും മാവൂരെ ഫാക്ടറി മലിനീകരണത്തിന് എതിരെയും എല്ലാം ശക്തമായി പ്രതികരിച്ചു.

കൃതികള്‍: മുത്തുച്ചിപ്പി, സ്വപ്നഭൂമി, പാവം മാനവ ഹൃദയം, ഇരുള്‍ച്ചിറകുകള്‍, പാതിരാപ്പൂക്കള്‍, പ്രണാമം, അമ്പലമണി, രാധയെവിടെ, തുലാവര്‍ഷപ്പച്ച, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ (കവിതാസമാഹാരങ്ങള്‍). വാഴത്തേന്‍, അയലത്തു പറയുന്ന കഥകള്‍ (ബാലസാഹിത്യം), കുട്ടികളുടെ പഞ്ചതന്ത്രം, സോനയുടെ ധീരകൃത്യങ്ങള്‍ ( വിവര്‍ത്തനം), കാവുതീണ്ടല്ലേ (ലേഖനം ), എന്നിവയാണ് പ്രധാന കൃതികള്‍. മാതൃത്വത്തിന്റെ സ്‌നേഹം തന്നെയാണ് അവരുടെ കവിതകളും. നമ്മുടെയൊക്കെ ഉളളില്‍ വറ്റിപ്പോകുന്ന ആര്‍ദ്രതയും, കുളിരും, സംവേദനക്ഷമതയുമെല്ലാം നിലനിര്‍ത്താന്‍ കവിതയുടെ അമൃത് പൊഴിക്കുകയാണ് ഈ കവി. നാം നശിപ്പിക്കുന്ന പ്രകൃതി നമ്മുടെ അമ്മയാണെന്നറിയാനും ആ അമ്മയെ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന കവിതകളാണ് സുഗതകുമാരി എഴുതിയവയില്‍ ഏറെയും.

പുരാതന ഭാരതീയ ദാര്‍ശനികരുടെ സത്യാന്വേഷണ തല്പരതയും അവര്‍ കണ്ടെത്തിയ ജീവിത സത്യങ്ങളും ഉള്‍ക്കൊണ്ട് ചൈതന്യ ധന്യമായ ഹൃദയത്തില്‍ നിന്ന് ഉറവയെടുത്ത വിചാര വികാരങ്ങളാണ് സുഗതകുമാരിയുടെ കവിതകളുടെ സാരാംശം എന്നു പൊതുവേ പറയാം. ജീവിത യാത്രയില്‍ അനുഭവേദ്യമാകുന്ന ആശകളും നിരാശകളും ഭീതികളും ആശങ്കകളും ഇരുട്ടും വെളിച്ചവും സന്താപവും സന്തോഷവും എല്ലാം മുത്തുച്ചിപ്പിയില്‍ പ്രമേയങ്ങളാക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ജീവിതത്തിലെ കേവല ദു:ഖങ്ങള്‍ സുഗതകുമാരിയുടെ കവിതകളുടെ മുഖ്യ വിഷയമാണ്. ഈ ദു:ഖം ജീവിതാരംഭം മുതലേ ഉണ്ടായിരുന്നതാണ്. മനുഷ്യവംശം ഉള്ളിടത്തോളം കാലം നിലനില്ക്കുകയും ചെയ്യും. സാമൂഹിക ദു:ഖങ്ങള്‍ കവി ഹൃദയത്തിലെ ദു:ഖങ്ങളുടെ ബാഹ്യരൂപം മാത്രമാണ്. അവയെയാണ് കവയിത്രി ആവിഷ്‌കരിക്കുന്നത്. അഭയാര്‍ത്ഥിനി, ധര്‍മ്മം എന്ന പശു, വിധിദിനത്തില്‍ തുടങ്ങി കവിതകളില്‍ ഈ ആശയങ്ങളാണ് കാണുക. മനുഷ്യന്റെ സ്വാര്‍ത്ഥത, സ്‌നേഹരാഹിത്യം, അഹങ്കാരം, നശീകരണ പ്രവണത, അസൂയ, അസ്വാതന്ത്ര്യം എന്നിവയാണ് ദു:ഖകാരണങ്ങള്‍. നിശ്ശേഷം മാറ്റാന്‍ കഴിയാത്ത വിധം ഇവ മനുഷ്യ മനസ്സില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. സുഗതകുമാരിയുടെ മിക്ക കവിതകളുടെയും അന്തര്‍ധാര വിഷാദമാണ്. ജീവിതത്തിലെയും പ്രകൃതിയിലെയും ഇരുണ്ട വശങ്ങളോട് കവയിത്രിക്കു കൂടുതല്‍ താല്പര്യമുണ്ടെന്ന് പറയാം.

