മാനന്തവാടിയുടെ സമഗ്രവികസനത്തിന് പദ്ധതിരേഖ ഒരുങ്ങുന്നു

0
3

മാനന്തവാടി:നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി പദ്ധതിരേഖ ഒരുങ്ങുന്നു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭയുടെയും സമഗ്ര മുന്നേറ്റമാണ് പദ്ധതി രേഖയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി രേഖ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭാവിയിലേക്കുള്ള നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാനും വികസന സെമിനാര്‍ നടത്തി. സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജിന്റെ അധ്യക്ഷതയില്‍ ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ മുന്നോട്ട് വെച്ച ആശയങ്ങളും നിര്‍ദേശങ്ങളും സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ ക്രോഡീകരിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് മണ്ഡലം എംഎല്‍എ ഒ.ആര്‍ കേളു സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും.
അടിസ്ഥാന സൗകര്യം, കാര്‍ഷികം, ക്ഷീരമേഖല, ജലസേചനം, ടൂറിസം, പിന്നോക്ക വിഭാഗങ്ങളുടെ വികസനം തുടങ്ങിയവയ്ക്കാണ് പ്രധാന ഊന്നല്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധതരം ഫണ്ടുകളും ഏകോപിക്കും. ഫണ്ടിന്റെ പരിമിതി പരിഹരിക്കാന്‍ ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍, കേന്ദ്ര – സംസ്ഥാന ഫണ്ടുകള്‍, എംപി-എംഎല്‍എ ഫണ്ടുകള്‍ ഫലപ്രലദമായി ഉപയോഗപ്പെടുത്തും. മണ്ഡലത്തിലെ നഗരപ്രദേശങ്ങളോടൊപ്പം ഗ്രാമീണ മേഖലയിലും വികസനം പ്രകടമാക്കുകയാണ് ലക്ഷ്യം. മാനന്തവാടി ടൗണിലെ ഗതാഗത പരിഷ്‌കരണം, മാനന്തവാടി ടൗണില്‍ ആധൂനിക രീതിയിലുള്ള പുതിയ ബസ്സ്റ്റാന്‍ഡ്, ബൈപ്പാസുകള്‍, സാംസ്‌കാരിക വേദികള്‍, ശിശു-വയോജന സൗഹൃദ പാര്‍ക്കുകള്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മള്‍ട്ടിപര്‍പസ് സ്റ്റേഡിയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പഞ്ചായത്തുകളില്‍ കളിസ്ഥലം, പഴശ്ശി പുഴയോരത്ത് വഴിയോര ചന്ത തുടങ്ങിയ ആശയങ്ങളും പരിഗണിക്കുന്നുണ്ട്. മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകളും മിനി സിവില്‍ സ്റ്റേഷനും ഒരു കുടക്കിഴിലാക്കാനും പൊതുമരാമത്ത് വിശ്രമമന്ദിരം ആധൂനിക രീതിയില്‍ നവികരിക്കാനും കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമാക്കാനുമുള്ള നിര്‍ദേശവും വികസന സെമിനാര്‍ മുന്നോട്ടു വച്ചു. കബനി നദിയില്‍ നിന്നും വെള്ളം പമ്പ് ചെയ്തു കൃഷിക്ക് പ്രയോജനപ്പെടുത്താന്‍ കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതി തയാറാക്കാനും നിര്‍ദ്ദേശമുണ്ട്.
മണ്ഡലത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന-പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 18 കോടിയുടെ വികസന പ്രവര്‍ത്തികള്‍ നടത്തി. ഇതില്‍ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി പ്രത്യേക ഊന്നലാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ 495 കോടിയുടെയും പൊതുവിദ്യാഭ്യാസ മേഖലയില്‍ 104 കോടിയുടെയും വികസന പ്രവര്‍ത്തികള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് വഴി 61.41 ലക്ഷം രൂപയുടെയും കൃഷി വകുപ്പ് മുഖേന 308 കോടിയുടെയും വിവിധ പ്രവര്‍ത്തികള്‍ നടപ്പാക്കി. 28 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ നടപ്പാക്കിയ ക്ഷീര വികസന മേഖലയില്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2048 കോടിയുടെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആകെ 4259 കോടിയുടെയും പ്രവര്‍ത്തികള്‍ നടപ്പാക്കിയിട്ടുണ്ട്. ഒന്‍പതു കോടി രൂപ പട്ടിജാതി വിഭാഗക്കാരുടെ വികസനത്തിനായി വിനിയോഗിച്ചു. പൊതുമാരാമത്ത് 18 റോഡുകള്‍ക്കായി 5960 കോടിയുടെ പ്രവര്‍ത്തി നടപ്പാക്കി. നാല് റോഡുപണികള്‍ക്കായി നബാര്‍ഡിന്റെ 42 കോടിയും മണ്ഡലത്തിനായി ലഭ്യമാക്കി. 1286 കോടിയുടെ ചെറുകിട ജലസേചന പദ്ധതികളും മാനന്തവാടി മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്.
സെമിനാറില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഇ.ജെ ജോസഫ്, കില ഫാക്കല്‍റ്റി മംഗലശേരി നാരായണന്‍ എന്നിവര്‍ വിഷയമതരിപ്പിച്ചു. തഹസില്‍ദാര്‍ ബി. അഫ്സല്‍ നന്ദി പറഞ്ഞു. മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here