അക്രമങ്ങള്‍ക്കു പിന്നില്‍ മദ്യം, മയക്കുമരുന്ന്, വീഡിയോ ഗെയിം; നിയന്ത്രിച്ചില്ലെങ്കില്‍… മുന്നറിയിപ്പുമായി ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു

0
17

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെയും ബാലപീഡനങ്ങളുടെയും കാരണം വ്യക്തമാക്കിയുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു.

യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ മയക്കുമരുന്നുകള്‍ ലഭിക്കുന്നതും ഓര്‍മ്മ വക്കുന്ന നാള്‍ മുതള്‍ കാണുന്ന കൊലപാതകങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഗെയിമുകളുമാണ് കേരളത്തില്‍ തുടരെയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് കാരണമെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തുടരെ അക്രമങ്ങള്‍ക്ക് കാരണം മദ്യം ! മയക്ക് മരുന്ന് !കൂടെ വീഡിയോ ഗെയിമുകളും.

കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന കൊലപാതകള്‍ക്കും, ബാലപീഡനങ്ങളുടേയും കാരണങ്ങള്‍ അന്വേഷിച്ച് ഏറെ അലയണമെന്നില്ല. മയക്ക് മരുന്നുകളുടെ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്ത ലഭ്യതയും, ഓര്‍മ്മ വെക്കുന്ന നാള്‍ മുതല്‍ കൊലപാതകങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഗെയിമുകളും പ്രധാന പങ്ക് വഹിക്കുന്നു.

മദ്യത്തിന്റെ അമിതമായ ഉപയോഗം, സ്‌കൂള്‍ തലം മുതല്‍ ആരംംഭിക്കുന്നുവെന്നത് വിവിധ പഠനങ്ങള്‍ മുന്‍കാലങ്ങളില്‍ തന്നെ സൂചിപ്പിചിരുന്നതാണ്.പുരുഷ- വനിതാ വ്യത്യാസമില്ലാതെ കൗമാരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മദ്യപാനം ശീലമാക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിക്കൊണ്ടേയിരിക്കുന്നു. ഒരിടയ്ക്ക് മദ്യത്തിന്റെ ലഭ്യതയുടെ നിയന്ത്രണം വലിയ ഗുണമൊന്നും ചെയ്തില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

അതിനേക്കാള്‍ ഉപരി കൊലപാതകങ്ങളുടേയും മാനഭംഗ ശ്രമങ്ങളുടേയും പിന്നിലെ പ്രധാന വില്ലനും മദ്യപാനവും മയക്ക് മരുന്നുകളുടെയും ഒരുമിച്ചുള്ള ഉപയോഗം തന്നെയാണ്. ഇവ ഉപയോഗിച്ച് ലഹരിയുടെ ഉന്‍മാദ അവസ്ഥയില്‍ സഹജീവിയെ വെട്ടി നുറുക്കുന്ന കിരാത വിഷമായി മയക്കുമരുന്ന് മാറുന്നു.

മയക്ക് മരുന്നിന്റെ ഉപയോഗത്തില്‍ വന്ന കുതിച്ച് ചാട്ടം നാം തിരിച്ചറിയാതെ പോകുന്നുണ്ട്. കഞ്ചാവും,മറ്റ് ലഹരി മരുന്നുകളും, കേരളത്തില്‍ സുലഭമായി ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഞ്ചാവ് പോലെയുള്ള വസ്തുക്കള്‍ക്ക് ഉള്ള ലഭ്യതയും വിലക്കുറവും വളരെ രഹസ്യമായി ഉപയോഗിക്കാന്‍ കഴിയുന്നതും ചെറിയ പ്രായത്തില്‍ തന്നെ ഇവയുടെ ഉപയോഗം കൂടുന്നതിന് കാരണമായി. ഇത്തരം വര്‍ദ്ധനവിന് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്ന സത്യം നാം തിരിച്ചറിയണം. മയക്ക് മരുന്നു മാഫിയയെ ഉരുക്കു മുഷ്ടി കൊണ്ട് നേരിട്ടില്ലെങ്കില്‍ കേരളം പരിപൂര്‍ണമായും മയക്ക് മരുന്നിന് അടിമയായി തീരുന്ന കാലം വിദൂരമല്ല. കൊച്ചു കുട്ടികള്‍ പോലും പിഡനത്തിന് ഇരയാവുകയും , കൗമാരപ്രായക്കാര്‍ കിരാതമായ കൊലപാതകങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നത് മയക്ക് മരുന്ന് എന്നഅണു ബോംബ് മൂലം തന്നെയാണ്.

കേരളത്തിലും വീഡിയോ ഗെയിമുകള്‍ കൊലപാതക പ്രേരണയിലെ രണ്ടാം പ്രതി തന്നെ.അഞ്ചാം വയസില്‍ കൈയില്‍ ഏല്‍പ്പിച്ച് കൊടുക്കുന്ന മൊബൈലുകളിലും, മറ്റ് ഗാഡ്ജറ്റുകളിലും നിറയെ കൊലപാതകങ്ങളാണ്.വെടിവെച്ച് കൊല്ലുന്ന, വെട്ടിക്കീറുന്ന, ബോംബ് വര്‍ഷിക്കുന്ന നായകന്‍. അത്തരം നായകന്‍മാരോട് ആരാധന തോന്നുന്ന കൗമാരം, ആരാധന മൂത്ത് പബ്ജി ഗെയിമുകള്‍ നിത്യജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കുറ്റം പറയാനുമാകില്ല.

ഇതൊക്കെ നോക്കാന്‍ നമുക്കെവിടെ സമയം .ഒരു പക്ഷേ ഒഴിവാക്കാനോ, പിടിവാശി നിയന്ത്രിക്കാനോ, ഒക്കെയായി മൊബൈല്‍ കൈയ്യില്‍ കൊടുക്കുമ്പോല്‍ ആലോചിക്കൂ,കുട്ടിയുടെ മരണമണിയാണ് അവിടെ മുഴങ്ങുന്നത്. അല്ലെങ്കില്‍ മറ്റൊരു ക്രിമിനലിന്റെ വിത്തുകള്‍ പാകാന്‍ നിങ്ങളും പങ്കാളികളാകുന്നുവെന്ന് ഉറപ്പിച്ചോളൂ.അക്രമവാസനയുള്ള വീഡിയോ ഗെയിമുകളേയും, മയക്കുമരുന്നുകളേയും കരുതി ഇരുന്നേ കഴിയൂ.ഇല്ലെങ്കില്‍ വീണ്ടും കൊലപാതക പരമ്പരകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.

ഒരു മാധ്യമ വാല്‍ക്കഷ്ണം കൂടി.

എല്ലാ ദിവസവും രാത്രി പത്തുമണിക്ക് വിവിധ ചാനലുകളിലെ ക്രിമിനല്‍ സ്റ്റോറികള്‍ ചെയ്യുന്ന സഹായവും ഈ കൊലപാതകം പരമ്പരകളില്‍ തെറ്റില്ലാത്ത പങ്കു വഹിക്കുന്നു.

അപ്പൊ വില്ലന്മാര്‍ ഇവിടെയൊക്കെ തന്നെയുണ്ട് .നമുക്ക് കരുതി ഇരിക്കാം.

ഡോ സുല്‍ഫി നൂഹു

LEAVE A REPLY

Please enter your comment!
Please enter your name here