പൂരപ്പറമ്പുകള്‍ ആണ്‍കുട്ടികള്‍ക്കു മാത്രമല്ല പെണ്‍കുട്ടികള്‍ക്കു കൂടിയുള്ളതാണ്; വൈറലായി ചെണ്ടമേളം ആസ്വദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ

0
24

പൂരപ്പറമ്പില്‍ പെണ്‍കുട്ടികള്‍ക്കെന്താ കാര്യമെന്ന് ചോദിക്കരുത്. അവരും ആസ്വദിക്കട്ടെ. ആടട്ടെ. ആണ്‍കുട്ടികള്‍ക്കുമാത്രമേ ചെണ്ടമേളത്തിനൊപ്പം താളം പിടിക്കാവൂവെന്ന് പറയരുത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിവരുന്ന ചില കമന്റുകളാണ് മുകളില്‍ കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയയോയുടെ ചുവട്ടിലാണ് കമന്റുകള്‍. ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി ചെണ്ടമേളം കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നതാണ് വീഡിയോ. പെണ്‍കുട്ടി മതിമറന്ന് ചെണ്ടമേളം ആസ്വദിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താന്‍ ഒപ്പം നില്‍ക്കുന്ന ഒരു സ്ത്രീ ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് സ്ത്രീ വലിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ ചെണ്ടമേളം ആസ്വദിക്കുകയാണ് പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ പ്രകടനത്തിന് കട്ട സപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

ഒരു ആണ്‍കുട്ടി ആസ്വദിക്കുന്ന പ്രിവിലേജുകള്‍ ഒരു പെണ്‍കുട്ടി ആസ്വദിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന മനോഭാവമാണ് സമൂഹത്തിനുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള മനോഭാവങ്ങള്‍ക്കിടെ ഇങ്ങനെയുള്ള സംഭവങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായമുണര്‍ന്നു. പെണ്‍കുട്ടികളുടെ ഇത്തരത്തിലുള്ള മനോഭാവത്തെ പിന്തിരിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞവരുണ്ട്. തിരക്കിന്റെ പേരില്‍ പൂരപ്പറമ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്കും ഈ പെണ്‍കുട്ടി പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേര്‍ പെണ്‍കുട്ടിയെ അനുകൂലിച്ച് വീഡിയോ ഷെയര്‍ ചെയ്തു. പൂരപ്പറമ്പുകള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല, പെണ്‍കുട്ടികള്‍ക്കുകൂടി ഉള്ളതാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ആ പെണ്‍കുട്ടി.

