ഓര്‍മയില്‍ നിറഞ്ഞ് വി.ടി. ഭട്ടതിരിപ്പാട്; സാംസ്‌കാരിക സമുച്ചയത്തിന് ശിലയിട്ടു

0
23

പാലക്കാട്: നവോത്ഥാനത്തിന്റെ ഹരിശ്രീ കുറിച്ചു പാലക്കാടന്‍ സംസ്‌കൃതിക്കു തിലകം ചാര്‍ത്തിയ വി.ടി. ഭട്ടതിരിപ്പാടിനു നാടിന്റെ ഹൃദയാഞ്ജലി.
അദ്ദേഹത്തിന്റെയും അദ്ദേഹം പകര്‍ന്ന സന്ദേശങ്ങളുടെയും ഓര്‍മയുടെയും നിറവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാംസ്‌കാരിക സമുച്ചയത്തിനു ശിലയിട്ടു.
ഒന്നരവര്‍ഷത്തിനുള്ളില്‍ അവിടെ ഉയരുന്ന സ്മാരകം കേരളത്തിന്റെ സാംസ്‌കാരിക ചൈതന്യം വിളിച്ചോതുന്ന മഹത്തായ സ്ഥാപനമാകുമെന്നു ശിലാസ്ഥാപനം നിര്‍വഹിച്ച മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 56.58 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വിവരദായക കേന്ദ്രം, ലൈബ്രറി, പ്രദര്‍ശനശാല, ശില്‍പ നിര്‍മാണ കേന്ദ്രം, നാടന്‍ കലാകേന്ദ്രം, ഓഡിറ്റോറിയം, റെക്കോര്‍ഡിങ് സൗകര്യമുള്ള തിയറ്ററുകള്‍, താമസ സൗകര്യം അടക്കമാണു ഗവ.മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള 6 ഏക്കറില്‍ സമുച്ചയം ഒരുക്കുന്നത്.
നവോത്ഥന മൂല്യങ്ങള്‍ മുന്‍നിര്‍ത്തി നവോത്ഥാന നായകരുടെ നാമധേയത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ ആസ്ഥാനത്തും സാംസ്‌കാരിക സമുച്ചയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. എം.ബി. രാജേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി,
ഉപാധ്യക്ഷന്‍ ടി.കെ. നാരായണദാസ്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നത്തെ സാഹചര്യത്തിലുള്ള വെല്ലുവിളികളെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു മാത്രം നേരിടാനാകില്ലെന്നു മന്ത്രി എ.കെ. ബാലന്‍. സമീപകാല സംഭവങ്ങള്‍ ഇതാണു തെളിയിക്കുന്നത്. ബുദ്ധിപരവും ഭൗതികവുമായ വെല്ലുവിളികളെ നേരിടാന്‍ ആശയങ്ങള്‍ നവീകരിച്ച് ഉപയോഗപ്പെടുത്തണം. രാഷ്ട്രപിതാവു പോലും താമസിയാതെ തിരശ്ശിലയ്ക്കു പിന്നിലാകുന്ന സ്ഥിതിയാണ്.
നെഹ്‌റു പിന്നിലായി കഴിഞ്ഞു. താനടക്കമുള്ളവര്‍ വിശ്വസിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്കു ചരിത്രത്തില്‍ വലിയ സ്ഥാനം നല്‍കാന്‍ പലരും തയാറാകുന്നില്ല. അക്കഥയൊന്നും ഇവിടെ പറയുന്നില്ലെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ 2016 ല്‍ തന്ത്രി നല്‍കിയ സത്യവാങ്മൂലത്തിലെ രേഖപ്പെടുത്തലുകള്‍ സാംസ്‌കാരിക നായകന്‍മാരടക്കം വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here