രമ്യയ്‌ക്കെതിരെ വിവാദപരാമര്‍ശം: വിജയരാഘവനെതിരെ സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

0
17

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ സിപിഎം സെക്രട്ടറിയേറ്റില്‍ എം.വിജയരാഘവന് വിമര്‍ശനം. തിരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിജയരാഘവനെതിരെ പരസ്യമായ വിമര്‍ശനമോ, അഭിപ്രായപ്രകടനമോ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
പ്രസംഗം എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നാണ് യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ നിലപാട്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് ഇന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. ഇടത് മുന്നണി കണ്‍വീനര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസംഗം പരിശോധിക്കാന്‍ ലോ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ എ വിജയരാഘവനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രസംഗം വളച്ചൊടിച്ചതാണെന്നും ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ച എ വിജയരാഘവനാകട്ടെ സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറായിരുന്നുമില്ല.

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്ന സംഭവം. പിന്നാലെ രമ്യയ്ക്കെതിരെ സമാന പരാമര്‍ശം നടത്തിയ എം.വിജയരാഘവന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ രമ്യ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അധിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചുണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here