ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഫോര്‍വാര്‍ഡ് പോസ്റ്റുകളിലാണ് രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തിയത്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം സൈനികരുമായി സംവദിക്കുകയും ചെയ്തു.

മേഖലയിലെ സുരക്ഷാ വിന്യാസത്തെ കുറിച്ചും സ്ഥിതിഗതികളെ കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്‌നാഥ് സിംഗിനോട് വിശദീകരിച്ചു. എല്ലാ സാഹചര്യങ്ങളിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന ധീരജവാന്മാരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണ രേഖയിലെ ആയുധ വിന്യാസം, സൈനിക വിന്യാസം എന്നിവയെ കുറിച്ചെല്ലാം രാജ്‌നാഥ് സിംഗ് വിലയിരുത്തി.ദ്വിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് സിംഗ് കശ്മീരിലെത്തിയത്.

ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന അമര്‍നാഥ് ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിനും കരസേന മേധാവി എം എം നരവാനെയ്ക്കും ഒപ്പമാണ് രാജ്‌നാഥ് ക്ഷേത്ര ദര്‍ശനം നടത്തിയത്. അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി നേരിട്ട് അമര്‍നാഥ് ക്ഷേത്രത്തിലെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here