സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് : കേരളത്തിന് രണ്ടാം സ്വര്‍ണ്ണം

0
2

നഡിയാദ്: ദേശീയ സ്‌കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ. ഫാതിഹാണ് സ്വര്‍ണം നേടിയത്. 14.57 സെക്കന്‍ഡിലായിരുന്നു ഫാതിഹിന്റെ സ്വര്‍ണഫിനിഷ്.

ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമാണ് മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന്റെ സമ്പാദ്യം. അനന്തു പി ജയനും കെ.എം. ശ്രീകാന്തുമാണ് വെങ്കലം നേടിയത്. അനന്തു 400 മീറ്റര്‍ ഓട്ടത്തില്‍ 48.89 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ലോംഗ്ജമ്പില്‍ 7.20 മീറ്റര്‍ ചാടിയാണ് കെ.എം. ശ്രീകാന്ത് വെങ്കലം നേടിയത്. ഇതോടെ മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണവും നാല് വെങ്കലവുമായി.

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ഇന്നലെ നേടിയത് ഒരു സ്വര്‍ണവും രണ്ടുവെങ്കലവും. ്ഇന്നലെ പോള്‍വാള്‍ട്ടില്‍ എ.കെ സിദ്ധാര്‍ഥാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. 4.40 മീറ്റര്‍ ചാടിയാണ് സിദ്ധാര്‍ഥിന്റെ സ്വര്‍ണനേട്ടം. 100 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരം സായിയിലെ സി. അഭിനന്ദും ഹൈജമ്പില്‍ അലന്‍ ജോസും വെങ്കലം നേടി. 10.86 സെക്കന്‍ഡിലാണ് അഭിനന്ദ് ഫിനിഷ് ചെയ്തത്. 10.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടകയുടെ വി. ശശികാന്തിനാണ് സ്വര്‍ണം.

യു.പിയുടെ റിങ്കു സിങ് 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി. ഹൈജമ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവരും പിന്നിട്ടത് ഒരേ ഉയരമായിരുന്നു (2.03 മീ.). എന്നാല്‍, കൂടുതല്‍ അവസരം ഉപയോഗിച്ചതിനാല്‍ കേരളത്തിന്റെ അലന്‍ ജോസ് വെങ്കലത്തിലൊതുങ്ങി. ടൈബ്രേക്കറിലൂടെ കര്‍ണാടകയുടെ പി. യശസ് സ്വര്‍ണവും മഹാരാഷ്ട്രയുടെ ഗൗരവ് അഭയ് വെള്ളിയും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here