മൂന്നുമാസത്തിനുള്ളില്‍ കവര്‍ന്നത് 20പേരുടെ മാല; സുഹൃത്തുക്കളുമൊത്ത് സുഖവാസകേന്ദ്രങ്ങളില്‍ ആര്‍ഭാടജീവിതം; ഒടുവില്‍ പിടിയിലായി

0
6

ചാലക്കുടി: ഇരുപതോളം പേരുടെ മാല പൊട്ടിച്ച് ആര്‍ഭാട ജീവിതം നയിച്ചു വന്ന യുവാവ് പൊലീസിന്റെ പിടിയിലായി. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ഭാസിയുടെ മകന്‍ അമലാണു (20) പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മൂന്നര മാസത്തിനിടെ അമല്‍ കവര്‍ന്നത് 20 പേരുടെ മാലയാണ്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയായിരുന്നു ഇയാള്‍ മാല കവര്‍ന്നിരുന്നത്. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകളും കണ്ടെടുത്തു.

പ്രതിയെ തെളിവെടുപ്പിനുംമറ്റും ശേഷം വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഒരുതരത്തിലും പിടിക്കപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് അമല്‍ മോഷണത്തിനിറങ്ങിയത്. മോഷണത്തിനായുപയോഗിക്കുന്ന ഇരുചക്രവാഹനം പരമാവധി പുറത്തിറക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കൂടാതെ മോഷണത്തിനിറങ്ങുമ്പോള്‍ ബൈക്കില്‍ എക്സ്ട്രാ ഫിറ്റിങ്സുകളും ആക്സസറീസുമുപയോഗിച്ച് രൂപമാറ്റം വരുത്തിയിരുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുകയും ചെയ്തു.

ഒക്ടോബര്‍ പകുതിയോടെ ചാലക്കുടി ബ്രൈറ്റ് സ്റ്റാര്‍ ക്ലബിനു സമീപത്ത് വെച്ച് 69വയസുള്ള സ്ത്രീയുടെ മാലപൊട്ടിച്ചാണ് തുടക്കം. തുടര്‍ന്നു മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ടുകുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പുറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിന്‍വശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍വച്ചു സ്ത്രീകളുടെ മാല പൊട്ടിച്ചു. ആദ്യ രണ്ട് മാല പൊട്ടിക്കല്‍ സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും ധരിച്ചെത്തിയ ആളാണ് ഉള്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. എങ്കിലും വാഹനത്തെക്കുറിച്ചോ ആളെക്കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചില്ല.

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും മുന്നരമാസമാണ് മോഷ്ടാവിനെ തേടി അലഞ്ഞത്. ഇതിനിടയിലും മോഷണം തുടര്‍ന്നു. പരാതികള്‍ ലഭിച്ച പ്രദേശങ്ങളിലെ സിസിടിപി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പോലീസ് നടപടി ആരംഭിച്ചത്. ജി.പി.എസ്. സാങ്കേതിക വിദ്യയിലൂടെയാണു പ്രതിയെക്കുറിച്ചു സൂചന കിട്ടിയത്. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു.

സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്തും അതിനു ശേഷവും ഈ പരിധിയിലുണ്ടായിരുന്ന യുവാക്കളെയായിരുന്നു പ്രത്യേകം നിരീക്ഷിച്ചത്. ഇവര്‍ വിളിച്ച ഫോണ്‍ കോളുകള്‍ക്ക് പിറകെ പോയതോടെ കുറ്റിച്ചിറ സ്വദേശി അമല്‍ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു നിരവധി തവണ വിളിച്ചതായി കണ്ടെത്തിയത്. അമലിന്റെ ഫോട്ടോയുമായി ഇത്തരം സ്ഥാപനങ്ങളില്‍ എത്തിയ പോലീസ് ഇയാള്‍ വിവിധ ഇടങ്ങളിലായി 14 മാലകള്‍ പണയം വച്ചതായി കണ്ടെത്തി.

അമലിന്റെ വീടും പരിസരങ്ങളും നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.സംഭവസ്ഥലങ്ങളിലും സ്വര്‍ണം പണയം വച്ച സ്ഥാപനങ്ങളിലും വില്പന നടത്തിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പു നടത്തി. മോഷ്ടിച്ച മാലകള്‍ വിറ്റും പണയം വച്ചും കിട്ടിയ പണം വീടിനു സമീപത്തെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായ സുഹൃത്തുക്കള്‍ക്കൊപ്പം കേരളത്തിനു പുറത്തെ സുഖവാസ കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തിയും ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റും യുവതികളോടൊപ്പം താമസിച്ചും ധൂര്‍ത്തടിച്ചെന്നു സമ്മതിച്ചു. സുഹൃത്തുക്കളെപ്പറ്റിയും വിശദമായ അന്വേഷണത്തിലാണു പോലീസ്.

തീര്‍ത്തും സാധാരണ കുടുംബാംഗമായ അമലിന്റെ ജീവിതരീതിയാണ് പോലീസിനെ സംശയിപ്പിച്ചത്. പത്ര വിതരണമായിരുന്നു അമലിന്റെ ജോലി. പ്ലസ്ടുവാണ് വിദ്യാഭ്യാസം. സുഹൃത്തുക്കളേയും കൂട്ടിയുള്ള യാത്രകളായിരുന്നു പ്രധാന പരിപാടി. കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളിലേക്കായിരുന്നു യാത്രകളില്‍ പലതും. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ഇത്തരത്തിലാണ് ചിലവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here