കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

0
1

കാസര്‍കോട്: കല്ലിയോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ വൈകീട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശരത്തും മരിച്ചു. ഇരുവരുടെയും മൃതദേഹം കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ച ശരത് ലാലും കൃപേഷും. ശരത്ത് ലാല്‍ ജവഹര്‍ ബാലജനവേദി മണ്ഡലം പ്രസിഡന്റുാണ്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരന് കൈക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയാണ് ശരത്ത്. ഇതിന്റെ് പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് സിപിഎം. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി കാസര്‍കോടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്തൊട്ടാകെയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെപിസിസിയുടെ ഇന്നത്തെ ജനമഹായാത്രയും യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചയും കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇന്ന് വൈകീട്ട് കാസര്‍കോട്ടെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here