പറശിനിക്കടവ് പീഡനം; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു; 200 പേജുകള്‍; അഞ്ചു പ്രതികള്‍; 63 സാക്ഷി മൊഴികള്‍

0
5

തളിപ്പറമ്പ് : പറശിനിക്കടവ് പീഡനക്കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പതിനഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനായി മൂന്നു കുറ്റപത്രങ്ങളാണ് തയാറാക്കുന്നത്. 200 പേജുള്ള ആദ്യത്തെ കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. ബാക്കി കുറ്റപത്രങ്ങള്‍ തയാറാക്കി വരികയാണെന്നും ഇവ ഉടനെ സമര്‍പ്പിക്കുമെന്നും തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കുറ്റപത്രത്തില്‍ അഞ്ച് പ്രതികളാണ് ഉളളത്. മാട്ടൂല്‍ നോര്‍ത്ത് പത്മാലയത്തില്‍ കലിക്കോട് വളപ്പില്‍ സന്ദീപ്, ചൊറുക്കളയിലെ പുത്തന്‍പുര ഹൗസില്‍ ഷംസുദീന്‍, പരിപ്പായി വരമ്ബുമുറിയില്‍ ചാപ്പയില്‍ ഷെബീര്‍, നടുവില്‍ കിഴക്കേവീട്ടില്‍ അയൂബ്, അരിമ്ബ്ര സ്വദേശി കെ. പവിത്രന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ പവിത്രന്‍ ഒഴികെ നാല് പ്രതികളും റിമാന്‍ഡിലാണ്. പറശിനിക്കടവിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ പവിത്രനെതിരെ പ്രതികള്‍ക്ക് മുറി നല്‍കി ഒത്താശ ചെയ്തു കൊടുത്തു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
നവംബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് റജിസ്റ്റര്‍ ചെയ്ത് 55 ദിവസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൂട്ടം ചേര്‍ന്നുളള പീഡന കേസായതിനാല്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ അനുമതി വാങ്ങിയിരുന്നു. കുറ്റപത്രത്തില്‍ 63 സാക്ഷികളുടെ മൊഴികളും ടവര്‍ ലോക്കേഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചു.ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, സിഐ കെ.ജെ.വിനോയ്, എസ്ഐ കെ. ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here