കോഴിക്കോടിന്റെ പ്രതീക്ഷയായി സൈബര്‍ പാര്‍ക്ക്

0
62

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ സൈബര്‍ പാര്‍ക്കില്‍ പ്രതീക്ഷയുമായി കോഴിക്കോട്. ജില്ലയ്ക്ക് വിരലിലെണ്ണാവുന്ന നേട്ടങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ തൊഴില്‍ സാധ്യത വ്യക്തമാക്കിയതാണ് ബജറ്റിലെ കോഴിക്കോടിന്റെ ഏക പ്രതീക്ഷ. ആറു കമ്പനികളിലായി 150 പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പാര്‍ക്ക് പൂര്‍ത്തിയാവുമ്പോള്‍ 2000 പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതിനു പുറമെ കോഴിക്കോട് സൈബര്‍പാര്‍ക്കിന് 23 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സൈബര്‍പാര്‍ക്കിന് പുറമെ ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള അഞ്ചു തുറമുഖങ്ങളിലെ ഷിപ്പിംഗ് ഓപ്പറേഷന്‍സിന്റെ വിപുലീകരണത്തിന് 48 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അഞ്ചു തുറമുഖങ്ങളില്‍ ബേപ്പൂരുള്‍പ്പെടുത്തിയതും ജില്ലയ്ക്ക് പ്രതീക്ഷ ഉളവാക്കുന്നതാണ്. കൂടാതെ ജിഎസ്ടി അഢീഷണല്‍ കോംപ്ലക്‌സും കോഴിക്കോട് നിര്‍മിക്കും.
കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന് 152 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 60 കോടി രൂപ സിഡെബ്ല്യൂആര്‍ഡിഎം,കെഎഫ്ആര്‍ആ, ജവഹര്‍ ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍, മലബാര്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍ എന്നിവയ്ക്കുള്ള സഹായമാണിത്. ഇതില്‍ സിഡെബ്ല്യുആര്‍ഡിഎം കോഴിക്കോടാണ് സ്ഥിതി ചെയ്യുന്ത്. കോഴിക്കോട് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കും.കൂടാതെ സര്‍വകലാശാലയ്ക്ക് 25 കോടി രൂപയും അനുവദിച്ചു. ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍ ഉള്‍പ്പെടുന്ന ഒരു ആധുനിക മറൈന്‍ പാര്‍ക്ക് കിന്‍ഫ്ര സ്ഥാപിക്കും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതിന് ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ഇന്‍ജഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനെ പദ്ധതികളിലൊന്നായി മാറ്റി. കിന്‍ഫ്രയ്ക്ക് 87 കോടി രൂപ വകയിരുത്തിയതിലൂടെ അഡ്വാന്‍സ് ടെക്‌നോളജി പാര്‍ക്കിന് നേട്ടമാവും.
ജൈക്ക സഹായത്തോടെ നടപ്പാക്കുന്ന കോഴിക്കോട്, മീനാട് കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 75 കോടി അനുവദിച്ചതും നേട്ടമാണ്. കുന്നുമ്മല്‍ വോളി അക്കാദമിക് കലിസ്ഥലത്തിനും ബജറ്റില്‍ തീരുമാനമായി. തീരദേശ ആശുപത്രി വികസന പദ്ധതിയില്‍ ബീച്ച് ജനറല്‍ ആശുപത്രി ഇടം നേടും.
നാളികേര ഉത്പാദനം വര്‍ധിപ്പിക്കാന്‍ അനുവദിച്ച 170 കോടി ജില്ലക്ക് പ്രയോജനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുവദിച്ച 35 കോടിയില്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് നേട്ടമുണ്ടാവും. കടലാക്രമണം നേരിടാന്‍ അനുവദിച്ച 227 കോടിയില്‍ ജില്ലക്ക് വിഹിതം ലഭിക്കുന്നതും ഗുണകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here