കൈയേറ്റക്കാരുടെ കാടും നാടും

0
21

പ്രളയക്കെടുതികള്‍ അതിജീവിച്ച് മൂന്നാര്‍ ഉള്‍പ്പെട്ട ഇടുക്കി ജില്ല സാവകാശം കരകയറുകയാണ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മനുഷ്യനിര്‍മ്മിതമായിരുന്നോ എന്ന തര്‍ക്കം പ്രകൃതി സ്‌നേഹികള്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിഷയമായിരിക്കെ ഇടുക്കിയിലെ ദേവികുളത്ത് ഭൂമി കൈയേറ്റം വീണ്ടും വാര്‍ത്തയായിരിക്കുന്നു. പുഴയോരത്ത് പുറമ്പോക്ക് പ്രദേശം കൈയേറി കെട്ടിടം പണിയുന്നത് സബ് കളക്ടര്‍ ഇടപെട്ടു തടയാന്‍ ശ്രമിച്ചതാണ് പുതിയ വിവാദത്തിന് തുടക്കം. തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ കൈയേറ്റ പ്രദേശത്ത് നിര്‍മ്മാണം തടയാന്‍ ചെന്നപ്പോള്‍ നിയമസഭാംഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തെ തടസപ്പെടുത്തി എന്നുമാത്രമല്ല, അവരെ അതിന് നിയോഗിച്ച സബ്കളക്ടര്‍ ഡോ. രേണു രാജിനെ നിയമസഭാംഗമായ എസ്. രാജേന്ദ്രന്‍ സംസ്‌കാര ശൂന്യമാംവിധം അധിക്ഷേപിക്കുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല.

