തിരുവിതാംകൂറിലെ ”ഉണ്ണിയാര്‍ച്ച”; നിവര്‍ത്തന പ്രക്ഷോഭകാലത്തെ വീറുറ്റ പോരാളി അക്കാമ്മ ചെറിയാന്‍

0
589

ജോസ് ചന്ദനപ്പള്ളി

തിരുവിതാംകൂറിലെ ഝാന്‍സിറാണി എന്ന അപരനാമധേയത്തിലാണ് അക്കാമ്മ ചെറിയാനെ ഇന്ത്യന്‍ സ്വാതന്ത്രസമരചരിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയ ചരിത്രത്തിലെയും ജ്വലിക്കുന്ന സ്ത്രീരത്‌നമായിരുന്നു അവര്‍. അജയ്യതയുടെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു അക്കാമ്മ ചെറിയാന്റെ ജീവിതം. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നടന്ന ദേശീയസമരത്തില്‍ പങ്കെടുത്ത ഒരു വനിത എന്നനിലയില്‍ അവരുടെ ത്യാഗപൂര്‍ണ്ണമായ നേതൃത്വം എന്നും കേരളീയ സ്ത്രീത്വത്തിന്റെ പ്രതീകമായിരുന്നു. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവര്‍ത്തനരംഗത്തും തിളങ്ങിയ വനിത എന്നനിലയിലും അവര്‍ ഏറെ പ്രശസ്തയായി. 1909 ഫെബ്രുവരി 15-ന് കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രിയായിട്ടാണ് അക്കാമ്മയുടെ ജനനം. കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം 1931-ല്‍ എറണാകുളം സെന്റ് തെരേസാസ് കേളേജില്‍നിന്ന് ചരിത്രത്തില്‍ ബി.എ നേടിയ അക്കാമ്മ 1932-ല്‍ കാഞ്ഞിരപ്പളളി സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ആയി ജോലിയില്‍ പ്രവേശിച്ചു. ജാതീയ അസമത്വങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ച അക്കാമ്മ സാമൂഹ്യ-രാഷ്ട്രീയ സേവനങ്ങളിലും ഏര്‍പ്പെട്ടുവന്നു. രാജ്യസ്‌നേഹത്തിന്റെ അലയൊലികള്‍ നിറഞ്ഞുനിന്നിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അക്കാമ്മയെ സംബന്ധിച്ചിടത്തോളം തന്റെ സേവനം വിദ്യാഭ്യാസമേഖലയ്ക്കു മാത്രം നല്‍കാനുള്ളതല്ലെന്ന തിരിച്ചറിവുണ്ടായിരുന്നു. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിലേയ്ക്കും അവര്‍ ധീരതയോടെ കടന്നുവന്നു.
1938 മുതല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസ്സിന്റെ ആരംഭം മുതല്‍ അതിന്റെ പ്രധാന സംഘാടകയായി കാഞ്ഞിരപ്പള്ളിയില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തു. പട്ടം താണുപിള്ളയെ പോലുള്ളവരോടൊപ്പം സമരരംഗത്ത് നിലയുറപ്പിച്ചു. 1939-ല്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് തിരുവിതാംകൂര്‍ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പ്രധാനപങ്കുവഹിച്ചു. ഉത്തരവാദപ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പട്ടം താണുപിള്ള, ടി. എം. വര്‍ഗ്ഗീസ്, സി. കേശവന്‍, മുഹമ്മദ് യൂസഫ് തുടങ്ങിയ നേതാക്കളെ മോചിപ്പിക്കുന്നതിനും ഉത്തരവാദഭരണം അനുവദിക്കാനും തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജന്മദിനത്തില്‍ സ്റ്റേറ്റ്‌കോണ്‍ഗ്രസ് പ്രസിഡന്റ് എന്നനിലയില്‍ ജനങ്ങളുടെ ആവലാതി ബോധിപ്പിക്കുന്നതിനായി രാജസന്നിധിയിലേയ്ക്ക് ജനകീയജാഥ നയിച്ചു. തമ്പാനൂരില്‍ നിന്ന് കവടിയാറിലേയ്ക്ക് നയിച്ച ഉജ്ജ്വല റാലിയാണ് അക്കാമ്മ ചെറിയാനെ പ്രശസ്തയാക്കി.
ഇരുപതിനായിത്തോളം ആളുകള്‍ പങ്കെടുത്ത റാലിക്കെതിരെ ബ്രിട്ടീഷ് പട്ടാളമേധാവി കേണല്‍ വാട്‌സിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളം വെടിവെപ്പുനടത്താന്‍ ആജ്ഞാപിച്ചപ്പോള്‍ അക്കാമ്മ സധൈര്യം മുന്നില്‍നിന്ന് ജാഥയുടെ നേതാവായ എന്നെക്കൊല്ലാതെ ജാഥയില്‍ അണിനിരന്ന ഒരാളെയും കൊല്ലാനാവില്ലെന്ന് പ്രഖ്യാപിച്ചു. അക്കാമ്മയുടെ തന്റേടത്തിന്റെ മുമ്പില്‍ അധികാരികള്‍ക്ക് വെടിവെക്കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു. രാഷ്ട്രീയ തടവുകാരെ ജയിലില്‍നിന്നും വിട്ടയച്ചു. വാര്‍ത്ത കേട്ടറിഞ്ഞ മഹാത്മാഗാന്ധി അവരെ അഭിനന്ദിച്ചു. അറസ്റ്റുചെയ്യപ്പെട്ട അക്കാമ്മയെ 1939 ജനുവരി 31-ന് ഒരുവര്‍ഷത്തേക്ക് തടവിലിട്ടു.
1940-ല്‍ ജയില്‍ മോചിതയായ അക്കാമ്മ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി. 1942-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കേണ്‍ഗ്രസ്സിന്റെ ആക്ടിംഗ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തെ തുടര്‍ന്നുണ്ടായ സിവില്‍ ആജ്ഞാലംഘനത്തില്‍ പങ്കെടുത്തതിന് ഒരു വര്‍ഷക്കാലം തടവില്‍കഴിയേണ്ടിവന്നു. നിരന്തര പീഡനങ്ങളെ ധീരമായി അതിജീവിച്ച അവര്‍ ജയില്‍ മോചനത്തിനുശേഷവും സ്വാതന്ത്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തിയോടെ വ്യാപൃതയായി. 1946-ല്‍ ഗവണ്‍മെന്റ് നിരോധനാജ്ഞ ലംഘിച്ച് കാഞ്ഞിരപ്പള്ളിയില്‍ ഒരു ബഹുജന ഘോഷയാത്ര നയിച്ചതിനും ദിവാന്‍ സര്‍. സി.പി രാമസ്വാമിഅയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ സമരം പ്രഖ്യാപിച്ചതിനും തടവുശിക്ഷ ലഭിച്ചു.
1947-ല്‍, സ്വാതന്ത്ര്യത്തിനുശേഷം നിലവില്‍വന്ന തിരുവിതാംകൂര്‍ നിയമസഭയിലേക്ക് അക്കാമ്മ തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഏറെ തിളങ്ങിനില്‍ക്കുന്ന കാലത്താണ് അക്കാമ്മ സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാ അംഗവുമായ പി. വി. വര്‍ക്കിയെ വിവാഹം ചെയ്തത്. 1950-ല്‍ അക്കാമ്മ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഒറ്റയ്ക്ക് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന അക്കാമ്മ 1952-ല്‍ മീനച്ചല്‍ പാര്‍ലമെന്റ് സീറ്റില്‍ ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് പരാജയപ്പെട്ടു. 1967-ല്‍ കേരളനിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും അന്നും വിജയിച്ചില്ല. ഇതിനെത്തുടര്‍ന്ന് അക്കാമ്മ ക്രമേണ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു. പില്‍ക്കാലത്ത് അവര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ അഡൈ്വസറി ബോര്‍ഡില്‍ സേവനമനുഷ്ഠിച്ചു. 1972-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള താമ്രപത്രം നല്‍കി ആദരിച്ചു. 1982 മേയ് 5-ന് അക്കാമ്മ ചെറിയാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സ്വാതന്ത്ര്യസമരസേനാനി റോസമ്മ പുന്നൂസ് അക്കാമ്മയുടെ സഹോദരിയായിരുന്നു. തിരുവനന്തപുരത്ത് രാജ്ഭവനു സമീപം വെള്ളയമ്പലത്ത് അക്കാമ്മയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

