അപ്രതീക്ഷിത ട്വിസ്‌റ്റോടെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തീരുന്നു; വടകരയിലേക്ക് കെ. മുരളീധരന്‍; പ്രഖ്യാപനം ഉടന്‍

0
3

ന്യൂഡല്‍ഹി : വടകര ലോക്സഭ മണ്ഡലത്തില്‍ കെ മുരളീധരന്‍ എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി രാവിലെ മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മല്‍സരത്തിന് സന്നദ്ധനാണെന്ന് മുരളീധരന്‍ അറിയിച്ചതായി ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ അറിയിച്ചു. മുരളീധരന്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചതായും, മുരളി മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലും മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമായതായാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ പ്രവീണ്‍കുമാറിനെയായിരുന്നു നേരത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആയതിനാല്‍ കരുത്തനായ നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കണമെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതൃത്വം.

ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസിക്ക് നിരവധി സന്ദേശങ്ങളും പരാതികളും ലഭിച്ചു. ഇതോടെയാണ് സംസ്ഥാന നേതാക്കളായ ആരെയെങ്കിലും മല്‍സരിപ്പിക്കുക എന്നതിലേക്ക് ചര്‍ച്ച വഴിമാറിയത്. മുല്ലപ്പള്ളി രാമചന്ദ്രനോട് വീണ്ടും മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെങ്കിലും മല്‍സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നു. തുടര്‍ന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ബിന്ദുകൃഷ്ണ എന്നിവരെയും സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടു.

ഇരുവരും മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് വീണ്ടും മുരളീധരനിലേക്ക് ചര്‍ച്ച മാറിയത്. നേരത്തെ വയനാട്ടിലും മുരളീധരന്റെ പേര് ഉയര്‍ന്നിരുന്നു. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് മുരളീധരന്‍. മുമ്പ് മൂന്നുതവണ കോഴിക്കോട് എംപിയായിരുന്നിട്ടുണ്ട് കെ മുരളീധരന്‍. പ്രായവും പക്വതയും മണ്ഡലത്തിലെ പരിചയവും കെ കരുണാകരന്റെ മകനെന്നതും മലബാറില്‍ നിന്നും പല തവണ എംപിയായി ജയിച്ചു എന്നതുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ മുരളീധരന് അനുകൂല ഘടകമായി മാറി.

ഇന്നലെ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നും വരുന്നത് വരെ മുരളീധരന്റെ പേര് ചര്‍ച്ചയില്‍ ഇല്ലായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി മുരളീധരന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു. ഉമ്മന്‍ചാണ്ടിയായിരുന്നു ഇക്കാര്യത്തിന് തുടക്കമിട്ടത്. പിന്നീട് രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയും മുല്ലപ്പള്ളിയും രമേശും ഉമ്മന്‍ചാണ്ടിയും ഫോണില്‍ ചര്‍ച്ച നടത്തുകയൂം ചെയ്തു. ഇതിന് പിന്നാലെയാണ് മുരളീധരനുമായി മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ച നടത്തുകയും ചെയ്തത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബ്ബന്ധം കൂടിയായതോടെ മുരളീധരന്‍ സമ്മതം അറിയിക്കുകയായിരുന്നു.

വടകരയില്‍ കൂടി തീരുമാനമായതോടെ അവശേഷിക്കുന്ന നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. വയനാട്ടില്‍ ടി സിദ്ദിഖ്, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിവരാകും മല്‍സരത്തിറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here