പാലക്കാട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

0
12
അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

പാലക്കാട്: ചന്ദ്രനഗര്‍ ബിപിഎല്‍ കൂട്ടുപാതയിലെ നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഒരു പകല്‍ നീണ്ട തീപിടിത്തത്തില്‍ ചന്ദ്രനഗറും നഗരത്തിലെ ഏതാനും ഇടങ്ങളും മാലിന്യപ്പുകയില്‍ മുങ്ങി. ഒട്ടേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യമായി. സംസ്‌കരണകേന്ദ്രത്തിന് 6 കിലോ മീറ്റര്‍ അകലെ വരെ പുകകൊണ്ടു നിറഞ്ഞു. ഇതു ജനജീവിതത്തെ ബാധിച്ചു. പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ ടണ്‍ കണക്കിനു മാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്.
പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള 11 യൂണിറ്റ് അഗ്‌നിരക്ഷാ സേന 12 മണിക്കൂറിലധികം ശ്രമിച്ചാണു തീ നിയന്ത്രണ വിധേയമാക്കിയത്. പുക വന്‍തോതില്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചതോടെ രക്ഷാപ്രവര്‍ത്തനം ദു:സ്സഹമായി. നഗരപ്രദേശങ്ങളിലും രൂക്ഷഗന്ധമുണ്ടായി. ടണ്‍ കണക്കിനു മാലിന്യം നിറഞ്ഞ സ്ഥലത്തു രക്ഷാപ്രവര്‍ത്തകര്‍ക്കു കൂടുതല്‍ ഒന്നും ചെയ്യാനാവാത്തതാണു തീ പടര്‍ന്നുയരാന്‍ കാരണമായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മാലിന്യങ്ങള്‍ നീക്കിയാണ് സേന തീ അണച്ചത്.
മാലിന്യങ്ങള്‍ക്കു മുകളില്‍ കയറി വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതിരുന്നതും തടസ്സമായി. വ്യവസായ സ്ഥാപനങ്ങളിലേക്കു തീ പടരാതിരിക്കാന്‍ സേനയ്ക്കു നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. ഇവിടെ നിന്നു ദിവസേന 7 ടണ്‍ വളം നഗരസഭ നിര്‍മിക്കുന്നതായി നഗരസഭ ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി കിടക്കുന്ന മാലിന്യങ്ങള്‍ ഇവിടെയുണ്ട്. ചൂടില്‍ മാലിന്യങ്ങള്‍ക്കു തീ പിടിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണു വര്‍ഷങ്ങളായി ഇവിടെ തള്ളുന്നത്. ഇവ കത്തുന്നതോടെ പുറത്തു വരുന്നത് കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥൈല്‍, സല്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നീ വിഷ വാതകങ്ങളാണ്. കൂടുതല്‍ നേരം ശ്വസിച്ചാല്‍ മരണം വരെ സംഭവിക്കാവുന്ന കാ!ര്‍ബണ്‍ മോണോക്‌സൈഡാണ് ഇതില്‍ ഏറ്റവും അപകടകാരിയെന്നു ആരോഗ്യ വകുപ്പ് പറയുന്നു. പച്ചക്കറിയടക്കമുള്ള ജൈവ മാലിന്യങ്ങളില്‍ നിന്നാണ് മിഥൈല്‍ പുറത്ത് വരുന്നത്. പ്ലാന്റിന് 5 കിലോ മീറ്റര്‍ ചുറ്റളവിലേക്ക് വ്യാപിക്കുന്ന പുക നൂറുകണക്കിന് ആളുകളിലേക്കാണ് നേരിട്ട് എത്തുന്നത്. പുകയുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെന്നു ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
എല്ലാ വര്‍ഷവും ഇവിടെ തീപിടിത്തം പതിവാണ്. മാലിന്യം ഒഴിവാക്കാന്‍ അധികൃതരുടെ സഹായത്തോടെ തീ കത്തിക്കുന്നതാണോയെന്നു സംശയമുണ്ടെന്ന് അഗ്‌നിസുരക്ഷാ സേന അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത ചൂടില്‍ മാലിന്യത്തിന് തനിയെ തീ പിടിക്കുന്നതാണെന്നാണു നഗരസഭയുടെ വിശദീകരണം. പ്ലാന്റിലെ സംസ്‌കരണ യൂണിറ്റിന് താങ്ങാവുന്നതിലും കൂടുതല്‍ മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥൈല്‍, സല്‍ഫര്‍ഡൈ ഓക്‌സൈഡ് തുടങ്ങി വാതകങ്ങള്‍ ശ്വസിച്ചായിരുന്നു ഇന്നലെ അഗ്‌നി സുരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനം. സുരക്ഷയ്ക്കായി കൈയിലുള്ളത് മാസ്‌ക് മാത്രം. മണിക്കൂറുകള്‍ പുകയുള്ള സ്ഥലത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here