ആരാ നിങ്ങളുടെ നേതാവ്

0
1

രണ്ട് ആദര്‍ശങ്ങളുടെ ഏറ്റുമുട്ടലാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാത്മാ ഗാന്ധി ലോകത്തിന്റെ മുന്നില്‍ വെച്ച സഹിഷ്ണുതയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം ഒരു വശത്തും അദ്ദേഹത്തെ നിഗ്രഹിച്ച വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയം മറുവശത്തും അണിനിരക്കുന്നു എന്ന് രാഹുല്‍ വിശദീകരിച്ചു. രാഷ്ട്രപിതാവിന്റെ ജന്മ നാട്ടില്‍ എ.ഐ.സി.സിയുടെ സമ്മേളന വേദിയില്‍ വെച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ത്ഥവത്തായ ഈ വാക്കുകള്‍ രാജ്യത്തോട് വിളിച്ചു പറഞ്ഞത്. ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ അധ്യക്ഷന്റെയും പ്രധാനമന്ത്രിയുടെയും നാടായ ഗുജറാത്തില്‍ ഇത്തവണ പതിവിന് വിപരീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സംഘടിപ്പിച്ചതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. യു.പിക്ക് വെളിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത ആദ്യത്തെ കോണ്‍ഗ്രസ് പരിപാടിയും അഹമ്മദാബാദില്‍ നടന്ന ഈ സമ്മേളനമായിരുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും വാക്കുകള്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ടുള്ള വിമര്‍ശനമാണ്. കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായി തോന്നിയ നിലപാട് ഇതാണ്: ” ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളാന്‍ കോണ്‍ഗ്രസ് എന്ത് ത്യാഗവും ചെയ്യാനൊരുക്കമാണ്”
ഏഴ് ഘട്ടങ്ങളിലായി രാജ്യം ദേശീയ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ്. ഓരോ സംസ്ഥാനത്തെയും വോട്ടെടുപ്പ് തീയതി നിശ്ചയിച്ചു കഴിഞ്ഞു. എല്ലാ പാര്‍ട്ടികളും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കെ എന്തായിരിക്കും പൊതുവില്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതിയെന്ന് ഇനിയും വ്യക്തമായിട്ടില്ല. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നിറക്കണമെന്ന് രാജ്യത്തെ ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആഗ്രഹിക്കുന്നു. എന്നാല്‍ അത് എങ്ങനെ സാധ്യമാകും എന്നതിനെക്കുറിച്ച് ഒരു പ്രതിപക്ഷ നേതാവിനും കൃത്യമായ വിവരമില്ല. ജനങ്ങളുടെ ഉള്ളിലിരുപ്പ് സ്പര്‍ശിച്ചറിയാവുന്ന ഒരു ജനകീയ നേതാവ് പ്രതിപക്ഷ നിരയിലെ ഒരു പാര്‍ട്ടിയിലും ഇന്ന് ഇല്ലെന്നതാണ് വലിയ കഷ്ടം. അനേകം നേതാക്കള്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഉണ്ട്. മല്ലന്മാരും മല്ലത്തികളുമുണ്ട്. പക്ഷേ നരേന്ദ്രമോദിയെ പിടിച്ചിറക്കാന്‍ അവര്‍ക്കാര്‍ക്കും ശരിയായ തന്ത്രമോ രാഷ്ട്രീയ വൈഭവമോ കാണുന്നില്ല. കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ദേശീയ സ്വാതന്ത്ര്യ സമരം നയിച്ച പാര്‍ട്ടി. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ്. പക്ഷേ സ്വാതന്ത്ര്യാനന്തരം ജനങ്ങളില്‍ നിന്ന് വളരെ വേഗം അകന്ന് പോയ പ്രസ്ഥാനം. കോണ്‍ഗ്രസില്‍ നിന്ന് ചിതറിത്തെറിച്ചതോ പൊട്ടിമുളച്ചതോ ആണ് ഇന്ത്യയിലെ ദേശീയവും പ്രാദേശികവുമായ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍. ഭരണ കൂടത്തെ നയിക്കുന്ന ബി.ജെ.