ആധുനിക മനുഷ്യന്റെ ദുരവസ്ഥകളെ അടിസ്ഥാനമാക്കി വിരചിതമായതും സ്വയം പീഡനത്തിലൂടെ ആത്മവിശുദ്ധീകരണം എന്ന വിശ്വാസത്തിനും പ്രാമുഖ്യം നല്‍കികൊണ്ടുളള സുഗത കുമാരിയുടെ കവിതകള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. കാളിയമര്‍ദ്ദനം (മുത്തുച്ചിപ്പി) എന്ന മനോഹരമായ കവിത ഉദാഹരണമായെടുക്കാം. പുരാണത്തിലെ കാളിയനില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് സുഗതകുമാരിയുടെ കാളിയന്‍. മദാന്ധകാരം നിറഞ്ഞ മനുഷ്യമനസ്സുകളാണ് ഇവിടെ കാളിയനായി സങ്കല്പിക്കപ്പെടുന്നത്. ”മദാന്ധകാരം മാറിലാ, മിഴി/തുറന്നു പൂര്‍ണ്ണത കണ്ടീലാ/അറിഞ്ഞു ഞാനെ ന്നുളേളാരി വെറു/മഹന്ത, കണ്ണാമാഞ്ഞിലാ/നിറുത്തിടൊല്ലേ നിന്‍ നൃത്തം”.

ആത്മവിശുദ്ധീകരണത്തിനായി എത്ര പീഡനങ്ങള്‍ വേണമെങ്കിലും സഹിക്കാന്‍ – തന്നിലെ കല്മഷമെല്ലാം/പുറത്തുപോകും/വരെ ചവിട്ടേറ്റു ചതഞ്ഞരയാന്‍ – തയ്യാറായി നില്‍ക്കുന്ന മനുഷ്യ മനസ്സ്. അതാണ് ഇവിടുത്തെ കാളിയന്‍. മാറാരോഗത്തിന്റെ പിടിയില്‍പ്പെട്ട് ഈശ്വരനെ വിളിച്ചു കേഴുന്ന ഗജേന്ദ്ര മോക്ഷം എന്ന പുരാണകഥയുടെ പശ്ചാതലത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വന്നു ഭവിച്ച മൂല്യതകര്‍ച്ചയെപ്പറ്റി പറയുമ്പോള്‍ കവയിത്രിയുടെ ഭാഷ ഏറെ മൂര്‍ച്ചയുളളതായിത്തീരുന്നു. ഇന്നും വിദേശസഹായം പ്രതീക്ഷിച്ച് പിച്ചപ്പാത്രവുമായി തുറമുഖങ്ങള്‍ തോറും വിദേശികളെ കാത്തു നില്‍ക്കുന്ന നേതാക്ക•ാര്‍, ഇനിയും കൊളളക്കാരായ വിദേശിയരെ തറവാട്ടിലേക്ക് വിളിച്ച് പെറ്റമ്മയെ വഞ്ചിക്കുന്ന ഭരണാധികാരികള്‍, ഭക്ഷ്യ വസ്തുക്കളില്‍പ്പോലും മായം ചേര്‍ത്തു വില്ക്കുന്ന ധനമോഹികള്‍ ഇവരെല്ലാം സുഗതകുമാരിയുടെ നിശിത വിമര്‍ശനത്തിനു പാത്രമാകുന്നു ഹാ രാമ ! എന്ന കവിതയില്‍. തന്റെ പ്രജകളെ കാണാ നെത്തുന്ന മഹാബലി ഇവിടെ നിന്നു മടങ്ങിപ്പോകാതിരിക്കാന്‍ വേണ്ടി പാതാളത്തില്‍ അദ്ദേഹം കണ്ടു പരിചയിച്ചവരെയെല്ലാം – പരസ്പരം വഞ്ചിക്കുന്നവരെയും ദുര്‍മോഹികളെയും ദുര്‍ബലരെ പീഡിപ്പിച്ച് രസിക്കുന്നവരെയും, സഹായം അര്‍ഹിക്കുന്നവരെ കണ്ടില്ലെന്നു നടിച്ച് സ്വന്തം സമ്പാദ്യത്തിനു മുകളില്‍ അടയിരിക്കുന്നവരെയുമൊക്കെ – സുഗതകുമാരി കവിതയില്‍ അണി നിരത്തുന്നു. ധര്‍മ്മം എന്ന പശു, സ്വാതന്ത്ര്യം 1976 എന്നീ കവിതകളും ഇത്തരത്തില്‍ പ്പെടുന്നവയാണ്.

