പെരിങ്ങമ്മല : പെരിങ്ങമ്മല ദൈവപ്പുര വേലംകോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറി(32)ന്റെ മരണവുമായി ബന്ധപ്പെട്ടു ഭാര്യയെയും കാമുകനെയും പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ വാമനപുരം ആനച്ചല്‍ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകന്‍ അരുവിക്കര ചെറിയകൊണ്ണി കട്ടറകുഴി ഗോകുല്‍ വിലാസത്തില്‍ ഗോകുല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പറയുന്നത്:ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴു വര്‍ഷം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചാണ് ഷിബിനയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആറുവയസുള്ള ഒരു പെണ്‍കുഞ്ഞും ഉണ്ട്. ഇതിനിടെ ഷിബിനയും ഗോകുലമായി അടുപ്പത്തിലായി. ഇവരുമായുള്ള അവിഹിതബന്ധം ദീപു മനസ്സിലാക്കുകയും പലതവണ പറഞ്ഞു വിലക്കുകയും ഉണ്ടായി. എന്നാല്‍ ഈ ബന്ധം ഷിബിന തുടരുകയും ഇത് ദീപു ഇരുവരെയും കയ്യോടെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അടുത്തിടെ ഭര്‍ത്താവിനെയും ആറ് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഗോകുലിനൊപ്പം ഷിബിന പോയി. ഇതിന്റെ മനോവിഷമത്തില്‍ ദീപു കഴിഞ്ഞ മാസം ഏഴിന് രാവിലെ വീടിന് സമീപത്തെ റബ്ബര്‍ പുരയിടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേ സമയം തന്റെ മരണത്തിന് ഉത്തരവാദി ഭാര്യ ഷിബിനയും കാമുകന്‍ ഗോകുലും ആണെന്നുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുകയായിരുന്നു. പാലോട് സിഐ കെ.ബി. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ അഷറഫ്, എഎസ്‌ഐ ഇര്‍ഷാദ്, സിപിഒമാരായ സാജന്‍, രാജേഷ്, വനിത സി പി ഒ നസീറ എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Home Local News Thiruvananthapuram പെരിങ്ങമ്മല സ്വദേശിയായ യുവാവിന്റെ ദുരൂഹമരണം; ഭാര്യയും കാമുകനും അറസ്റ്റില്‍