ഇടുക്കിയിലെ ഭൂമികൈയേറ്റം ഇന്നൊരു വാര്‍ത്തയേയല്ല. വന്‍കിടയും ചെറുകിടയുമായ കൈയേറ്റങ്ങള്‍ അവിടെ ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. തല്‍പ്പര കക്ഷികള്‍ ചിലതൊക്കെ വാര്‍ത്തകളാക്കുന്നു എന്നുമാത്രം. നിയമപരമായി മൂന്നാറിലെയും മറ്റ് ഇടുക്കി പ്രദേശങ്ങളിലെയും ഭൂമി കൈയേറ്റങ്ങള്‍ ഒഴുപ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനം തെക്കുവടക്ക് കുലുങ്ങി വിറയ്ക്കും. ചിലപ്പോള്‍ ഒഴുപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥ മേധാവിക്ക് കസേര നഷ്ടപ്പെടും എന്നു മാത്രമല്ല; ആ വ്യക്തിയെ അതിന് നിയോഗിച്ച ഭരണകൂടം തന്നെ ഇല്ലാതായെന്നു വരാം. അത്രമാത്രം പ്രബലമാണ് കേരളത്തിന്റെ മലയോര പ്രദേശങ്ങളിലെ ഭൂമാഫിയ. 2007 ല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റ് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴുപ്പിക്കാന്‍ മൂന്ന് ഉദ്യോഗസ്ഥ പൂച്ചകളെ അങ്ങോട്ട് നിയോഗിച്ച കാര്യം കേരളം മറന്നിട്ടില്ല. ചില്ലറക്കാരായിരുന്നില്ല അവര്‍ മൂവരും. മുഖ്യമന്ത്രിയുടെ പ്രീയപ്പെട്ട ഓഫീസര്‍മാരായിരുന്ന കെ. സുരേഷ് കുമാര്‍, രാജു നാരായണ സ്വാമി, ഋഷിരാജ് സിങ് എന്നിവരായിരുന്നു മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി രംഗത്തെത്തിയത്. സത്യസന്ധതയ്ക്കും നീതിബോധത്തിനും പേരുകേട്ടവരാണ് ഈ ഉദ്യോഗസ്ഥന്മാരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കാര്യപ്രാപ്തിക്കും അവര്‍ ഒന്നിനൊന്ന് മെച്ചം. അങ്ങനെയുള്ള ആ ഓഫീസര്‍മാര്‍ മൂന്ന് പേരും മൂന്നാറിലെത്തി കൈയേറ്റക്കാരുടെ പട്ടിക ശേഖരിച്ചു. ഓരോരുത്തര്‍ക്കും നോട്ടീസ് കൊടുത്തു. പിന്നാലെ ബുള്‍ഡോസറുമായി അനധികൃത നിര്‍മ്മാണം ഒന്നൊന്നായി പൊലീസിന്റെ സാന്നിധ്യത്തില്‍ പൊളിച്ചു നീക്കാന്‍ തുടങ്ങി. റിസോര്‍ട്ടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പാര്‍ട്ടി ഓഫീസുകള്‍ എന്നിങ്ങനെ ദീര്‍ഘകാലമായി സര്‍ക്കാരിന്റെ പുറമ്പോക്ക് കൈയേറി കെട്ടിടം വച്ച് വിലസിവന്ന ധനികരും പ്രബലരുമായ ആളുകള്‍ ആടി ഉലയാന്‍ തുടങ്ങി. മൂന്നാറില്‍ വലിയൊരു വിപ്ലവം നടക്കുന്നുവെന്ന വിചാരം സംസ്ഥാനം ഒട്ടുക്ക് പരന്നു. വി.എസ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയായിരുന്നു അത്. പിന്നിട്ട ഒരു വര്‍ഷം സര്‍ക്കാരിന് പലകാരണങ്ങളാല്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടയിരുന്നില്ല. പക്ഷേ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ വി.എസിനു മാത്രം ചെയ്യാന്‍ കഴിയുന്ന ധീരമായ ഒരു കൃത്യമായി മാധ്യമലോകം മുക്തകണ്ഠം പ്രശംസിച്ചു. പക്ഷേ രാഷ്ട്രീയമായി അന്നത്തെ ഇടത് സര്‍ക്കാരിന് അത് വലിയ ക്ഷീണമുണ്ടാക്കി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ പരസ്യമായി തന്നെ മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞു. കാരണം മൂന്നാറിലെ സി.പി.ഐ ഓഫീസ് കെട്ടിടം കൈയേറ്റ ഭൂമിയിലായിരുന്നു. കൈയേറ്റക്കാര്‍ക്ക് ദീര്‍ഘകാലമായി ഒത്താശ ലഭിച്ചുപോരുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നായിരുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ മൂന്നാറില്‍ അദ്ദേഹത്തിനെതിരായി. സ്വന്തം മുന്നണിയിലെ തന്നെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയാതെ അനധികൃത നിര്‍മ്മാണത്തിനും ഭൂമി കൈയേറ്റത്തിനും എതിരായ അന്നത്തെ ഇടത് സര്‍ക്കാരിന്റെ വന്‍ നീക്കം മല എലിയെ പ്രസവിച്ചതുപോലെ അര്‍ത്ഥശൂന്യമായി അവസാനിച്ചു. കൈയേറ്റക്കാര്‍ ജയിക്കുകയും നീതി സംവിധാനങ്ങള്‍ നിശ്ചലമാവുകയും ചെയ്ത ദു:ഖകരമായ അവസ്ഥ. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇപ്പോഴത്തെ സ്ഥിതി. അതിനേക്കാള്‍ കൂടുതല്‍ വഷളാണെന്ന് വേണം പറയാന്‍. കാരണം ഒഴിപ്പിക്കല്‍ നടപടി വന്നാല്‍ എങ്ങനെ നേരിടണം എന്ന പാഠം അന്ന് കൈയേറ്റക്കാര്‍ക്ക് കിട്ടി.
ദേവികുളത്തും ചിന്നക്കനാലിലും മറയൂരിലും മതികെട്ടാന്‍ മലയിലും മറ്റും പിന്നെയും കൈയേറ്റങ്ങള്‍ വിവാദമായിത്തീര്‍ന്നു. വരുമൊരോ വിവാദം വന്നപോലെ പോകും എന്നതാണവസ്ഥ. ശ്രീറാം വെങ്കിട്ടരാമന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റക്കാരോട് ഏറ്റുമുട്ടി ദേവികുളത്തുനിന്ന് സ്ഥലം വിട്ട മുന്‍ സബ്കളക്ടറാണ്. അദ്ദേഹത്തിനും കിട്ടി ഭരണകക്ഷി നേതാക്കളില്‍ നിന്ന് വയറുനിറച്ച് തെറിയഭിഷേകം. ഡോ. രേണു രാജ് നിയമസഭാംഗമായ രാജേന്ദ്രനില്‍ നിന്ന് കേട്ട അസഭ്യവാക്കുകള്‍ ഇടുക്കിയെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. സാമാന്യ നീതി പുലരുന്ന മാന്യമായൊരു ജീവിത വ്യവസ്ഥ നമ്മുടെ പൊതു ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ഇടുക്കിയും അതുപോലുള്ള പ്രദേശങ്ങളും നന്നാകുമായിരിക്കും. അതുവരെ ഏതു രാജേന്ദ്രനെയും പൊതു സമൂഹം സഹിച്ചേ പറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here