അമ്പലമണി, കാടാണ്, കൃഷ്ണ നീയെന്നെ അറിയില്ല തുടങ്ങിയ കവിതകള്‍ സുഗത കുമാരിയുടെ ഏറ്റവും മനോഹരങ്ങളായ കവിതകളാണെന്നു പറയാം. കാടാണ് എന്നതിലെ രാധികയും കൃഷ്ണാ നീയെന്നെ അറിയില്ല എന്നതിലെ ഗോപികയും സ്ത്രീ ധര്‍മ്മത്തിന്റെയും ഭാവശുദ്ധിയുടെയും നിഷ്‌കളങ്ക പ്രേമത്തിന്റെയും മാതൃകകളായ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകങ്ങളാണ്. ഓരോ ഭാരതീയസ്ത്രീയും മാതൃകയാക്കേണ്ട സ്‌നേഹം, ക്ഷമ, സഹനം, മാതൃ വാത്സല്യം, കര്‍ത്തവ്യബോധം എന്നീ ഉല്‍ക്കൃഷ്ട ഗുണങ്ങളുടെ ദൃഷ്ടാന്തങ്ങളുമാണ്. കാടും പുഴയും ജലാശയങ്ങളും പക്ഷിമൃഗാദികളും വൃക്ഷലതാദികളും മണ്ണും പെണ്ണും വിണ്ണും മനുഷ്യന്റെ സ്വാര്‍ത്ഥതയ്ക്കും ധന തൃഷ്ണയ്ക്കുമുളള ഉപാധികളാക്കി തരം താഴ്ത്തുന്നതിനെ വീറോടെ വിമര്‍ശി ക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ഏതാനും കവിതകളുടെ സമാഹാരമാണ് കുറിഞ്ഞിപ്പൂക്കള്‍.

