ബീവറേജസ് ഔട്‌ലറ്റിനെതിരെ ആദിവാസി അമ്മമാരുടെ സമരം നാലാം വര്‍ഷത്തിലേക്ക്

0
27
മാനന്തവാടിയില്‍ വള്ളിയൂര്‍ക്കാവിലെ ബീവറേജസ് ഔട്‌ലറ്റിനെതിരെ സഹന സമരം നടത്തുന്ന ആദിവാസി സ്ത്രീകള്‍

മാനന്തവാടി; വെയിലും തണുപ്പും മഴയും പ്രളയവും വകവെക്കാതെ ലക്ഷ്യം സാക്ഷത്കരിക്കും വരെ സമരമെന്ന ദൃഢനിശ്ചയവുമായി ആദിവാസി വീട്ടമ്മമാര്‍ നടത്തുന്ന സഹന സമരം മൂന്ന് വര്‍ഷം പിന്നിട്ട് നാലാം വര്‍ഷത്തിലേക്ക് കടക്കുന്നു.18 ആദിവാസി കോളനികള്‍ക്ക് നടുവിലായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്‌ലറ്റിനെതിരെയുള്ള സമരം 2016 ജനുവരി 26 നായിരുന്നു ആദിവാസി ഫോറത്തിന്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയത്.ചീപ്പാടും കാവുംമന്ദത്തും മേപ്പാടിയിലും നടത്തിയ മദ്യഷാപ്പ് വിരുദ്ധ സമരങ്ങള്‍ വിജയം കണ്ടതിലുള്ള ആത്മവിശ്വാസവും തങ്ങളുടെ വോട്ടുകള്‍ തേടി കോളനികളിലെത്തുന്ന മുഖ്യധാരാ രാഷ്ട്രീയക്കാരുടെതുള്‍പ്പെടെയുള്ള നിര്‍ലോഭ പിന്തുണയും ഉണ്ടാവുമെന്ന നിഷ്‌കളങ്കമായ പ്രതീക്ഷയുമായിരുന്നു അമ്മമാരെ സമരത്തിലേക്ക് നയിച്ചത്.കോളനികളിലെ നിലവിലുള്ള മദ്യപാനികളുടെ മദ്യപാനത്തിന്റെ അളവ് കുറക്കാനും വളര്‍ന്നു വരുന്ന തലമുറയെങ്കിലും മദ്യവിപത്തില്‍ നിന്നും രക്ഷപ്പെടാനുമായിരുന്നു മാനന്തവാടി ഔട്‌ലറ്റിനെതിരെയുള്ള സമരത്തിലൂടെ ഇവര്‍ ലക്ഷ്യം വെച്ചത്.എന്നാല്‍ കേരള ഗോത്രവര്‍ഗ്ഗ കമ്മീഷന്‍,മാനന്തവാടി സബ്കളക്ടര്‍,പി ഡബ്ല്യു ഡി,ഫയര്‍ ആന്റ് സേഫ്ടി ,പട്ടികവര്‍ഗ്ഗ വകുപ്പ് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെല്ലാം ഔട്‌ലറ്റിനെതിരെ റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും നല്‍കിയിട്ടും സര്‍ക്കാര്‍ വകവെക്കാതെ സമരത്തെ അടിച്ചമര്‍ത്തി മദ്യ വില്‍പ്പന നടത്തുകയായിരുന്നു.പ്രദശത്തെ റസിഡ്ന്‍ഷ്യല്‍ അസോസിയേഷന്‍,മുസ്ലിം ലീഗ്,വെല്‍ഫയര്‍പാര്‍ട്ടി,എസ് ഡി പി ഐ,ആം ആത്മി പാര്‍ട്ടി,കെ സി വൈ എം,മദ്യ വിരുദ്ധസമിതി,മദ്യ നിരോധനസമിതി,ഇങ്ങനെ നിരവധി സംഘടനകളും വ്യക്തികളുമാണ് തുടക്കത്തില്‍ പിന്തുണയുമായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ സമരപ്പന്തല്‍ പൊളിച്ചതുള്‍പ്പെടെ സമരക്കാരെ ദ്രോഹിച്ചതിന്റെ പേരില്‍ നല്‍കിയ പരാതകിളിലൊന്നിന് പോലും മാനന്തവാടി പോലീസ് കേസെടുത്തില്ലെന്നും വീട്ടമ്മമാര്‍ ആരോപിക്കുന്നു.2017 ഏപ്രില്‍ മൂന്നിന് സമരക്കാര്‍ നടത്തിയ ഉപരോധസമരത്തിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകും സമരത്തിന് നേതൃത്വം നല്‍കിയവരെയുള്‍പ്പെടെ റിമാന്റിലയക്കുകുയും ചെയ്തിരുന്നു.ഇവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഔട്‌ലറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ 2017 ഏപ്രില്‍ 17 മുതല്‍ സമരം സബ്കളക്ടര്‍ ഓഫീസിന് മുമ്പിലേക്ക് മാറ്റുകയായിരുന്നു.നിത്യവും ബസ്സ് കൂലി നല്‍കി സമരത്തിനെത്താന്‍ കഴിയാത്തതിനാല്‍ ആഴ്ചയില്‍ വന്നുപോകുന്നവരായി സമരക്കാരില്‍ പലരും മാറിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ ഇനിയും ഇവര്‍ തയ്യാറായിട്ടില്ല.
