തിരുവനന്തപുരത്ത് ശശി തരൂര്‍-കുമ്മനം-പന്ന്യന്‍ മത്സരത്തിനു സാധ്യത

0
15

കല്ലമ്പളളി
തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തില്‍ വീണ്ടും ഒരങ്കത്തിനുളള പുറപ്പാടിലാണ് ശശി തരൂര്‍.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെ.പക്ഷേ എതിരാളികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ അനിശ്ചിതത്ത്വം നീളുകയാണ്.കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വിജയിച്ച ശശി തരൂര്‍ ഇപ്പോള്‍ കൂടുതല്‍ ശക്തനാണെന്ന ബോധം എന്‍ ഡി എക്കും ഇടതു മുന്നണിക്കുമുണ്ട്. അതുകൊണ്ടുതന്നെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുളള കഠിന പ്രയത്‌നത്തിലാണവര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് എതിരെ കടുത്ത അഗ്‌നി പരീക്ഷകള്‍ അതിജീവിച്ചാണ് ശശി തരൂര്‍ ജയിച്ചു കയറിയത്. ഇത്തവണ സീറ്റ് പിടിച്ചെടുത്തേത്തീരൂ എന്ന വാശിയിലാണ് ബി ജെ പി. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പു കാരണം അതും നടന്നില്ല.ഇനി പരിഗണനയിലുളളത് കുമ്മനം രാജശേഖരനും കെ സുരേന്ദ്രനുമാണ്. അവസാന റൗണ്ടില്‍ കറങ്ങിത്തിരിഞ്ഞ് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനുളള സാധ്യതയാണ് തെളിഞ്ഞു വരുന്നത്.കേരളത്തില്‍ ബി ജെ പി ക്ക് ഏറ്റവുമധികം വിജയസാധ്യതയുളള മണ്ഡലം ഏന്ന നിലയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെത്തന്നെ കണ്ടെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് തിരുവനന്തപുരത്തേയ്ക്ക് വിമാനം കയറാന്‍ തയ്യാറെടുക്കുകയാണ് കുമ്മനം.ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം സി പി ഐക്ക് അഭിമാന പോരാട്ടം കാഴ്ച വെക്കേണ്ട മണ്ഡലമാണ് തിരുവനന്തപുരം. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായര്‍,കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എം എന്‍ ഗോവിന്ദന്‍ നായര്‍,രാഷ്ട്രീയക്കാരുടെ ആശാനായിരുന്ന കെ വി സുരേന്ദ്രനാഥ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലമാണിത്.പക്ഷേ കഴിഞ്ഞ തവണ പേയ്‌മെന്റ് വിവാദത്തില്‍പ്പെട്ട് സ്ഥാനാര്‍ത്ഥിത്വം പോലും സി പി ഐയ്ക്ക് ചീത്തപ്പേരുണ്ടാക്കി. അതിനാല്‍ ഇത്തവണ സ്വതന്ത്രനെ പരീക്ഷിക്കാന്‍ സാധ്യതയില്ല. നേതൃനിരയില്‍ നിന്ന് ഒരാള്‍ തന്നെ മത്സരിക്കും. പന്ന്യന്‍ രവീന്ദ്രന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്.എന്നാല്‍ മത്സരത്തിനില്ലെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി മത്സരത്തിനിറങ്ങേണ്ട എന്ന നിലപാടാണ് കാനത്തിനുളളത്. ഏറ്റവും ഒടുവില്‍ ആനി രാജായുടെ പേരും കേള്‍ക്കുന്നുണ്ട്. എന്തായാലും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സി പി ഐയ്ക്ക് ഒരു കീറാമുട്ടി പ്രശ്‌നം തന്നെയാണ്.ഏറ്റവും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനുളള സാധ്യതയാണ് തെളിഞ്ഞു വരുന്നത്.ചുരുക്കത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരും കുമ്മനം രാജശേഖരനും പന്ന്യന്‍ രവീന്ദ്രനും തമ്മിലുളള ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.ശശി തരൂര്‍ മൂന്നാം തവണയും ജയിച്ചു കയറും എന്ന കാര്യത്തില്‍ യു ഡി എഫിനു സംശയമില്ല. മണ്ഡലത്തിലെ പ്രബലമായ നായര്‍ സമുദായത്തിന്റെ ഉറച്ച് പിന്തുണ ഉറപ്പായ സാഹചര്യത്തില്‍ കുമ്മനം തന്നെ വിജയിക്കുമെന്നാണ് എന്‍ ഡി എ യുടെ കണക്കുകൂട്ടല്‍.ശബരിമല വിഷയവും കേന്ദ്രം പുതുതായി കൊണ്ടു വന്ന സാമ്പത്തിക സംവരണവും നായര്‍ വോട്ടുകളെ ബി ജെ പിക്കു പിന്നില്‍ ഉറപ്പിച്ചു നിര്‍ത്തുമെന്നും എന്‍ ഡി എ ഉറച്ചു വിശ്വസിക്കുന്നു.യു ഡി എഫും എന്‍ ഡി എ യും തമ്മിലുളള സാമുദായിക ധ്രുവീകരണത്തിനിടയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായ പിന്നോക്ക വിഭാഗങ്ങളുടെ ഭൂരിപക്ഷ വോട്ടു നേടി പന്ന്യന്‍ വിജയ്ക്കുമെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തല്‍.
ഇന്ത്യയുടെ പ്രഥമ പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോന്‍ മുതല്‍ പ്രശസ്ത രാഷ്ട്ര തന്ത്രജ്ഞന്‍ ശശി തരൂര്‍ വരെയുളള മഹാരഥന്മാരെ വിജയിപ്പിച്ച പാരമ്പര്യം തിരുവനന്തപുരത്തിനുണ്ട്.മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, പി കെ വാസുദേവല്‍ നായര്‍ തുടങ്ങിയവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. എം എന്‍ ഗോവിന്ദന്‍ നായര്‍ ,ഒ എന്‍ വി കുറുപ്പ്, കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖരെ പരാജയപ്പെടുത്തിയ ചരിത്രവും ഈ മണ്ഡലത്തിനുണ്ട്.ഇക്കുറി മണ്ഡലം ആരെ തുണയ്ക്കുമെന്ന് കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here