1990-ല്‍ വിശ്വദീപം അവാര്‍ഡിനര്‍ഹമായ തുലാവര്‍ഷപ്പച്ച എന്ന കവിതാസമാഹാരം ഏറെ ശ്രദ്ധേയമാണ്. ഈ സമാഹാരത്തിലെ പാദപ്രതിഷ്ഠ, പെണ്‍കുഞ്ഞ് 90 കളില്‍, സാരേ ജഹാം സേ അച്ഛാ തുടങ്ങിയ കവിതകളും എടുത്തു പറയേണ്ടവയാണ്. സ്‌കൂളില്‍ പഠിക്കേണ്ട പ്രായത്തിലുളള ഒരു പെണ്‍കുട്ടിക്കു ഇരുട്ടത്ത് വിളക്കിന്‍ കാലിന്റെ ചുവട്ടില്‍ തനിയേ നില്‍ക്കുമ്പോള്‍ ഒരുവന്‍ അവളെ സമീപിക്കുന്ന സംഭവമാണ് സാരേ ജഹാം സേ അച്ഛാ എന്ന കവിതയില്‍ വര്‍ണ്ണിക്കുന്നത്. ”സാരേ ജഹാം സേ അച്ഛാ . . . . .” ലോകത്തിലേയ്ക്കും വച്ച് ഏറ്റവും നല്ല നാട്. നാം ആവര്‍ത്തിച്ചു വിടുന്നു. ഇതാണ് ഈ നല്ല നാടിന്റെ അവസ്ഥ. പെണ്‍കുഞ്ഞ് 90 കളില്‍ ഈ കവിതയിലെ പെണ്‍കുഞ്ഞിന്റെ അവസ്ഥയും ആദ്യത്തെ പെണ്‍കുട്ടിയുടേതില്‍ നിന്ന് വ്യത്യസ്തമല്ല. പിറന്ന ഉടനെ പരിത്യക്ത യാ കുന്ന അവളുടെ അവസ്ഥ നാളെയെന്നന്താകുമെന്ന് ആര്‍ക്കും അറിയില്ല. അവളും എവിയെങ്കിലും എങ്ങനെയെങ്കിലും വളരും ജീവിക്കും. ബാലവെല നിരോധിക്കപ്പെട്ടിരിക്കുന്ന ഈ നാട്ടില്‍ തന്നെ അവളും ജോലി ചെയ്തു ജീവിയ്ക്കും. ഇത്തരം അനാഥകുട്ടികളുടെ ദുരവസ്ഥയില്‍ മനം നൊന്തു വിലപിക്കുകയും അതിനെക്കാള്‍ അധികമായി പ്രതിഷേധിക്കുകയും ചെയ്യുന്ന കവയിത്രിയെ തുലാവര്‍ഷപ്പച്ചയില്‍ കാണാം. ”ദേവി ഭൂമി, നിനക്കെല്ലാ – മറിയാം; നിന്റെ ചന്തയില്‍/പാഴ്‌വി ലയ്ക്കുമെടുക്കാത്തോ-/ന്നല്ലിപെണ്ണിന്റെ ജീവിതം?” (പെണ്‍കുഞ്ഞ് 90 കളില്‍)

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍ – 1969), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (രാത്രി മഴ – 1978), ഓടക്കുഴല്‍ അവാര്‍ഡ് (അമ്പലമണി), ആശാന്‍ പ്രൈസ് (അമ്പലമണി), വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് (അമ്പലമണി), അബുദാബി മലയാളം സമാജം അവാര്‍ഡ് (രാധയെവിടെ – 1995), ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വളളത്തോള്‍ അവാര്‍ഡ് (2003), എഴുത്തച്ഛന്‍ പുരസ്‌കാരം (2009), 2012-ലെ സരസ്വതി സമ്മാന്‍ തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ സുഗതകുമാരിയെ തേടിയെത്തിയിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, പത്മശ്രീ പുരസ്‌കാരം, പ്രകൃതി സംരക്ഷണ യത്‌നങ്ങള്‍ക്കുളള ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സാമൂഹ്യസേവനത്തിനുളള ജെം സെര്‍വ് അവാര്‍ഡ്, സാമൂഹ്യസേവനത്തിനുളള ലക്ഷ്മി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും സുഗതകുമാരിക്ക് ലഭിച്ചിട്ടുണ്ട്.

(ടീച്ചേഴ്‌സ്‌ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ്
അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Ph: 9496196751

LEAVE A REPLY

Please enter your comment!
Please enter your name here