ശബരിമല ഹര്‍ജികളില്‍ ഇനി വാദം കേള്‍ക്കില്ല; എഴുതി നല്‍കാം; കഴമ്പുണ്ടെന്ന് തോന്നിയാല്‍ വാദത്തിന് അവസരമെന്ന് സുപ്രീം കോടതി

0
4

ന്യൂഡല്‍ഹി: ശബരിമല കേസില്‍ നേരിട്ടു വാദം കേള്‍ക്കുന്നതിന് ഇനി അവസരമില്ലെന്നു സുപ്രീംകോടതി. അഭിഭാഷകര്‍ക്കു വാദം എഴുതി നല്‍കാമെന്നു കോടതി ആവര്‍ത്തിച്ചു. ഇന്നും അഭിഭാഷകന്‍ കേസ് പരാമര്‍ശിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുന:പരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കണോയെന്നതില്‍ വാദം കേട്ടപ്പോള്‍ തന്നെ വാദിക്കാന്‍ അവസരം ലഭിക്കാത്തവര്‍ നിലപാടുകള്‍ എഴുതി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

യുവതി പ്രവേശന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹര്‍ജികളും അനുബന്ധ ഹര്‍ജികളും ഭരണഘടന ബെഞ്ച് തീരുമാനം പറയാന്‍ മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. വിധിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും വാദങ്ങള്‍ എഴുതി നല്‍കുന്നതിന് 7 ദിവസമാണ് കോടതി അനുവദിച്ചത്.

അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടി ഹര്‍ജി നല്‍കിയ മാത്യൂസ് നെടുമ്പാറയാണ് ഇന്ന് കേസ് മെന്‍ഷന്‍ ചെയ്തത്. പുനപരിശോധന ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയ ഇന്നലത്തെ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി തേടി. ഇന്നലെ വാദത്തിന് അവസരം ലഭിക്കാതിരുന്ന അഭിഭാഷകര്‍ക്ക് വാദത്തിന് സമയം നല്‍കണം എന്നാണ് ആവശ്യം.

ഭരണഘടനപരമായ അടിസ്ഥാന വിഷയങ്ങള്‍ ഉണ്ടെന്ന് മാത്യുസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാത്തിനും ഒരു പരിധിയുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ‘ഞങ്ങള്‍ നിങ്ങളെ കേട്ടു. നിങ്ങള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ടെന്നും അതില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ ഞങ്ങള്‍ വാദത്തിന് അവസരം നല്‍കുമെന്നും’ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇന്നലെ പുനപരിശോധനാ ഹര്‍ജികളില്‍ ഏതാണ്ട് പന്ത്രണ്ട് അഭിഭാഷകരുടെ വാദം മാത്രമാണ് സുപ്രിംകോതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേട്ടത്. ബാക്കിയുള്ള അഭിഭാഷകരുടെ വാദങ്ങള്‍ എഴുതി നല്‍കാനാണ് ചീഫ് ജസ്റ്റിസ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ മാത്യൂസ് നെടുമ്പാറ ഇന്ന് വിഷയം വീണ്ടും കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. തനിക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ഉണ്ടെന്നും അതിനാല്‍ കേസ് മെന്‍ഷന്‍ ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് മാത്യൂസ് നെടുമ്പാറ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. തന്റെ വാദങ്ങള്‍ കോടതി കേട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ വീണ്ടും വാദം കേള്‍ക്കാന്‍ തയ്യാറല്ല എന്നു മറുപടിയാണ് ചീഫ് ജസ്റ്റിസ് നല്‍കിയത്. അതേസമയം പുനപരിശോധന ഹര്‍ജികളില്‍ ഏതെങ്കിലും തരത്തിലുള്ള പുതിയ കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ അത് എഴുതി നല്‍കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് തോന്നുകയാണെങ്കില്‍ തുറന്ന കോടതിയില്‍ വാദത്തിന് അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here