പി. എ. അലക്‌സാണ്ടര്‍

കേരളാ കോണ്‍ഗ്രസ് എമ്മിലെ നേതൃതര്‍ക്കം യു.ഡി.എഫിന് വലിയ കീറാമുട്ടിയായി. ജോസഫ് ഗ്രൂപ്പ് കെ. എം. മാണിയുമായി കലഹിച്ച് പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്തി യു.ഡി.എഫില്‍ തന്നെ ഘടകകക്ഷിയായി തുടരാനാഗ്രിക്കുന്നു എന്നാണ് സൂചന.
കോട്ടയം, ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകളിലേതെങ്കിലും ഒന്നില്‍ പി. ജെ. ജോസഫ് മത്സരിക്കാന്‍ താല്പര്യപ്പെടുന്നതായി യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. മാണി ഗ്രൂപ്പിലെ സീറ്റുതര്‍ക്കം സംബന്ധിച്ച അനുനയം പാളി എന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍. ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള പി. ജെ. ജോസഫിന്റെ കടുംപിടുത്തം കേരളാ കോണ്‍ഗ്രസ് എമ്മില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് ഇന്നലെ വരെയും യാതൊരു അയവുമില്ല. 26ന് കൊച്ചിയില്‍ ചേരുന്ന യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം രണ്ടിലൊന്ന് തീരുമാനിക്കുമെന്ന് പി. ജെ. ജോസഫ് തറപ്പിച്ചുപറയുന്നു. ജോസഫിനേയും മാണിയേയും അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗ് നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടിയും എം. കെ. മുനീറും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നാണ് മനസ്സിലാകുന്നത്. ജോസ് കെ. മാണിയുടെ ആധിപത്യം ഉറപ്പാക്കാനും കെ. എം. മാണിയുടെ പിന്‍ഗാമിയായി പുത്രനെ പ്രതിഷ്ഠിക്കാനുമുള്ള നീക്കമാണ് കേരളാ കോണ്‍ഗ്രസിന്റെ ശൈഥല്യത്തിനു കാരണം. പാര്‍ട്ടിയിലെ പല നേതാക്കളും മാണിയുടെ ഈ നീക്കത്തില്‍ അത്ര തൃപ്തരല്ല.
യു.ഡി.എഫ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്ന ഒരു സീറ്റ് ഏതായാലും അത് തനിക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് പി. ജെ. ജോസഫിന്റെ പക്ഷം. കോട്ടയം ജോസഫിനു വിട്ടുകൊടുക്കാന്‍ മാണിയും തയ്യാറല്ല. മൂന്ന് ദിവസം കഴിഞ്ഞ് കൊച്ചിയില്‍ ചേരുന്ന യു.ഡി.എഫ് ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി കൂടി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതുന്നത്.
കോട്ടയം സീറ്റില്‍ മാണിക്കും ജോസഫിനും സുസമ്മതനായ ഒരാളെ തീരുമാനിക്കാമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാട് അണികള്‍ അംഗീകരിച്ചില്ല. മാണിക്ക് കോട്ടയം വിട്ടുകൊടുത്താല്‍ പിന്നെ ജോസ് കെ. മാണിയായിരിക്കും പാര്‍ട്ടിയുടെ ‘സ്റ്റിയറിംഗ്’ എന്നും മറ്റുള്ളവരൊക്കെ പിന്തള്ളപ്പെടുമെന്നും ജോസഫ് ഗ്രൂപ്പിന്റെ ഭയം. നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ജോസഫ് വീണ്ടും കടുത്ത നിലപാടിലേക്ക് എത്തിച്ചേരുന്നത്.
സീറ്റ് ജോസഫിനു കൊടുത്താല്‍ വിജയിയാകുന്ന ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്നുള്ളതുകൊണ്ടാണ് ജോസ് കെ. മാണിയും കൂട്ടരും എതിര്‍ക്കുന്നത്.
ജോസഫ് ഗ്രൂപ്പ് മാണിയില്‍ ലയിക്കുമ്പോള്‍ 3:1 എന്ന അനുപാതത്തില്‍ സ്ഥാനങ്ങള്‍ പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതോടെ ലോക്‌സഭാ സീറ്റ് ജോസഫിനു വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വാദം. 3:1 എന്ന അനുപാതത്തില്‍ ലയനസമയത്ത് യാതൊരു വ്യവസ്ഥയുമില്ലെന്നാണ് ജോസ് കെ. മാണി വ്യക്തമാക്കുന്നത്. ജോയി ഏബ്രഹാം രാജ്യസഭാ അംഗമായതിന്റെ തുടര്‍ച്ചയായിട്ടാണ് ജോസ് കെ. മാണിക്ക് അവസരം ലഭിച്ചതെന്ന് മാണി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്.
അതും ലോക്‌സഭാ സീറ്റും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്. യു.ഡി.എഫ് വൃത്തങ്ങളും കേരളാ കോണ്‍ഗ്രസ് എമ്മും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദുഃഖിതരാണ്. അടുത്ത നാല് ദിവസത്തിനുള്ളില്‍ കേരളാ കോണ്‍ഗ്രസിലെ നെല്ലും പതിരും തിരിച്ചറിയും.