മാക്കപയ്യമ്പള്ളി,വെളളാസോമന്‍,കാക്കമ്മവീട്ടിച്ചാല്‍,ചോച്ചി കൊയിലേരി,സുശീലപൊട്ടന്‍ കൊല്ലി,ചിട്ടാങ്കി തുടങ്ങിയവരാണ് ഇപ്പോഴും സമരപ്പന്തലില്‍ മാറിമാറിയെത്തുന്നത്.തങ്ങളുയര്‍ത്തിയ ആവശ്യം നിറവേറുന്നതിനിടക്ക് സമരപ്പന്തലില്‍ വെച്ച് മരിക്കേണ്ടി വന്നാലും അത് സമൂഹത്തിന് നന്മയുടെ സന്ദേശം നല്‍കുമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. ഇതിനോടകം പലരുടെയും ശ്രമഫലമായി ദയാഭായി,തായാട്ടുബാലന്‍,സോണിയമല്‍ഹാര്‍,ജേക്കബ് വടക്കാഞ്ചേരി,ഗീതാനന്ദന്‍,തുടങ്ങിയവരെ സമരത്തിനെത്തിച്ച് പിന്തുണ നല്‍കാനും സമരസഹായ സമിതിക്ക് കഴിഞ്ഞിരുന്നു.യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ മദ്യനയത്തിന്റെ ഭാഗമായി അടച്ചു പൂട്ടുന്ന ഔട്‌ലറ്റിന്റെ പട്ടികയിലുള്‍പ്പെടുത്തി മദ്യഷാപ്പ് പൂട്ടാനും പാര്‍ട്ടി തലത്തില്‍ ആലോചന നടന്നിരുന്നു.ഈ വിധത്തില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷമി ഉറപ്പും നല്‍കിയിരുന്നു.2016 ആഗസ്ത് 11 ന് സമരക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മുന്‍കളക്ടര്‍ ആദിവാസികള്‍്‌ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മദ്യഷാപ്പ് അടച്ചു പൂട്ടാന്‍ ഉത്തരവിടുകയും ഇത് നേരത്തെ തിരിച്ചറിഞ്ഞ കോര്‍പ്പറേഷന്‍ ഉച്ചയോടെ തന്നെ ഉത്തരവിന് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിക്കുകയും ചെയ്യുകയുണ്ടായി.പിന്നീട് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് മദ്യനിരോധന സമിതിക്ക് ഈകേസില്‍ കക്ഷി ചേരാന്‍ സാധിച്ചത്.
എന്നാല്‍ ഹൈക്കോടതിയില്‍ കേസ് സംബന്ധിച്ച് മുന്നോട്ട് പോവുന്നതില്‍ സമരം ചെയ്യുന്ന അക്ഷരാഭ്യാസമില്ലാത്ത ആദിവാസി വീട്ടമ്മമാരെ സഹായിക്കുന്നവര്‍ക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതി നല്‍കിയ സ്റ്റേ സംബന്ധിച്ച അന്തിമ വിധി തങ്ങള്‍ക്കനുകൂലമാവുമെന്നാണ് സമരസഹായസമിതിയുടെ പ്രതീക്ഷ.ഇതിനിടെ ബീവറേജസ് നല്‍കിയ നിരവധി വ്യാജപരാതികളുടെ അടിസ്ഥാനത്തില്‍ സമരക്കാര്‍ക്കെതിരെ മാനന്തവാടി പോലീസെടുത്ത കേസുകളില്‍ ഇപ്പോള്‍ കോടതി വാറന്റുകള്‍ സമരക്കാര്‍ക്ക് വന്നു കൊണ്ടിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here