തൃശ്ശൂരുകാരനായിട്ട്‌ പോലും പൂരത്തിനോട്‌ വലിയ കമ്പമില്ലാത്ത ഒരാളാണ്‌ ഞാൻ.കുട്ടിക്കാലത്ത്‌ അതൊരു ഹരമായിരുന്നെങ്കിലും 3-4 കൊല്ലങ്ങളായിട്ട്‌ തീരെ താത്പര്യമില്ലാതായിട്ടുണ്ട്‌.ആ പരിസരത്തേക്ക്‌ പോകാറില്ലെന്ന് മാത്രമല്ല ടി വി യിൽ പോലും കുടമാറ്റം കാണാൻ ഇപ്പോൾ താത്പര്യമില്ല.പക്ഷേ എന്നിരുന്നാലും പൊതുവേ പൂരത്തിനോട്‌ ഭയങ്കര ക്രേസാണ്‌ ആളുകൾക്ക്‌.ആ തിരക്കും അത്‌ തന്നെ അല്ലേ സൂചിപ്പിക്കുന്നത്‌.പക്ഷേ പൂരത്തിന്റെ തിരക്കിലോട്ട്‌ വരുവാൻ ആഗ്രഹമുണ്ടായിട്ടും വരാൻ സാധിക്കാത്ത ഒരുപാട്‌ സ്ത്രീകളുണ്ട്‌ നാട്ടിൽ.തിരക്കിനെയല്ല അവർ ഭയക്കുന്നത്‌.തിരക്കിനിടയിലെ ചില വൃത്തിക്കെട്ട കരങ്ങളെയാണ്‌…ഒരു വലിയ വിഭാഗം പൂര പ്രേമികളും പൂരത്തിൽ അലിഞ്ഞ്‌ ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം മനസ്സറിഞ്ഞ്‌ ആസ്വദിക്കുമ്പോൾ ചില വൃത്തിക്കെട്ടവന്മാരുടെ ലക്ഷ്യം ഗ്രോപ്പിംഗ്‌ അഥവാ കയറി പിടുത്തമാണ്‌…അവർ ആ തിരക്കിനെ ഒരു അനുഗ്രഹമാക്കി കണ്ട്‌ സ്ത്രീകളുടേ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിച്ച്‌ അതിൽ സുഖം തേടുന്നു.ഈ വൃത്തിക്കെട്ടവന്മാരുടെ സാന്നിധ്യം കാരണം മാത്രം സ്വയം പൂരത്തിന്‌ വരാത്ത സ്ത്രീകളും/അല്ലെങ്കിൽ ഈ വൃത്തിക്കെട്ടവന്മാരുടെ സാന്നിധ്യമുണ്ടാകും എന്ന ഭയത്തിൽ ഭാര്യയെയൊ മകളെയോ കൊണ്ടു പോകാത്ത വീട്ടിലെ ആണുങ്ങളുമുള്ള ഒരു നാടാണിത്‌.അങ്ങനെ കുറച്ച്‌ പേരെ വ്യക്തിപരമായി അറിയുകയും ചെയ്യാം.സ്ത്രീകൾക്കും ഇതെല്ലാം ആസ്വദിക്കണമെന്ന ആഗ്രഹമുണ്ടാകും.പക്ഷേ കുറച്ച്‌ വൃത്തിക്കെട്ടവന്മാർ കാരണം അവർക്ക്‌ അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു.ഇന്ന് ഒരു പൂരത്തിന്റെ മേളം ആസ്വദിച്ച്‌ തുള്ളിച്ചാടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ കണ്ടു.ഭയങ്കര സന്തോഷം തോന്നി.അവൾ ആ മേളത്തിലലിഞ്ഞ്‌ ആസ്വദിച്ച്‌ നൃത്തം ചെയ്യുകയായിരുന്നു.ആ കുട്ടിയുടെ റിലേറ്റീവ്സ്‌ കുട്ടിയെ ചെറുതായി നിരുത്സാഹപ്പെടുത്തുന്നുണ്ട്‌.അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.ഒരു ആൺകുട്ടി ആസ്വദിക്കുന്ന പ്രിവിലേജുകൾ ഒരു പെൺകുട്ടി ആസ്വദിച്ച്‌ തുടങ്ങിയാൽ അപ്പൊ ചാപ്പകളുമായി എത്തുന്ന ഒരു സമൂഹമാണ്‌ ഇപ്പോഴും നമ്മുടേത്‌.അവരും ആ പൊതുബൊധത്തെയാണ്‌ ഭയക്കുന്നത്‌.അത്‌ പോലെ തന്നെ സന്തോഷം തോന്നിയ ഒരു കാര്യം അവിടെ കൂടിയിരുന്ന പുരുഷന്മാരുടെ ആറ്റിറ്റിയൂഡാണ്‌.കൊച്ച്‌ മേളമാസ്വദിക്കുന്നത്‌ എന്തോ വലിയ തെറ്റാണെന്ന ഭാവത്തിൽ ഒരാള്‌ പോലും നോക്കി പേടിപ്പിക്കുവോ/വിലയിരുത്തുകയോ ചെയ്യുന്നില്ല.ഇതൊക്കെ ഒരു പോസിറ്റീവായി തന്നെ എടുക്കുന്നു.നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക്‌ പുരുഷന്മാർ ആസ്വദിക്കുന്ന എല്ലാ ആഘോഷങ്ങളും ആസ്വദിക്കുവാനുള്ള സാഹചര്യമുണ്ടാകണം.അതിന്‌ തിരക്കെന്ന് പറയുന്നത്‌ സ്ത്രീകളെ കയറിപിടിക്കുവാനുള്ള മറയായി ഉപയോഗിക്കുന്ന പാഴുകളുണ്ടാവാതിരിക്കണം.പെൺകുട്ടികളെ ജഡ്ജ്‌ ചെയ്യാത്ത സമൂഹമുരിത്തിരിഞ്ഞ്‌ വരണം.ഈ തലമുറയിൽ എനിക്ക്‌ പ്രതീക്ഷയുണ്ട്‌.കുറേയൊക്കെ മാറി വരും.©Bebeto Thimothy

Posted by Bebeto Thimothy on Tuesday, February 5, 2019

LEAVE A REPLY

Please enter your comment!
Please enter your name here