കേരളാ കോണ്‍ഗ്രസ് (എം) പി. ജെ. ജോസഫിനോട് വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ പി. സി. ജോര്‍ജ്ജ് എം.എല്‍എയും ജോസഫിനോടൊപ്പം ചേര്‍ന്നേക്കും. പി. ജെ. ജോസഫും കൂട്ടരും ജോസ് കെ. മാണിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറല്ല. പി. സി. ജോര്‍ജിന്റെ നിലപാടും അതുതന്നെയാണ്. പി. സി. ജോര്‍ജ് മാണിയെ വിട്ടുപോന്നതും ഇതേ കാരണത്താലാണ്.
യു.ഡി.എഫില്‍ നിന്നുകൊണ്ട് മാണി ഗ്രൂപ്പിനെതിരെ പോരാടാനാണ് പി. ജെ. ജോസഫും കൂട്ടരും കരുക്കള്‍ നീക്കുന്നത്. ഇടതുമുന്നണിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസും ജോസ് കെ. മാണിക്ക് എതിരാണ്. പി. ജെ. ജോസഫ് ഫ്രാന്‍സിസ് ജോര്‍ജിന്റെ രാഷ്ട്രീയ ഗുരുവുമാണ്. കെ. എം. ജോര്‍ജ്ജിന്റെ പുത്രനായ ഫ്രാന്‍സിസ് ജോര്‍ജ്ജ് മുമ്പ് പാര്‍ട്ടി വിട്ടുപോയതും ജോസ് കെ. മാണിയെ പാര്‍ട്ടി നേതൃത്തിലേക്ക് തിരുകിക്കയറ്റുന്നെന്ന് ആരോപിച്ചാണ്.
ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജോസഫിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ജോസഫ് അതിനു തയ്യാറല്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജുമായി ഇതിനോടകം ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളവര്‍ രണ്ട് റൗണ്ട് സംഭാഷണം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ച കൂടി കഴിഞ്ഞെങ്കില്‍ മാത്രമേ ഫ്രാന്‍സിസ് ജോര്‍ജ് പി. ജെ. ജോസഫുമായി അടുത്ത റൗണ്ട് സംഭാഷണങ്ങള്‍ ആരംഭിക്കൂ. ഇടതുമുന്നണിയില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. ഇടുക്കിയും കോട്ടയവും ചാലക്കുടിയും പത്തനംതിട്ടയുമാണ് അവര്‍ ചോദിച്ചിട്ടുള്ളത്. ഒരു എം.എല്‍.എ പോലും ഇല്ലാത്തവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് ഇടതുമുന്നണിയുടെ നിലപാട് എന്നാണ് അറിയുന്നത്. യു.ഡി.എഫില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റ് കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ജോസഫ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനാണ് ജോസഫിന്റെ നീക്കം. ആര്‍. ബാലകൃഷ്ണപിള്ള, സ്‌കറിയാ തോമസ്, പി. സി. തോമസ് ഇവരെയൊക്കെ ആകര്‍ഷിക്കാന്‍ കഴിയുമോ? പഴയ കേരളാ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമോ? ഇതൊക്കെയാണ് ജോസഫിന്റെ നീക്കത്തിനു പിറകിലുള്ളത്.
കോട്ടയത്ത് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം കാത്തുനില്‍പ്പുണ്ട്. പി. ജെ. കോട്ടയത്ത് മത്സരിച്ചാല്‍ കോണ്‍ഗ്രസിലെ എതിര്‍വിഭാഗം അദ്ദേഹത്തെ പിന്തുണക്കും.
ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിച്ചാല്‍ ചാലക്കുടിയിലേക്കോ ഇടുക്കിയിലേക്കോ പോകാന്‍ ജോസഫ് തയ്യാറാകും. ഉമ്മന്‍ചാണ്ടിയുടെ അന്തിമമായ തീരുമാനം കേരളാ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വിശ്വസിക്കുന്നവരും യു.ഡി.എഫില്‍ ഉണ്ട്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നം അവര്‍തന്നെ തീര്‍ക്കട്ടെ എന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറയുന്നത്.
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഇടതുപക്ഷ മുന്നണിക്കുള്ളിലും സി.പി.എം ഒറ്റപ്പെടുന്നു എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളെല്ലാം തന്നെ സി.പി.എമ്മിനെ കൈയൊഴിഞ്ഞതായിട്ടാണ് സൂചന. ഇരട്ടക്കൊലപാതകത്തിന്റെ പേരുദോഷം സി.പി.എമ്മിനു മാത്രമാണെന്നാണ് ഘടകകക്ഷികള്‍ പറയുന്നത്. സി.പി.ഐയുടെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചതും നല്‍കുന്ന രാഷ്ട്രീയ സന്ദേശം മറ്റൊന്നല്ല.

LEAVE A REPLY

Please enter your comment!
Please enter your name here