തടവറയില്‍ സഹോദരിമാര്‍
സഹോദരി റോസമ്മ പുന്നൂസിനൊപ്പമാണ് അക്കാമ്മ ജയിലിലായത്. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗമായ ആനി മസ്‌ക്രീനും ജയിലിലുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് ദേശിയഗാനമാലപിച്ചത് അധികാരികളെ ചൊടിപ്പിച്ചു. ക്രൂരമായ പെരുമാറ്റമാണ് അവര്‍ക്ക് ജയിലിലുണ്ടായത്. ഇതു കത്തു മുഖേന ഗാന്ധിജിയെ അറിയിച്ചപ്പോള്‍ ഹരിജന്‍ മാസികയില്‍ ശക്തമായ ഭാഷയില്‍ മഹാത്മജി ജയിലിലെ ക്രൂരതകള്‍ എഴുതി. എന്നാല്‍ ദിവാന്‍ സി.പി. അതു നിഷേധിച്ചു. ഒരുവര്‍ഷത്തെ ശിക്ഷയ്ക്കുശേഷം മോചിതരായ അക്കാമ്മ, കോണ്‍ഗ്രസ്സിന്റെ ആക്ടിങ് പ്രസിഡന്റായി. രാജ്യമൊട്ടാകെ അലയടിച്ച ക്വിറ്റ് ഇന്‍ഡ്യ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ വീണ്ടും ജയിലിലായി.

(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here