പിയും ഇടതു പാര്‍ട്ടികളും ഒഴികെയുള്ളവയെല്ലാം കോണ്‍ഗ്രസ് സംസ്‌കാരം; അങ്ങനെഒന്നുണ്ടെങ്കില്‍, അതില്‍ നിന്ന് മുളച്ചുവന്നതാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും കോണ്‍ഗ്രസിന്റെ ആശയഗതികളുമായി യോജിച്ചുപോകാവുന്ന കക്ഷികളുണ്ട്. ആര്‍.എസ്.എസ്, ബി.ജെ.പി എന്നീ സംഘടനകളുടെ ആശയഗതികളോട് വിയോജിപ്പുള്ളവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും. എന്നിട്ടും അവയെ എല്ലാം ഏകോപിപ്പിച്ച് ഒരു ആശയ സംഹിതയുടെ കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്തുകൊണ്ടോ കഴിയില്ല. മോദി അല്ലെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണം എന്നു തീരുമാനിക്കാന്‍ പ്രതിപക്ഷ നിരയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളത് തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ എം.കെ. സ്റ്റാലിന്‍ മാത്രമേയുള്ളൂ. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് സ്റ്റാലിന്‍ കഴിഞ്ഞ മാസം ഡല്‍ഹിയിലും പിന്നീട് ചെന്നൈയിലും ആവര്‍ത്തിച്ചു പറഞ്ഞു. അത്രയും വ്യക്തതയോടെ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്താന്‍ കോണ്‍ഗ്രസില്‍ പോലും ഇന്ന് ഒരു നേതാവില്ലെന്നതാണ് ആ പാര്‍ട്ടിയുടെ ഏറ്റവും ദയനീയമായ അവസ്ഥ. രാഹുല്‍ ഗാന്ധി പോലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് താനുണ്ടെന്ന് പരസ്യമായി പറയാന്‍ ഇപ്പോള്‍ ഒരുക്കമല്ല. അതാണല്ലോ ബി.ജെ.പിയെ പുറന്തള്ളാന്‍ എന്തു ത്യാഗവുമാകാം എന്ന് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍. അത് കേവലം തന്ത്രപരമായ ഒരു പിന്‍വാങ്ങലോ ത്യാഗമോ അല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും കോണ്‍ഗ്രസിനോട് അടുക്കാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയെ അവര്‍ക്ക് ഇനിയും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പ്രതിപക്ഷ നിരയില്‍ ഇപ്പോള്‍ അരഡസന്‍ പ്രധാനമന്ത്രി പദ മോഹികളുണ്ട്. മേയ് മാസം 23 – ാം തീയതി ഉച്ചയ്ക്ക് വരുന്ന വാര്‍ത്ത അറിയാന്‍ കാത്തിരിക്കുകയാണ് അവര്‍. ജനഹിതം മാനിച്ചേ പറ്റു. ജനങ്ങളുടെ ഉള്ളിലിരുപ്പ് സ്പര്‍ശിച്ചറിയാന്‍ കഴിയാത്ത വിധം നമ്മുടെ ജനകീയ നേതാക്കളെല്ലാം അവരില്‍ നിന്ന് അകന്ന് പോയിരിക്കുന്നു. ഒരു രാജ്യത്തെ ജനസഞ്ചയത്തിന്റെ മനസ്സ് തിരിച്ചറിയുന്ന പ്രതിഭാ ശാലിയെയാണ് ജനകീയ നേതാവെന്ന് വിളിക്കേണ്ടത്. നമ്മുടെ കഥയില്ലായ്മ കൊണ്ട് മാധ്യമങ്ങളില്‍ മിന്നിത്തളങ്ങുന്ന കഥാപാത്രങ്ങളെയൊക്കെ വെറുതെ ജനകീയ നേതാവെന്ന് വിളിക്കുകയാണ്.
ലീഡര്‍ അഥവാ നേതാവ് ആരാണെന്നും സ്റ്റേറ്റ്‌സ്മാന്‍ അഥവാ നയതന്ത്രശാലിയായ നേതാവ് ആരാണെന്നും രാഷ്ട്രമീമാംസ പഠിക്കുന്നവരുടെ മാത്രം ചിന്താവിഷയമല്ല. ഒരു പ്രബുദ്ധ സമൂഹം അവരുടെ നേതാക്കള്‍ക്കിടയില്‍ വെറും ലീഡറെയല്ല അന്വേഷിക്കുന്നത്. സമൂഹത്തിന്റെ അന്തരംഗം ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള തന്ത്രശാലിയായ നേതാവിനെയാണ്. അതായത് സ്റ്റേറ്റ്‌സ്മാനെ ആണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ നേതാക്കന്മാരുടെ ക്ഷീരപഥത്തിലേക്ക് കണ്ണോടിച്ച് രാജ്യം നെടുവീര്‍പ്പിടേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here