കുളച്ചലില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്; വിഴിഞ്ഞത്തിന് ഭീഷണി

0
5

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനു ഭീഷണിയായി തമിഴ്‌നാട്ടിലെ കുളച്ചലിനു സമീപം ഇനിയത്തു പുതിയ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ നിര്‍മാണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രാദേശിക എതിര്‍പ്പുകളില്‍ തട്ടി നിശ്ചലാവസ്ഥയിലായിരുന്ന പദ്ധതിക്കാണു ജീവന്‍ വയ്ക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രത്യേക നിര്‍വാഹക സംവിധാനം (സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍) പ്രഖ്യാപിച്ചു. 2016 മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടികള്‍ക്കു തുടക്കമിട്ടെങ്കിലും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ എതിര്‍പ്പുകളില്‍ തട്ടിയാണു പദ്ധതി മെല്ലെപ്പോക്കിലായത്.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി മുന്നില്‍ക്കണ്ടു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കു പുതുജീവന്‍ നല്‍കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തു നിന്നു 50 കിലോമീറ്റര്‍ അകലെ ഇനിയത്തു കൂടി ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ സജ്ജമായാല്‍ കടുത്ത മല്‍സരമാകും വിഴിഞ്ഞം നേരിടേണ്ടിവരുക. നാഗര്‍കോവിലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സുഖ്.എല്‍.മന്‍ഡാവിയ വിഡിയോ കോണ്‍െഫറന്‍സിങ്ങിലൂടെയാണു സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ആശംസ നേര്‍ന്നതും വിഡിയോ സന്ദേശത്തിലൂടെ. കന്യാകുമാരി എംപി കൂടിയായ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണു പദ്ധതി നടപ്പാക്കാന്‍ അധ്വാനിക്കുന്നത്.
ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ ആരെതിര്‍ത്താലും, എന്തു വില കൊടുത്തും ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കും.’ 21,757 കോടി രൂപ മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന പദ്ധതി 3 ഘട്ടമായാണു നടപ്പാക്കുക. ആദ്യ ഘട്ടത്തിനു ചെലവ് 8,440 കോടി രൂപ. 2023 ല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. തുടക്കത്തില്‍, 6.25 ലക്ഷം ടിഇയു (ട്വന്റി ഫൂട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയാണു ലക്ഷ്യം. പിന്നീട് 10 ലക്ഷം ടിഇയു ആയി ഉയര്‍ത്തും. മത്സ്യബന്ധന തുറമുഖവും മത്സ്യ സംസ്‌കരണ യൂണിറ്റും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here